} -->

ഇഖ്‌വാൻ-ശീഈ ബാന്ധവം: ചരിത്രവും പ്രത്യാഘാതങ്ങളും


ഇഖ്‌വാൻ-ശീഈ ബാന്ധവം: ചരിത്രവും പ്രത്യാഘാതങ്ങളും

അബ്ദുർറഹ്‌മൻ ആദൃശ്ശേരി
സുന്നീ ലോകത്തെ അൻപത്‌ വർഷങ്ങൾ കൊണ്ട്‌ ശിയാവൽക്കരിക്കാൻ ഇറാൻ ആത്മീയ നേതാവ്‌ `അലി ഖാംനഇ` രൂപം നൽകിയ ഒരു പദ്ധതിയാണ്‌ `ഖുത്ത ഖംസീനിയ്യ`. അതിൽ വന്ന ഒരു പരാമർശം ഇങ്ങനെ.
“ഇഖ്‌വാനികൾ നാസിബികളാണെങ്കിലും അഥവാ, അഹ്ലുബൈത്തിനോട്‌ വിരോധം പുലർത്തുന്നവരാണെങ്കിലും ഈജിപ്തിൽ ശീഇസം പ്രചരിപ്പിക്കുവാൻ നമുക്ക്‌ അവരെ പ്രയോജനപ്പെടുത്താവുന്നതാണ്‌.”
ഈ അൻപത്‌ വർഷ പദ്ധതി ഇന്ന്‌ വളരെ വിജയകരമായി മുന്നോട്ട്‌ പോയിട്ടുണ്ടെന്നത്‌ യാഥാർത്ഥ്യമാണ്‌. ഇതിൽ ബോധപൂർവ്വമോ അല്ലാതെയോ ഏറ്റവും സഹകരിച്ച സുന്നീ വിഭാഗമാണ്‌ `ഇസ്ലാമിക പ്രസ്ഥാനങ്ങൾ` എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഇഖ്‌വാനുൽ മുസ്ലിമൂനും കൂട്ടാളികളും. ഇതിൽ മാത്രമല്ല ഇഖ്‌വാന്റെ സംഭാവനകൾ. മുസ്ലിം ലോകത്ത്‌ പ്രമാണങ്ങളെ അവമതിക്കുന്ന ഒരു തലമുറ രൂപപ്പെടുത്തുന്നതിലും, ദൈവിക ഭരണത്തിന്റെ പേരിൽ ഖവാരിജുകളായ തീവ്രസംഘങ്ങളുടെ ആവിർഭാവത്തിനും ഇഖ്‌വാന്റ ആശയലോകം എങ്ങനെ സഹായകമായി എന്ന്‌ അവരുടെ തന്നെ ലേഖനങ്ങളും ഗ്രന്ഥങ്ങളും നിരത്തിവെച്ച്‌ തെളിയിക്കാനാവും. ഇഖ്‌വാന്റെ ഭൂതകാല ചരിത്രം പരിശോധിക്കുന്ന ഏതൊരാൾക്കും ശീഇസത്തെ വെള്ള പൂശുന്നതിനും ശീഈ വിമർശകരെ നിശ്ശബ്ദരാക്കുന്നതിനും ശീഇകളുമായി സഹകരിക്കുന്നതിനും അവർ നടത്തിയ ഭഗീരയത്നങ്ങൾ സുതരാം വ്യക്തമാകുന്നതാണ്‌.
