} -->

സ്വഹാബികൾ ശീഈ വിശ്വാസം

സ്വഹാബികൾ ശീഈ വിശ്വാസം
അബ്ദുല്ലത്വീഫ് കൊടുവള്ളി
നബിﷺയുടെ വിയോഗശേഷം ഏതാനും മുനാഫിഖുകൾ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. ഇവരെക്കുറിച്ച വിവരം അവിടുന്ന് ഹുദൈഫത്തുബ്നുൽ യമാന് കൈമാറിയിരുന്നു. ഇസ്ലാമിക സമൂഹത്തെ അപകടപ്പെടുത്താന്‍ കപടവിശ്വാസികൾക്ക് അവസരം ഇല്ലാതാക്കുകയായിരുന്നു ഉദ്ദേശ്യം. ഇക്കാരണത്താൽ, ഇസ്ലാമിക പണ്ഡിതന്മാർ എല്ലാ സ്വഹാബികളെയും ആദരവോടെയാണ് നോക്കിക്കാണുന്നത്. സ്വഹാബികളെ പുകഴ്ത്തിക്കൊണ്ടുള്ള ഖുർആന്റെ നിലപാടാണ് അതിന് പ്രേരകം. ‘മരത്തിന്റെ ചുവട്ടിൽവെച്ച് സത്യവിശ്വാസികൾ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദർഭത്തിൽ തീർച്ചയായും അല്ലാഹു അവരെ(സ്വഹാബികളെ)പ്പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു.’ (അൽഫത്ഹ്: 18) ‘സൂക്ഷ്മത പാലിക്കാനുള്ള കൽപന സ്വീകരിക്കാന്‍ അവരെ (സ്വഹാബികളെ) നിർബന്ധിക്കുകയും ചെയ്തു’ (അൽഫത്ഹ്: 26) ‘ഇഞ്ചീലിൽ അവരെ(സ്വഹാബികളെ) പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരുവിള അത് അതിന്റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താർജിച്ചു. അങ്ങനെ അത് കർഷകർക്ക് കൗതുകം തോന്നിച്ചുകൊണ്ട് അതിന്റെ കാണ്ഡത്തിന്മേൽ നിവർന്നുനിൽക്കുന്നു’ (അൽഫത്ഹ്: 29)

ചില ശീഇകൾ സ്വഹാബികളെ ദ്വേഷിക്കുകയും അധർമികളായി മുദ്രകുത്തുകയും മാത്രമല്ല അബൂബക്ർ, ഉമർ, ഉസ്മാന്‍, ത്വൽഹ, സുബൈർ, അബൂ ഉബൈദഃ, അബ്ദുർറഹ്മാന്‍ ഇബ്നു ഔഫ്, ആഇശഃ മുതലായവരെ ശപിക്കുക കൂടി ചെയ്യുന്നു. സ്വർഗം കൊണ്ട് സുവാർത്ത അറിയിക്കപ്പെട്ട സ്വഹാബികളെ പോലും ഈ വിധം ഭർത്സിക്കുമ്പോൾ മറ്റു സ്വഹാബികളുടെ കാര്യം പറയാനുണ്ടോ?


‘അൽകാഫി’യുടെ കർത്താവായ അൽകുലൈനീ ശീഇകൾക്ക് വിശ്വാസ്യനായ ജഅ്ഫറുബ്നു മുഹമ്മദിസ്സാദിഖിൽനിന്ന് ഉദ്ധരിക്കുന്നു: ‘നബിﷺയുടെ വിയോഗശേഷം, അൽമിഖ്ദാദുബ്നുൽ അസ്വദ്, അബൂദർറുൽ ഗിഫാരി, സൽമാനുൽ ഫാരിസി എന്നീ മൂന്നു പേരൊഴികെയുള്ളവരെല്ലാം മതപരിത്യാഗികളായിമാറി.[1] ബാഖിറിൽനിന്ന് അൽകുലൈനി ഉദ്ധരിക്കുന്നു: ‘ഞങ്ങളിലെ (ശീഇകളിലെ) ആരും തന്നെ അബൂബക്റിനോടും ഉമറിനോടും ദ്വേഷിച്ചുകൊണ്ടല്ലാതെ മരിച്ചു പോവില്ല. മുതിർന്നവർ ഇളംതലമുറകളോട് ഇത് ഉപദേശിച്ചുകൊണ്ടേയിരിക്കും. അവർ രണ്ടുപേരും ഞങ്ങളുടെ അവകാശം തട്ടിയെടുത്തു. അവരാണ് ആദ്യമായി ഞങ്ങളുടെ പിരടിയിൽ കയറിയത്. ഞങ്ങളുടെ നബികുടുംബത്തിൽ ഇതുവരെയും ഉണ്ടായിട്ടുള്ള എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം അവർ രണ്ടുപേരുമാണ്. അവരുടെ മേൽ അല്ലാഹുവിന്റെയും മലക്കുകളുടെയും എല്ലാ ജനങ്ങളുടെയും ശാപം വർഷിക്കുന്നതായിരിക്കും.[2]


ശീഈ പണ്ഡിതനായ അൽ കശ്ശീ തന്റെ ‘അർരിജാൽ‘ എന്ന കൃതിയിൽ എഴുതുന്നു: അൽകുമൈത്ത്ബ്നു സൈദ്, ഇമാം അൽബാഖിറിനോട് അബൂബക്റിനെയും ഉമറിനെയും സംബന്ധിച്ച് ചോദിച്ചു: അപ്പോൾ അൽബാഖിറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: കുമൈത്തുബ്നു സൈദ്! ഇസ്ലാമിൽ ചിന്തപ്പെട്ട രക്തങ്ങളുടെയും അന്യായമായി സമ്പാദിക്കപ്പെട്ട ധനങ്ങളുടെയും അവിഹിതമായ ലൈംഗിക ബന്ധങ്ങളുടെയുമെല്ലാം ഉത്തരവാദിത്ത്വം അബൂബക്റിനും ഉമറിനും മാത്രമാണ്.[3]


ഇബ്നുബാബവൈഹിൽ ഖുമ്മീ, അത്ത്വൂസീ, അൽമുഫീദ്, ഇബ്നുത്വാവൂദ്, അൽഅർദബീലി, അബുൽഹസന്‍ അൽഖുമ്മീ, ഹദീസ് പണ്ഡിതന്മാരിലെ അവസാനവാക്ക് എന്ന് ശീഇകൾ വിശ്വസിക്കുന്ന മുഹമ്മദ് ബാഖിർ അൽ മജ്ലിസി മുതലായ ശീഈ പണ്ഡിതന്മാരും, ‘സാദുൽമആദ്’ ‘ഹഖ്ഖുൽയയഖീന്‍‘ ‘ബിഹാറുൽ അന്‍വാർ‘ മുതലായ ഗ്രന്ഥങ്ങളും അബൂബക്ർ, ഉമർ, ഖാലിദുബ്നു വലീദ്, അബൂഉബൈദ മുതലായവരെക്കുറിച്ച് വ്യാജോക്തികൾ നിർലജ്ജം വാരിവിതറുകയാണ്.


ഇറാന്‍ വിപ്ലവാനന്തരം ഇസ്ലാമികൈക്യം പ്രഖ്യാപിച്ചിരുന്ന ഖുമൈനി ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ നിലപാടെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അദ്ദേഹം പാരമ്പര്യ ധാരണകളെ കൂടുതൽ കനപ്പിക്കുകയാണുണ്ടായത്. ഖുമൈനി എഴുതുന്നു: ‘അബൂബക്റിനെയും ഉമറിനെയും നാം ഒട്ടുമേ പരിഗണിക്കേണ്ടതില്ല. ഇരുവരും ഖുർആനോടും അല്ലാഹുവിന്റെ വിധികളോടും വിയോജിച്ചു. അവർ സ്വന്തം നിലയിൽ ഹലാൽ-ഹറാമുകൾ പ്രഖ്യാപിച്ചു. നബിപുത്രി ഫാത്വിമക്കെതിരിലും അവരുടെ മക്കൾക്കെതിരിലും പ്രവർത്തിച്ചു. ഇതത്രയും നമുക്ക് അവഗണിക്കാം. അവർക്ക് അല്ലാഹുവിന്റെയും ദീനിന്റെയും വിധികൾ അറിയാമായിരുന്നില്ല എന്നതാണ് ഞാന്‍ ഉന്നയിക്കുന്ന കാര്യം. ഇത്തരം അറുവിഡ്ഢികളും അക്രമികളും നേതൃപദവിയിൽ വരാന്‍ യോഗ്യരല്ല.’[4] ഉമറിനെക്കുറിച്ച ഖുമൈനിയുടെ അഭിപ്രായം കാണുക: ‘ഉമറിന്റെ പ്രവർത്തനങ്ങളെല്ലാം സത്യനിഷേധത്തിൽനിന്നും നിരീശ്വര വിശ്വാസത്തിൽനിന്നും ഖുർആന്‍ വിരോധത്തിൽനിന്നും ഉടലെടുത്തതാണ്.’[5]


നേതൃത്വം സംബന്ധിച്ച് ഖുർആനിൽ പരാമർശം ഇല്ലാതിരുന്നതിന്റെയും അബൂബക്റും ഉമറും ഖിലാഫത്ത് തട്ടിയെടുത്തതിനെയും പറ്റി ഖുമൈനി സംക്ഷേപിച്ചെഴുതുന്നു: ‘...........ഇതേവരെ വിവരിച്ചതിൽനിന്ന്, അബൂബക്റും ഉമറും ഖുർആനോട് വിയോജിച്ചത് മുസ്ലിംകൾ വലിയ പ്രശ്നമായി കണ്ടില്ല എന്ന് വ്യക്തമായി. മുസ്ലിംകൾ ഒന്നുകിൽ അവരെ പിന്തുണച്ചവരോ അവരുടെ എതിരാളികളോ ആയിരുന്നു. പക്ഷേ, നബിക്കും അവിടുത്തെ മകൾക്കുമെതിരെ നിലപാട് സ്വീകരിച്ച ഇരുവർക്കുമെതിരെ അവരാരും ഒന്നിനും ധൈര്യപ്പെട്ടില്ല. അവർ ഇരുവരും എന്തെങ്കിലും പറഞ്ഞാൽതന്നെയും അത് സ്വീകരിക്കേണ്ടതുണ്ടായിരുന്നില്ല. ചുരുക്കത്തിൽ, ഇത്തരം കാര്യങ്ങൾ ഖുർആനിൽ വ്യക്തമായി പരാമർശിച്ചാൽ പോലും അവർ രണ്ടുപേരും അവരുടെ രീതികൾ മാറ്റുകയോ സ്ഥാനത്യാഗം നടത്തുകയോ ചെയ്യുമായിരുന്നില്ല.’[6]


ശീഇസത്തെ ഒരു വിപ്ലവപ്രസ്ഥാനം എന്ന നിലയിൽ പരിചയപ്പെടുത്തി തനിക്കെഴുതിയ ‘അൽഹുകൂമത്തുൽ ഇസ്ലാമിയ്യഃ’ എന്ന കൃതിയിൽ, ചരിത്രത്തുടർച്ച’ എന്ന നിലയിൽ പരാമർശിക്കേണ്ടിവരുന്നേടത്തെല്ലാം അബൂബക്റിന്റെയും ഉമറിന്റെയും ഉസ്മാന്റെയും പേരുകൾ പറയാതെ, നബി കഴിഞ്ഞാൽ പിന്നെ അലി എന്ന രീതിയിൽ പറഞ്ഞുപോവുകയാണ് ചെയ്യുന്നത്. പ്രസ്തുത കൃതിയിൽ, നബിﷺ അലിയെ തന്റെ വസ്വിയ്യായും ഖലീഫയായും നിശ്ചയിച്ചതായിരുന്നുവെന്നും സ്വഹാബികൾ വാക്കുപാലിക്കാതെ അബൂബക്റിനെ ഖലീഫയാക്കുകയായിരുന്നുവെന്നും ഖുമൈനി തീർത്തുപറയുന്നു: ‘ഞങ്ങൾ വിലായത്തിൽ വിശ്വസിക്കുന്നു. നബിﷺ തന്റെ ശേഷമുള്ള ഖലീഫയെ നിശ്ചയിക്കുമെന്ന് ഞങ്ങൾ ഉറച്ചുവിശ്വസിക്കുന്നു. അവിടുന്ന് ഖലീഫയെ നിശ്ചയിച്ചിരിക്കുന്നു..... തന്റെ ശേഷമുള്ള ഖലീഫലയെ നിശ്ചയിച്ചത് തന്റെതന്നെ ദൗത്യത്തിന്റെ പൂർത്തീകരണം എന്ന നിലയിലായിരുന്നു. അത് ചെയ്തില്ലായിരുന്നുവെങ്കിൽ തിരുമേനി തന്റെ ദൗത്യം പൂർത്തിയാക്കി എന്നു പറയാന്‍ കഴിയുകയില്ല.[7]


മുഹമ്മദ് ബാഖിറുൽ മജ്ലിസി എഴുതുന്നു: ‘അബൂബക്ർ, ഉമർ, ഉസ്മാന്‍, മുആവിയ എന്നീ നാലു വിഗ്രഹങ്ങളെയും ആഇശ, ഹഫ്സ്വ, ഹിന്ദ്, ഉമ്മുൽഹകം എന്നീ സ്ത്രീകളെയും അവരുടെ അനുയായികളെയും ഞങ്ങൾ തള്ളിപ്പറയുന്നു. അവർ ഭൂമുഖത്തെ അല്ലാഹുവിന്റെ ഏറ്റവും മോശമായ സൃഷ്ടികളാണ്. അല്ലാഹുവിലും അവന്റെ ദൂതനിലും ഇമാമുകളിലുമുള്ള വിശ്വാസം ശരിയാവാന്‍ അവരുടെ ശത്രുക്കളെ - മുകളിൽ പറഞ്ഞ സ്വഹാബികളെ- തള്ളിപ്പറയണം.[8]