പത്ത്‌ ലക്ഷത്തിൽ പരം സുന്നികളെ കൊന്നൊടുക്കുകയും ഒന്നര കോടിയിലധികം സുന്നികളെ അഭയാർത്ഥികളാക്കുകയും ചെയ്ത ബശ്ശാർ-പുട്ടിൻ-ഇറാൻ സഖ്യത്തിന്റെ ഭീകരതക്ക്‌ ശേഷം സിറിയയിലെ ഇഖ്‌വാൻ നേതൃത്വം ശീഇസത്തിന്റെ അപകടം തിരിച്ചറിഞ്ഞിട്ടുണ്ട്‌. പത്ത്‌ ലക്ഷത്തോളം സുന്നികളെ ഇറാന്റെ സഹകരണത്തോടെ ഇറാക്വിലെ ശിയാ ഭരണാധികാരി `നൂരി മാലികി` വകവരുത്തിയപ്പോൾ ഇറാക്വിലെ ഇഖ്‌വാൻ കക്ഷിയായ `അൽ ഹിസ്ബുൽ ഇസ്ലാമി`യും ഇപ്പോൾ ഇറാന്റെ ശിയാ അജണ്ടയെക്കുറിച്ച്‌ സംസാരിക്കുന്നുണ്ട്‌. ദശലക്ഷങ്ങളുടെ ജീവഹാനിയും, ഇഖ്‌വാൻ കക്ഷിയുടെ നേതാവും ഇറാക്വിന്റെ വൈസ്‌ പ്രസിഡന്റുമായിരുന്ന `താരീക്വ്‌ ഹാശിമി`ക്ക്‌ സുന്നിയായതിന്റെ പേരിൽ ഇറാക്വിൽ ജീവിക്കാൻ കഴിയാതെ തുർക്കിയിൽ അഭയം തേടേണ്ടി വന്ന ശേഷമാണ്‌ ഇഖ്‌വാനികൾക്ക്‌ ബോധോതയമുണ്ടായത്‌. എന്നാൽ, `റാഇദ്‌ സലാഹി`നെ പോലുള്ള ചിലരൊഴിച്ച്‌ ഹമാസും ഈജിപ്തിലെ ഇഖ്‌വാനും ഇപ്പോഴും ഇറാൻ ഭക്തിയും ശിയാ ബാന്ധവവും ഉപേക്ഷിച്ചിട്ടില്ല. യൂസുഫുൽ ഖർദാവിയെ പോലുള്ളവർ വലിയ വായിൽ സത്യം വിളിച്ചു പറഞ്ഞിട്ടും ഈ വിഭാഗം ഇത്രമാത്രം ഇറാൻ ഭക്തരായതിന്റെ കാരണമെന്താണ്‌!? അത്‌ ഗ്രഹിക്കണമെങ്കിൽ ഇഖ്‌വാന്റെ ആശയലോകവും നേതാക്കളും അത്‌ കടന്നുപോയ ദശാസന്ധികളും പഠനവിധേയമാക്കേണ്ടി വരും.
ഇറാൻ-ഇഖ്‌വാൻ അവിശുദ്ധ കൂട്ടുകെട്ടിന്‌ `ഹസനുൽ ബന്ന`യോളം പഴക്കമുണ്ടെന്ന്‌ കാണാം. മുസ്ലിം ഐക്യം, ഏകാധിപത്യ ശക്തികളോടുള്ള വിരോധം, സാമ്രാജ്യത്വ വിരുദ്ധ വികാരം എന്നീ ലേബലിൽ സുന്നി-ശിയാ ഐക്യത്തിന്‌ ആദ്യമായി യത്നിച്ചത്‌ ഹസനുൽ ബന്നയായിരുന്നു. ഇഖ്‌വാൻ സ്ഥാപക സമിതി അംഗം `മഹ്മൂദ്‌ അബ്ദുൽ ഹലീം` പറയുന്നത്‌ കാണുക.
“മഹത്തായ ചരിത്ര പൈതൃകത്തിന്‌ ഉടമകളായിട്ടും ഇസ്ലാമിന്റെ സംരക്ഷണത്തിന്‌ വലിയ സംഭാവനകൾ അർപ്പിച്ചവരായിട്ടും ധാരാളം അംഗസംഖ്യ ഉണ്ടായിട്ടും ഈ വിഭാഗം (ശീഇകൾ) രണ്ട്‌ വ്യത്യസ്ത മതവിഭാഗങ്ങൾ എന്ന പോലെ സുന്നികളുമായി അകന്ന്‌ കഴിയുകയായിരുന്നു.”
ശിയാക്കളുമായി സഹകരണത്തിന്റെ വാതിലുകൾ തുറക്കാൻ സമയമായി എന്ന്‌ അദ്ദേഹത്തിന്‌ ബോധ്യപ്പെട്ടു. സാഹചര്യങ്ങൾ അനുവദിച്ചിരുന്നുവെങ്കിൽ ഈ വിഭാഗത്തെ സുന്നികളുമായി കൂട്ടിയിണക്കാൻ അദ്ദേഹത്തിന്‌ സാധിക്കുമായിരുന്നു. (അൽ ഇഖ്‌വാനുൽ മുസ്ലിമൂൻ അഹ്ദാസുൽ സനഅത്തിത്താരീഖ്‌ 2/357).
സുന്നീ-ശീഈ ഐക്യശ്രമങ്ങൾക്ക്‌ ഹസനുൽ ബന്നക്ക്‌ പ്രചോദനമായത്‌ ഇറാൻ വംശജനും ശീഈ വിശ്വാസിയുമായ ജമാലുദ്ദീൻ അഫ്ഗാനിയാണെന്ന്‌ കാണാം. തരംനോക്കി ഊരും പേരും മാറ്റി ഉപയോഗിക്കുന്നതിൽ സമർത്ഥനായിരുന്നു അദ്ദേഹം.