‘അക്രമി തന്റെ കൈകൾ കടിക്കുന്ന ദിവസം’ എന്ന സൂക്തം വിശദീകരിച്ചുകൊണ്ട് തഫ്സീറുൽ ഖുമ്മി 2/113ൽ ഇങ്ങനെ എഴുതുന്നു: ‘നബിﷺയുടെ കൂടെ ഞാന്‍ അലിയെ വലിയ്യായി സ്വീകരിച്ചിരുന്നുവെങ്കിൽ എന്ന് അബൂബക്ർ ഖേദിക്കും. ഉമറിനെ ആത്മമിത്രമായി സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നുവെന്ന് അബൂബക്ർ വിലപിക്കും. ഏത് നബിയുടെയും സമുദായത്തിൽ അദ്ദേഹത്തെ പീഡിപ്പിക്കുകയും അദ്ദേഹത്തിന്റെ കാലശേഷം ജനങ്ങളെ വഴിതെറ്റിക്കുകയും ചെയ്യുന്ന രണ്ടു പിശാചുക്കളുണ്ടാവും. മുഹമ്മദ് നബിയെ ശല്യം ചെയ്യുന്ന രണ്ടു പിശാചുക്കളാണ് ജബ്തർ, സുറൈഖ് എന്നിവർ. അഥവാ, അബൂബക്ർ, ഉമർ.[9] കുശീ ഉദ്ധരിക്കുന്നു; ‘ഞങ്ങൾ ഹാശിം കുടുംബക്കാർ, ഞങ്ങളുടെ മുതിർന്നവരോടും ഇളയവരോടും അബൂബക്റിനെയും ഉമറിനെയും ചീത്തപറയാന്‍ കൽപിക്കാറുണ്ട്.[10]


ഹാശിം ബഹ്റാനിയുടെ ഖുർആന്‍ വ്യാഖ്യാന കൃതിയിൽ ഇങ്ങനെ കാണാം: ‘തേനീച്ചകൾക്ക് ഇൽഹാം ലഭിക്കുന്നതുപോലെ, എല്ലായ്പ്പോഴും അബൂബക്റിനെയും ഉമറിനെയും ശപിക്കാന്‍ കോടാനുകോടി ജനങ്ങളുണ്ട്. അവർ ശപിച്ചില്ലെങ്കിൽ അവരെ മലക്കുകൾ ശിക്ഷാവിധേയരാക്കും.’[11]


കുവൈത്തിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ‘അൽ മിമ്പർ‘ എന്ന ശീഈ മാസികയുടെ 2004 ഒക്ടോബർ ലക്ക(64)ത്തിൽ ‘തോന്നിവാസികളുടെ മാതാവ്’ എന്ന കവർസ്റ്റോറിയിൽ, ആഇശ(റ) കൂട്ടിക്കൊടുപ്പുകാരിയായിരുന്നുവെന്നും യുവാക്കളെ ആകർഷിക്കാനായി പെണ്‍കുട്ടികളെ അണിയിച്ചൊരുക്കിയിരുന്നുവെന്നും ആരോപിച്ചിരിക്കുന്നു. ‘നിന്റെ ഹൃദയത്തിന് ഒരു സമയം, നിന്റെ നാഫത്ത് ഒരുസമയം’ എന്ന രീതിയിൽ സമയത്തെ വിഭജിക്കുന്ന പുത്തന്‍രീതി ആവിഷ്കരിച്ചത് അവരാണെന്ന് മാസിക ആരോപിക്കുന്നു. ലേഖനമെഴുതിയ ശീഇ, സഈദ് സമാവി, ആഇശയെ വിശ്വാസികളുടെ മാതാവായി പരിഗണിക്കുന്ന പക്ഷം താന്‍ അത് തള്ളിപ്പറയുമെന്നും അവർ ചുവന്നരാവുകൾ ആഘോഷിച്ചവരാണെന്നും കാടുകയറിപ്പറയുന്നു. ഇതേ മാസിക പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനത്തിൽ, അബൂബക്ർ(റ) ഗുഹയിൽ നബിയോടൊപ്പമുണ്ടായിരുന്നില്ല, ഉമറുബ്നു അബ്ദിൽ അസീസ് ആകാശലോകത്ത് അഭിശപ്തനാണ്, ഖാലിദുബ്നുൽ വലീദ് ഒരു മുസ്ലിമിനെ വധിച്ച് അദ്ദേഹത്തിന്റെ ഭാര്യയെ വ്യഭിചരിച്ചു[12] എന്ന് ആരോപിക്കുന്നു.


നബിﷺയുടെ പിതൃവ്യന്‍ അബ്ബാസിനെയും ശീഇകൾ വെറുതെവിടുന്നില്ല. ‘ഈ ദുന്‍യാവിൽ അന്ധനായിരുന്നവന്‍ പരലോകത്തിലും അന്ധനായിരിക്കും.’ ‘ഞാന്‍ ഗുണകാംക്ഷ പുലർത്താന്‍ ഉദ്ദേശിച്ചാൽ എന്റെ ഗുണകാംക്ഷ നിങ്ങൾക്ക് ഉപകാരപ്പെടുന്നില്ല’ എന്നീ സൂക്തങ്ങൾ ആരുടെ വിഷയത്തിൽ അവതരിച്ചതാണെന്ന ചോദ്യത്തിന് ഇബ്നു അബ്ബാസ്, അവ തന്റെ പിതാവ് അബ്ബാസിന്റെ വിഷയത്തിൽ അവതരിച്ചതാണെന്ന് പറയുകയുണ്ടായത്രെ.[13] ഒട്ടകം സൂചിക്കുഴയിലൂടെ കടന്നാലും സ്വർഗത്തിൽ പ്രവേശിക്കാത്തവരെന്ന് ഖുർആന്‍ പറഞ്ഞത്, ത്വൽഹയെയും സുബൈറിനെയും ഉദ്ദേശിച്ചാണെന്നതാണ് മറ്റൊരാരോപണം.


മുഹമ്മദ് മഹ്ദീ ഖാലിസി എഴുതുന്നു: ‘മരത്തിനു താഴെവെച്ച് താങ്കളോട് അനുസരണ പ്രതിജ്ഞചെയ്ത സത്യവിശ്വാസികളോട് അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു’ എന്ന സൂക്തത്തിൽ അബൂബക്റിനെയും ഉമറിനെയും അല്ലാഹു തൃപ്തിപ്പെട്ടു എന്ന സൂചനയില്ല. അവർ രണ്ടുപേരും സത്യവിശ്വാസികളായിരുന്നുവെങ്കിൽ അവർ രണ്ടുപേരും അതിലുൾപ്പെടുമെന്ന് ഊഹിക്കാമായിരുന്നു. ‘തൃപ്തിപ്പെട്ടു’ എന്ന പദം അവരെക്കുറിച്ച് ഉപയോഗിക്കുകയില്ല’
ഖുറൈശികളിലെ രണ്ടു വിഗ്രഹങ്ങൾ


ശിയാക്കൾക്കിടയിൽ നല്ല പ്രചാരമുള്ള പ്രാർഥനയാണ് ‘ദുആഉ സ്വനമൈഖുറൈശ്’ അതിന്റെ തുടക്കം ഇങ്ങനെ: ‘അല്ലാഹുവേ, മുഹമ്മദിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നീ അനുഗ്രഹിക്കേണമേ! ഖുറൈശികളിലെ രണ്ടു വിഗ്രഹങ്ങളെയും ജിബ്ത്തുകളെയും ത്വാഗൂത്തുകളെയും വ്യാജന്മാരെയും നീ ശപിക്കേണമേ!’ (രണ്ടുപേർ എന്നതിന്റെ വിവക്ഷ അബൂബക്റും ഉമറുമാണ്). രണ്ടു പേജോളം നീണ്ടുനിൽക്കുന്ന ഈ പ്രാർഥന അബുൽഖാസിം ഖൗഈ, മുഹ്സിനുൽ ഹകീം, ആയത്തുല്ല ശരീഅത്ത് മദാരി, ആയത്തുല്ലാ ഖുമൈനി മുതലായ ശീഈ നേതാക്കളെച്ചൊല്ലി കണ്ണീർവാർത്താണ് അവസാനിക്കുന്നത്. ഈ പ്രാർഥനയുടെ ഭാഗങ്ങൾ കാശാനിയുടെ ഖുർറത്തുൽ ഉയൂന്‍ പേ: 426, ഇൽമുൽ യഖീന്‍ 2/701, മജ്ലിസിയുടെ മിർആത്തുൽ ഉഖൂൽ 4/356, തസ്ത്തുരിയുടെ ഇഹ്ഖാഖുൽ ഹഖ്ഖ് പേ: 133 മുതൽ ധാരാളം ശീഈ കൃതികളിൽ കാണാം. പ്രാർഥനയിലെ ചില ഭാഗങ്ങൾ കാണുക: ‘നിന്റെ കൽപന ധിക്കരിക്കുകയും നിന്റെ വഹ്യിനെ നിഷേധിക്കുകയും നിന്റെ അനുഗ്രഹത്തെ തള്ളിക്കളയുകയും നിന്റെ ദൂതനെ നിരാകരിക്കുകയും നിന്റെ ഗ്രന്ഥം ഭേദഗതി ചെയ്യുകയും നിന്റെ ദീനിനെ മാറ്റിമറിക്കുകയും ചെയ്ത(അബൂബക്റിന്റെയും ഉമറിന്റെയും) രണ്ടു പെണ്‍മക്കളെ- ആഇശ, ഹഫ്സയും നീ ശപിക്കേണമേ! അല്ലാഹുവെ, നീ രണ്ടുപേരെയും എന്നന്നേക്കുമായി ശപിക്കേണമേ! എന്നന്നേക്കും എന്നത് ഒരിക്കലും അവസാനിച്ചുപോകാതിരിക്കട്ടെ. അവർക്കും അവരുടെ സഹായികൾക്കും അവരെ സ്നേഹിക്കുന്നവർക്കും അവരുമായി ബന്ധുത്വം പുലർത്തുന്നവർക്കും അവരോട് അനുഭാവം പുലർത്തുന്നവർക്കും അവരെ ന്യായീകരിക്കാന്‍ മുന്നോട്ടു വരുന്നവർക്കും അവരുടെ വാക്കുകൾ പിന്തുടരുന്നവർക്കും അവരുടെ വിധികൾ സത്യപ്പെടുത്തുന്നവർക്കും നിന്റെ ശാപം നിത്യമായിരിക്കട്ടെ. തുടർന്ന് നാലു തവണ ഇങ്ങനെ പ്രാർഥിക്കുക: ‘അല്ലാഹുവേ, നരകവാസികൾ രക്ഷതേടും വിധമുള്ള കഠോരശിക്ഷ അവർക്ക് നീ നൽകേണമേ! സർവലോക രക്ഷിതാവേ, നീ ഈ പ്രാർഥന സ്വീകരിക്കേണമേ!’


ഈ പ്രാർഥനയുടെ പുണ്യം സംബന്ധിച്ച് ഇബ്നു അബ്ബാസ് പറഞ്ഞതായി ഒരു വ്യാജ റിപ്പോർട്ടും ശിയാക്കൾ ഉദ്ധരിക്കാറുണ്ട്. അതിങ്ങനെ: അലി(റ) തന്റെ നമസ്കാരങ്ങളിൽ ഈ പ്രാർഥന ചൊല്ലിയിരുന്നു. ഇത് പ്രാർഥിക്കുന്നയാൾ ബദ്റിലും ഉഹുദിലും ഹുനൈനിലും നബിﷺയോടൊപ്പം ആയിരക്കണക്കിന് അമ്പുകൾ എയ്തവരെപോലെ പുണ്യവാന്മാരാണ്.’15 ഈ പ്രാർഥനക്ക് പത്തോളം വ്യാഖ്യാനങ്ങൾ ഉണ്ടെന്നതിൽനിന്ന്തന്നെ ഇതിന്റെ ശീഈ പ്രാധാന്യം വ്യക്തമാണല്ലോ.’[14]