ഇഖ്‌വാൻ ചരിത്രകാരൻ മുസ്തഫാ മുഹമ്മദ്‌ ത്വഹാൻ പറയുന്നത്‌ കാണുക: “ഇസ്ലാഹീ ധാരക്ക്‌ ശോഷണം സംഭവിച്ച ഘട്ടത്തിലാണ്‌ ഹസനുൽ ബന്ന ഉയർന്ന്‌ വന്നത്‌. അതിന്റെ ദൗർബല്യത്തിന്റെ കാരണം അദ്ദേഹം പഠിച്ചിരുന്നു. രാഷ്ട്രീയ രംഗത്ത്‌ അഫ്ഗാനിയുടെ ശൈലിയും, സംസ്കരണ രംഗത്ത്‌ മുഹമ്മദ്‌ അബ്ദുവിന്റെ ശൈലിയും അദ്ദേഹം സ്വീകരിച്ചു.” (അൽ ഇമാം ഹസനുൽ ബന്ന).ആശയ സംവാദത്തിലൂടെ ശരിതെറ്റുകൾ തിരിച്ചറിയാനോ സത്യം മനസ്സിലാക്കാനോ ഉള്ള ശ്രമമായിരുന്നില്ല ഹസനുൽ ബന്നയുടെ സഹകരണ ശ്രമങ്ങൾക്ക്‌ പിന്നിൽ. മറിച്ച്‌, കേവല രാഷ്ട്രീയ താൽപര്യങ്ങൾ മാത്രമായിരുന്നു അതിനു പിന്നിലെ പ്രചോദനം. ഇസ്ലാമിക ഐക്യത്തിന്‌ പൂർണമായും വിലങ്ങുതടിയായി കടുത്ത ശീഈ വംശീയ ചിന്തയിലധിഷ്ഠിതമായിട്ടായിരുന്നു വിപ്ളവാനന്തരം രൂപം കൊണ്ട ഇറാൻ ഭരണഘടന പോലും തയ്യാറാക്കപ്പെട്ടത്‌. എന്നാൽ ഇതൊന്നും ഇറാനെ പിന്തുണക്കുന്നതിന്‌ ഇഖ്‌വാന്‌ തടസ്സമായില്ല. തങ്ങൾ ഇറാനുമായി സഹകരിക്കുന്നത്‌ അവരുടെ രാഷ്ട്രീയ നിലപാടുകളോടാണെന്നും അവരുടെ മതവീക്ഷണത്തെ പിന്തുണക്കുകയോ വിമർശിക്കുകയോ ഇല്ലെന്നുമായിരുന്നു ഇഖ്‌വാന്റെ നിലപാട്‌. ഇഖ്‌വാനുൽ മുസ്ലിമൂന്റെ മുൻ തലവൻ (അൽ മുർശിദുൽ ആം) `മഹ്ദീ ആകിഫ്‌` പറയുന്നു. “ഇറാൻ ഒരു ശീഈ രാഷ്ട്രമല്ല. ശീഇസം ഒരു മതവിഭാഗമല്ല, ഒരു രാഷ്ട്രീയ നിലപാടാണ്‌. ഞങ്ങൾ അവരുമായി ഇടപെടുന്നത്‌ ഒരു മതവിഭാഗമെന്ന നിലക്കല്ല. ഒരു രാഷ്ട്രീയ ധാരയെന്ന നിലയിലാണ്‌.” (അൽ മിസ്‌രി അൽ യൗം 19/3/2009).
അപ്പോൾ ഇറാനും ഇഖ്‌വാനും തമ്മിലുള്ള ബന്ധം കേവലം രാഷ്ട്രീയ സഖ്യമാണെന്നർത്ഥം! ഇതിലെ രാഷ്രട്രീയമെന്താണെന്ന്‌ നോക്കാം.
ഗൾഫ്‌ മേഖലക്കകത്തും പുറത്തും തങ്ങളുടെ സ്വാധീനം വർധിപ്പിക്കാൻ മേഖലയിലെ സുന്നീ പ്രതിപക്ഷ ശക്തികളെ ശക്തിപ്പെടുത്തേണ്ടത്‌ ഇറാന്‌ അനിവാര്യമായിരുന്നു. സ്വാഭാവികമായും അറബ്‌ രാജ്യങ്ങളിലെ ഏറ്റവും വലിയ പ്രതിപക്ഷം ഇഖ്‌വാനാണെന്ന കാര്യത്തിൽ തർക്കമില്ല. പ്രസ്തുത പ്രതിപക്ഷ കക്ഷികൾ അധികാരത്തിൽ വരുമ്പോൾ നേട്ടം കൊയ്യാനും ഇതുമൂലം ഇറാന്‌ സാധിക്കും. തങ്ങൾക്ക്‌ ഏതവസരത്തിലും ആശ്രയിക്കാൻ കൊള്ളാവുന്ന മേഖലയിലെ ഒരു ശക്തിയായി ഇഖ്‌വാൻ ഇറാനെ പരിഗണിക്കുകയും ചെയ്തു. ലക്ഷ്യസാക്ഷാൽക്കാരത്തിന്‌ വേണ്ടി ഇഖ്‌