നബിമാർ കഴിഞ്ഞാൽ മനുഷ്യരിൽ ഏറ്റവും ശ്രേഷ്ഠരെന്ന് ഇസ്ലാമിക സമൂഹം പാരമ്പര്യമായി വിശ്വസിച്ചുപോരുന്ന സ്വഹാബികളെ ശീഇകൾ എങ്ങനെ വിലയിരുത്തുന്നു എന്നതിന് ഇതിൽപരം തെളിവുകൾ ആവശ്യമുണ്ടോ? അബൂബക്റിന്റെ മകന്‍ മുഹമ്മദ്, അലി(റ)യുടെ കൈ പിടിച്ച് അനുസരണ പ്രതിജ്ഞ ചെയ്യവെ അലി(റ) പറഞ്ഞതായി കുശീ എഴുതുന്നു: ‘നിങ്ങൾ അനുസരണ പ്രതിജ്ഞ ചെയ്തില്ലേ?’ മുഹമ്മദ്: ‘അതേ, താങ്കൾ അനുസരിക്കപ്പെടേണ്ട നേതാവുതന്നെയാണെന്നും എന്റെ പിതാവ്(അബൂബക്ർ (റ) നരകത്തിലാണെന്നും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.[15] അബൂബക്റിനെയും ഉമറിനെയും ഉസ്മാനെയും മുആവിയയെയും തള്ളിപ്പറയൽ ഇമാമിയ്യഃ (ശീഈ) ദീനിന്റെ അനിവാര്യതകളിൽ പെട്ടതാണ്.[16]
അബൂബക്ർ ശീഈ വീക്ഷണത്തിൽ
അബൂബക്റിനെയും ഉമറിനെയും അന്ത്യനാളിനു മുമ്പ് ഖബ്റിൽനിന്ന് പുറത്തെടുത്ത് കുരിശിലേറ്റുമെന്ന് ധാരാളം ശീഈ കൃതികൾ വാചാലമാവുന്നു. ‘അബൂബക്റിന്റെ ഈമാന്‍ സംശയാസ്പദമാണെന്നാണ് അവരുടെ പക്ഷം. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ സിംഹഭാഗവും വിഗ്രഹാരാധനയിലാണ് കഴിഞ്ഞുപോയത്. അദ്ദേഹം വിഗ്രഹാരാധകനാണ്.’[17]‘അദ്ദേഹത്തിന്റെ ഈമാന്‍ യഹൂദികളുടെയും ക്രിസ്ത്യാനികളുടെയും ഈമാന്‍ പോലെയാണ്. താന്‍ നബിയോ മലക്കോ ആണെന്ന് മനസ്സിലാക്കിയതിനാൽ അബൂബക്ർ നബിﷺയിൽ വിശ്വസിച്ചിരുന്നില്ല.’[18] ‘അദ്ദേഹം നബിﷺയുടെ പിന്നിൽ നമസ്കരിച്ചിരുന്നപ്പോഴെല്ലാം അദ്ദേഹത്തിന്റെ കഴുത്തിൽ കെട്ടിത്തൂക്കിയ വിഗ്രഹത്തിനാണ് സുജൂദ് ചെയ്തിരുന്നത്.’[19] അദ്ദേഹം റമദാനിൽ ബോധപൂർവം നോമ്പ് മുറിക്കുകയും മദ്യപിക്കുകയും നബിﷺയെ ആക്ഷേപിക്കുകയും ചെയ്തിരുന്നു.[20] അബൂബക്റിന് അല്ലാഹുവെക്കുറിച്ച് ഒന്നും അറിയാമായിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഈമാന്‍ സംശയാസ്പദമാണ്.[21] അബൂബക്റിന്റെ മനസ്സ് സത്യനിഷേധ ഭരിതമാണെന്ന് തങ്ങൾക്ക് ബോധ്യമായതായി ശീഇകൾ അവകാശപ്പെടുന്നു.[22] ‘അബൂബക്ർ എന്നെ ഒട്ടും മുഷിപ്പിച്ചിട്ടില്ല’ എന്ന നബിﷺയുടെ പ്രസ്താവനയെ ശീഇകൾ വ്യാഖ്യാനിക്കുന്നത്, ‘അബൂബക്റിന്റെ സത്യനിഷേധം എന്നെ ഒട്ടും മുഷിപ്പിച്ചിട്ടില്ല’ എന്നത്രെ.[23]
ഉമറിനെതിരെ


ഉമർ(റ) അകമേ സത്യനിഷേധം സൂക്ഷിച്ച്, പുറമെ ഇസ്ലാം നടിച്ചു ജീവിച്ച ആളായിരുന്നു.[24] അദ്ദേഹത്തിന്റെ സത്യനിഷേധം ഇബ്ലീസിന്റേതിനു സമമായിരുന്നു. എങ്കിലും ഇബ്ലീസിനോളം കഠിനമായിരുന്നില്ല.[25] ഉമർ കാഫിറാണെന്നു മാത്രമല്ല, അദ്ദേഹം കാഫിറാണെന്നത് സംശയിക്കുന്നവരും കാഫിറാണെന്നത്രെ ശീഈ ജൽപനം. സ്വഫവീ രാഷ്ട്രത്തിലെ ശൈഖായിരുന്ന അൽമജ്ലിസി എഴുതുന്നത് കാണുക: ‘ഉമർ കാഫിറാണെന്നതിൽ സംശയിക്കാന്‍ ഒരു ബുദ്ധിമാന് സാധ്യമല്ല. സംശയിച്ചാൽ അയാൾക്ക് അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ശാപമുണ്ട്. അയാളെ മുസ്ലിമായി പരിഗണിക്കുന്നവനും അഭിശപ്തനാണ്. അയാളെ ശപിക്കുന്നവനെ തടയുന്നവനും അഭിശപ്തനാണ്.’[26] ‘ഉമറുബ്നുൽ ഖത്ത്വാബിന്റെ ലൈംഗിക വൈകൃതങ്ങൾ‘ എന്ന കൃതിയെഴുതിയ മീർസാ ജവാദ് തബ്രീസി എഴുതുന്നു: ‘എന്നെ അല്ലാഹു സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ഉമറിനെ ഞാന്‍ അവിടെ കാണുകയും ചെയ്താൽ എന്നെ സ്വർഗത്തിൽനിന്നു പുറത്താക്കാന്‍ ഞാന്‍ അല്ലാഹുവോട് ആവശ്യപ്പെടും.’


ആശൂറാ ദിവസം ഉമറെന്ന പേരിട്ട് ഒരു നായയെ കൊണ്ടുവന്ന് അതിനെ വടിയും കല്ലും ഉപയോഗിച്ച് പീഡിപ്പിച്ച് കൊല്ലുകയെന്നത് ശിയാ രീതിയാണ്. ശേഷം ആഇശ എന്ന് പേരിട്ട ആട്ടിന്‍ കുട്ടിയെ കൊണ്ടുവന്ന് അതിന്റെ രോമങ്ങൾ പിഴുതെടുക്കുകയും ചെരിപ്പുകൾ ഉപയോഗിച്ച് ചാവുന്നതുവരെ അടിക്കുകയും ചെയ്യും. ഉമറിന്റെ ഘാതകനായ അബൂലുഅ്ലുഅയെ പുകഴ്ത്തിക്കൊണ്ട് ‘ബാബാ ശുജാഉദ്ദീന്‍‘ എന്നാണ് വിളിച്ചിരുന്നത്.


അലി(റ)യുടെ മരുമകനായ ഉമർ(റ) (അലി(റ)യുടെ മകൾ ഉമ്മുകുൽസൂം ഉമറിന്റെ ഭാര്യയായിരുന്നു) പുരുഷ ശുക്ലം ഉപയോഗിച്ചു മാത്രം സുഖപ്പെടുത്താവുന്ന ഒരു രോഗത്തിന്റെ അടിമയായിരുന്നുവെന്ന് ശീഇകൾ പ്രചരിപ്പിച്ചിട്ടുണ്ട്.[27]
ഉമറിനോടുള്ള വിദ്വേഷത്തിന്റെ കാരണം


1. കിസ്റാ ചക്രവർത്തിയുടെ കീഴിലായിരുന്ന പേർഷ്യന്‍ സാമ്രാജ്യം ഉമർ കീഴടക്കി ഇസ്ലാമിക ഖിലാഫത്തിന്റെ ഭാഗമാക്കിയതിൽ പേർഷ്യക്കാർക്കുണ്ടായ വിദ്വേഷം.


2. ഉമർ അലിയുടെയും ഫാത്വിമയുടെയും അവകാശങ്ങൾ ധ്വംസിച്ചതല്ല വിദ്വേഷത്തിന്റെ യഥാർഥ കാരണം. അലി(റ) തന്റെ മൂത്തമകളെ ഉമറിന് വിവാഹം ചെയ്തുകൊടുത്തു. അവരിലുണ്ടായ മകന് ഉമർ എന്നു പേരു നൽകുകയും ചെയ്തു.


3. ശീഇസത്തിൽ യഹൂദ സാന്നിധ്യം പ്രകടവും പ്രശസ്തവുമാണ്. അറേബ്യയിൽനിന്ന് തങ്ങളെ പുറത്താക്കിയത് ഉമറായതിനാൽ അദ്ദേഹത്തോട് അവർക്ക് തീർത്താൽ തീരാത്ത പകയുണ്ട്. യഹൂദർക്കും ക്രൈസ്തവർക്കും ഇസ്ലാമിക ദിഗ്വിജയത്തിൽ അസഹ്യമായ പ്രതിഷേധമുണ്ട്. ഇസ്ലാമിക ദിഗ്വിജയങ്ങൾക്ക് നേതൃത്വം കൊടുത്തവരിൽ ചരിത്രത്തിൽ ഒരിക്കലും ശീഇകൾ ഉണ്ടായിരുന്നില്ല.
ആയിശയെക്കുറിച്ച് ശിയാക്കൾ


‘നബിﷺയുടെ മിക്ക ഭാര്യമാരും വൃദ്ധകളും വിരൂപിണികളുമായിരുന്നു. അബൂബക്റിന്റെ മകൾ കറുത്തവളും വിരൂപിണിയുമായിരുന്നു. അവരുടെ മുഖത്ത് വസൂരിക്കലയുണ്ടായിരുന്നു. ഹിജാബ് ധരിച്ചതുകൊണ്ട് അത് ജനങ്ങൾ കണ്ടില്ലെന്നു മാത്രം. നബിﷺ അവരെ കാണേണ്ടിവന്നതും അവരുടെ സ്വഭാവങ്ങൾ സഹിക്കേണ്ടിവന്നതും അല്ലാഹുവിനുമാത്രം അറിയുന്ന യുക്തിയുടെ ഭാഗമായിരുന്നു. വിധവയായ ആഇശയെ വിവാഹം ചെയ്ത നബിﷺ അവരോടൊപ്പം രാപ്പാർത്തു തുടങ്ങിയത് മദീനയിൽ വെച്ചാണ്. പിന്നെ, അവരെ മൊഴിചൊല്ലുകയും ശേഷം തിരിച്ചെടുക്കുകയും ചെയ്തു. നബി പത്നിമാരിൽ ഖദീജ മാത്രമാണ് ഏക കന്യക. പാരമ്പര്യ ഇസ്ലാമിക ചരിത്രങ്ങൾക്കെല്ലാം വിരുദ്ധമാണ് ഈ വാദം. നബിﷺ വിവാഹം ചെയ്യുന്നതിന് മുമ്പ് ഖദീജ രണ്ടുതവണ വിവാഹിതയായിരുന്നു എന്നതത്രെ വാസ്തവം.


‘പിതാവിന് വഴിയൊരുക്കാനായി ആഇശ നബിﷺയെ വധിക്കുകയായിരുന്നു. ഹഫ്സയിൽനിന്നുള്ള ചില റിപ്പോർട്ടുകൾ അത് ശരിവെക്കുന്നുണ്ട്. ജനങ്ങളോടു മാത്രമല്ല, നബിﷺയോടു പോലും ആഇശയുടെ പെരുമാറ്റം വളരെ മോശമായിരുന്നു.[28] ‘ആഇശക്കും മുആവിയക്കും മാത്രമാണോ ശാപം. അല്ല, ഇവർ രണ്ടുപേരും നബി കുടുംബത്തിന് ദ്രോഹം ചെയ്തിട്ടുണ്ടെന്നത് ശരിതന്നെ! എന്നാൽ, ശീഈ വിശ്വാസപ്രകാരം വിശ്വാസികളുടെ മാതാക്കളിലെ എല്ലാവരും സത്യനിഷേധികളും കുറ്റവാളികളും അഭിശപ്തകളും അക്രമികളും നരകശിക്ഷക്ക് വിധേയരുമാണ്.’[29]


‘ആഇശയും ഹഫ്സ്വയും ചേർന്ന് നബിﷺയെ വിഷം നൽകി വധിക്കുകയായിരുന്നു.’[30] അൽ അഹ്സാബ് അധ്യായത്തിന്റെ വിശദീകരണത്തിൽ ശീഈ ഖുർആന്‍ വ്യാഖ്യാതാവ് എഴുതുന്നു: ‘ജമൽ യുദ്ധത്തിൽ ബസ്വ്റയിലെ സൈന്യങ്ങളുടെ നേതാവായിരുന്ന ആഇശ, ഈ സൂക്തപ്രകാരം വളരെ വ്യക്തമായ വഷളത്തരമാണ് ചെയ്തിരിക്കുന്നത്.’[31] ‘എന്റെ വിയോഗശേഷം എന്റെ ഭാര്യമാരെ മൊഴി ചൊല്ലാനുള്ള അവകാശം അലിക്കായിരിക്കുമെന്ന് നബിﷺ വസ്വിയ്യത്ത് ചെയ്തു.’[32] അന്നഹ്ൽ: 92ാം സൂക്തത്തിൽ പരാമർശിക്കുന്ന സ്ത്രീ ആഇശയാണ്. അവർ തന്റെ സത്യവിശ്വാസത്തിന്റെ പിരികൾ ഉടച്ചുകളഞ്ഞു.’[33]38 ‘നരകത്തിന് ആറുവാതിലുകളുണ്ട്. അവയിൽ ആറാമത്തേത് ആഇശക്കുള്ളതാണ്’[34] ‘ആഇശ നാൽപതു ദീനാറുകൾ സമ്പാദിച്ച് അലിയുടെ ശത്രുക്കൾക്ക് വിതരണം ചെയ്തു’[35] ‘മരണാസന്നനായ ഹസന്‍ ഹുസൈനോടായി പറഞ്ഞു: സഹോദരാ! എനിക്ക് ഒരു വസ്വിയ്യത്ത് നൽകാനുണ്ട്. ഞാന്‍ മരിച്ചാൽ എന്നെ ബഖീഇൽ മറമാടണം. അല്ലാഹുവിനോടും തിരുദൂതരോടും തിരുകുടുംബത്തോടും വെറുപ്പുള്ളവൾ എന്ന നിലയിൽ ആഇശയിൽ നിന്നുണ്ടാകാവുന്ന ദുഷ്ചെയ്തികളെപ്പറ്റി നീ ബോധവാനായിരിക്കണം.’ സുന്നികൾ ബുഖാരിയെ എന്നപോലെ, ശീഇകൾ ആദരിക്കുന്ന കുലൈനിയാണ് മേൽഭാഗം ഉദ്ധരിച്ചത്.[36]‘ഹമീറാഅ്’ എന്ന് പ്രേമപൂർവം നബിﷺ ആഇശയെ വിളിച്ചിരുന്നു. ഈ പേർ ഒരു പിതാവ് തന്റെ പെണ്‍കുട്ടിക്കിട്ടപ്പോൾ, അത് അല്ലാഹു വെറുക്കുന്ന പേരാണ്, അത് മാറ്റണം’ എന്ന് പ്രമുഖ ശീഈ ഇമാം അബൂ അബ്ദില്ല നിർദേശിക്കുകയുണ്ടായി. നബി പത്നിമാരെ അവമതിക്കുകവഴി നബിയെയും അതുവഴി അല്ലാഹുവെയും ധിക്കരിച്ച ശിയാ ഉദ്ധരണികളാണ് നാം ഇതുവരെ കണ്ടത്.


‘അൽ ഹുജുറാത്ത്’ അധ്യായത്തിൽ, ‘തെമ്മാടി വാർത്തയുമായി വന്നാൽ‘ എന്നതിലെ ‘തെമ്മാടി’ എന്നതിന്റെ വിവക്ഷ മാരിയക്കെതിരിൽ തെറ്റിദ്ധാരണ പുലർത്തിയ ആഇശയാണ്.’[37] ബനുൽ മുസ്വ്ത്വലിഖ് യുദ്ധത്തോടനുബന്ധിച്ച്, ‘വ്യാജാരോപണങ്ങൾ ഉന്നയിച്ചവർ‘ എന്ന ഖുർആനിക പരാമർശത്തിലെ വിധേയ ആഇശയാണെന്ന് സാധാരണക്കാർ പറയുന്നു. എന്നാൽ, ആരോപണവിധേയ മാരിയയും, ഉന്നയിച്ചത് ആഇശയുമാണെന്നാണ് സമൂഹത്തിലെ ഉന്നതർ പറയുന്നത്.[38] അത്തഹ്രീം അധ്യായം 10ാം സൂക്തത്തിൽ നൂഹിന്റെയും ലൂത്വിന്റെയും ഭാര്യമാരെ പരാമർശിച്ചത്, അതേ നിലപാടാണ് ആഇശയുടേതും ഹഫ്സ്വയുടേതും എന്ന് വിശ്വാസികളെ ബോധ്യപ്പെടുത്താനാണ്.’[39] ‘ആഇശ, ത്വൽഹയെ പ്രേമിച്ചിരുന്നു. ബസ്വറയിലേക്ക് പോവാന്‍ ഉദ്ദേശിച്ച അവരോട് വിവാഹം നിഷിദ്ധമായ ആളുടെ കൂടെ മാത്രമേ പോകാവൂ എന്ന് ആരോ പറഞ്ഞപ്പോൾ അവർ ത്വൽഹയെ വിവാഹം ചെയ്യുകയായിരുന്നു’[40] നബി പത്നിമാർ, നബിﷺയുടെ വിയോഗശേഷം മറ്റാരെയും വിവാഹം ചെയ്യരുതെന്ന ഖുർആനിക ഉത്തരവ് ആഇശ ലംഘിച്ചു എന്നുസാരം!
ഉസ്മാനെക്കുറിച്ച് ശീഇകൾ


‘നബിﷺയുടെ കാലത്ത്, പുറമെ ഇസ്ലാം പ്രകടിപ്പിച്ച് അകമേ സത്യനിഷേധം സ്വാംശീകരിച്ച ആളായിരുന്നു ഉസ്മാന്‍.’[41] ‘ഉസ്മാനോട് ഹൃദയത്തിൽ ശത്രുതതോന്നാതിരിക്കുകയും അദ്ദേഹത്തിന്റെ അഭിമാനത്തെ ക്ഷതപ്പെടുത്താതിരിക്കുകയും അദ്ദേഹം കാഫിറാണെന്ന് വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവർ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ശത്രുവാണ്, ഖുർആന്‍ നിഷേധിയാണ്.’[42] ‘ഉസ്മാന്‍ കാഫിറാണെന്നു മാത്രമല്ല അദ്ദേഹത്തെ നിരന്തരം ശപിക്കുകയും വേണം.[43] അബൂജഅ്ഫർ അൽ ബാഖിറിനെ ഉദ്ധരിച്ച് ഖുമ്മീ രേഖപ്പെടുത്തുന്നു; ‘അവന്നെതിരിൽ ആർക്കും കഴിയുകയില്ലെന്നാണോ അവന്റെ വിചാരം’ എന്ന സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ: നബിﷺയുടെ മകളെ കൊന്ന ഉസ്മാനാണ് വിവക്ഷ. ‘ഞാന്‍ ധാരാളം സമ്പത്ത് തുലച്ചു കളഞ്ഞു.’ തബൂക്ക് യുദ്ധത്തിനായി ചെലവഴിച്ച ധനമാണ് വിവക്ഷ. ‘അവനെ ആരും കാണില്ലെന്നാണോ അവന്‍ വിചാരിക്കുന്നത്?’ അയാളിൽ തന്നെ ഉണ്ടായിരുന്ന ദൂഷ്യങ്ങൾ ആണ് സൂചന. ‘അദ്ദേഹത്തിന് നാം രണ്ടു കണ്ണുകൾ നൽകിയില്ലയോ?’ നബിﷺയുടെ രണ്ടു കണ്ണുകളാണ് ഉദ്ദേശ്യം. ‘ഒരുനാവും നൽകിയില്ലയോ?’ നാവിന്റെ വിവക്ഷ അമീറുൽ മുഅ്മിനീന്‍ അലിയാണ്.’ ‘രണ്ടു ചുണ്ടുകളും നൽകിയില്ലയോ?’ എന്നത് ഹസന്‍, ഹുസൈന്‍ എന്നിവരെ ഉദ്ദേശിച്ചുള്ള പ്രയോഗമാണ്. ‘രണ്ടു തെളിഞ്ഞ മാർഗങ്ങൾ‘ എന്നത് രണ്ടു പേരുടെയും വിലായത്ത് നേടാനുള്ള വഴികളാണ്.[44] ‘നബി പുത്രി റുഖിയ്യയെ വിവാഹം ചെയ്ത ഉസ്മാന്‍ അവരോട് നല്ല നിലയിൽ പെരുമാറിയില്ല. അവരെ അവഗണിച്ച് വേറെ വിവാഹം ചെയ്തു. കടുത്ത പീഡനത്തെ തുടർന്ന് വാരിയെല്ലുകൾ തകർന്നാണ് അവർ നിര്യാതയായത്.’[45] ഖുറൈശികളും അലിയും തമ്മിൽ നടന്ന സംഘട്ടനം, ഉസ്മാന്റെ കുടുംബത്തിന്റെ അരിസ്റ്റോക്രസിയും അലിയുടെ പൊതുജന താൽപര്യങ്ങളും തമ്മിലായിരുന്നു.’[46] ‘ഉസ്മാന്റെ ഖിലാഫത്ത് മുസ്ലിം ചരിത്രത്തിലെ ഏറ്റവും പ്രധാനസംഭവമായിരുന്നു. ലോകാന്ത്യം വരെ അതിന്റെ ദൂഷ്യങ്ങൾ നിലനിൽക്കും. കുട്ടികൾ പന്തുതട്ടി കളിക്കുന്നതുപോലെ ഉസ്മാന്റെ കുടുംബം ഖിലാഫത്തിനെ പന്താടുകയായിരുന്നു. ഇതിന്റെ അനിവാര്യവും സ്വാഭാവികവുമായ ഫലമായിരുന്നു അദ്ദേഹത്തിന്റെ വധം.’[47] ആയത്തുല്ലാ ഖുമൈനി എഴുതുന്നു: ‘ഞാന്‍ ധീരതയോടെ പ്രഖ്യാപിക്കുന്നു, ആധുനിക കാലത്തെ ദശലക്ഷക്കണക്കിനുവരുന്ന ഇറാനിയന്‍ ജനത നബിﷺയുടെ കാലത്തെ ഹിജാസുകാരേക്കാൾ -സ്വഹാബികളേക്കാൾ- ശ്രേഷ്ഠരാണ്’[48] ശീഇകളുടെ രാഷ്ട്രീയ മേൽക്കോയ്മയോ ആദർശ പാപ്പരത്തമോ സത്യവിശ്വാസികൾ മുഖവിലക്കെടുക്കേണ്ടതെന്ന് ഇനി നാം നിഷ്പക്ഷമായി ചിന്തിക്കുക.


അവലംബം:


1. തഅ്രീഫുന്‍ ആമ്മുന്‍ ബിശ്ശീഇഃ അൽ ഇസ്നൈ അശ്രിയ്യഃ - ഡോ. സ്വാലിഹ് ഹുസൈന്‍ അർറാഖിബ് അൽ ജാമിഅഃ അൽ ഇസ്ലാമിയ്യഃ ഗസ്സഃ


2. അൽഖുമൈനീ, സഈദ്ഹവ്വാ, ദാറുഅമ്മാർ, അമ്മാന്‍ 1987


[1] ഉസ്വൂലുൽ കാഫി 3/85


[2] അതേകൃതി പേ: 3/115


[3] രിജാലുൽ കുശീ: 135


[4] കശ്ഫുൽ അസ്റാർ


[5] അതേകൃതി പേ: 116


[6] അതേകൃതി പേ: 117


[7] അൽ ഹുകൂമത്തുൽ ഇസ്ലാമിയ്യ: പ: 18,19,23


[8] ഹഖ്ഖുൽ യഖീന്‍ പേ: 180


[9] തഫ്സീറുൽ ഖുശീ 1/383


[10] രിജാലുൽകുശീ പേ: 180


[11] തഫ്സീറുൽ ബുർഹാന്‍: പേ: 47


[12] ‘അൽഹഖാഇഖ്’ പത്രം (2005 ഫെബ്രുവരി 16 ലക്കം)


[13] രിജാലുൽ കുശീ പേ: 53


[14] അദ്ദരീഅ: ഇലാ തസ്വാനിഫിശ്ശീഅഃ 8/192


[15] രിജാലുൽ കുശീ പേ: 61


[16] അൽ ഇസ്തിഖാദാത്ത് ലിൽമജ്ലിസി പേ: 17


[17] അൽഅന്‍വാറുന്നുഅ്മാനിയ്യ: 4/60


[18] കശ്കൂൽ പേ: 104


[19] അൽഅന്‍വാറുഅഅ്മാനിയ്യ: 1/53


[20] അൽബുർഹാന്‍


[21] തൽഖീസ്വുശ്ശാഫീ ലിത്ത്വൂസീ പേ: 407


[22] അൽ ഇസ്തിഗാസഃ ഫീ ബിദഇസ്സലാസ: പേ: 20


[23] അസ്സ്വിറാത്തുൽ മുസ്തഖീം 3/149


[24] അസ്സ്വിറാത്തുൽ മുസ്തഖീം 3/129


[25] തഫ്സീറുൽഅയ്യാശീ 2/223-224 അൽ ബുർഹാന്‍ ലിൽ ബഹ്റാനീ 2/310, ബിഹാറുൽ അന്‍വാർ ലിൽ മജ്ലിസി 8/220


[26] ജലാഉൽ ഉയൂന്‍ പേ: 45


[27] അൽ അന്‍വാർ അന്നുഅ്മാനിയ്യ, അൽ ജസാഇരി: 1/63 അസ്സഹ്റാഅ് ഫിസ്സുന്നത്തിവത്താരീഖ് വൽ അദബ്, മുഹമ്മദ് കാളിം കിഫാഈ: പേ: 4087. ആധുനിക ശീഈ പണ്ഡിതനായ ആഗാബുസ്റുഹ്ത്വഹ്റാനീ ഇത് ശീഈ കൃതികളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മുഹിബ്ബുദ്ദീന്‍ അൽഖത്വീബിന്റെ ‘അൽഖുത്വൂത്വുൽ അരീദഃ’ പേ: 7 കാണുക.


[28] മുഹമ്മദ് ഹുസൈന്‍ ശീറാസിയുടെ ‘അൽ അർബഈന ഫീ ഇമാമത്തിന്‍ അഇമ്മഃത്ത്വാഹിരീന്‍ പേ: 615


[29] അശ്ശിഹാബുസ്സാഖിബ് ഫീ ബയാനി മഅ്നന്നാസ്വിബ് പേ: 130


[30] ഹയാത്തുൽ ഖുലൂബ്: 2/700


[31] മഖ്ബൂൽ അഹ്മദിന്റെ ഖുർആന്‍ വ്യാഖ്യാനം: പേ: 840


[32] അൽ ഇഹ്തിജാജ് 1/240


[33] തഫ്സീറുൽ അയ്യാശീ: 2/269


[34] തഫ്സീറുൽ അയ്യാശീ: 2/243


[35] അന്‍വാറുൽ യഖീന്‍, റജബ് ബർസീ പേ: 86


[36] അൽകാഫീ, അൽ ഉസ്വൂൽ, ഹദീസ്; 3


[37] തഫ്സീറുൽ ഖുമ്മീ 2/318


[38] തഫ്സീറുൽ ഖുമ്മീ 2/99


[39] അൽബുർഹാന്‍, ബഹ്റാനീ 4/357


[40] തഫ്സീറുൽ ഖുമ്മീ 2/377


[41] അൽ അന്‍വാറുന്നുഅ്മാനിയ്യഃ ലിൽ ജസാഇരി 1/81


[42] നഫ്ഹാത്തുല്ലാഹൂത്ത് 1/57


[43] അൽമിസ്വ്ബാഹ്, കഫ്അമി പേ: 37


[44] തഫ്സീറുൽ ഖുമ്മീ 2/423, അൽ ബുർഹാന്‍, ബഹ്റാനി: 4/463


[45] സീറത്തുൽ അളമ്മഃൽ ഇസ്നയ് അശ്രിയഃ, ഹാശിം ഹുസൈനീ 1/67


[46] ഫദാഇലുൽ ഇമാം അലി പേ: 56


[47] ഫദാഇലുൽ ഇമാം അലി പേ: 81


[48] അൽ വസ്വിയ്യത്തുസ്സിയാസിയ്യഃ, ഖുമൈനീ പേ: 23

No comments:

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal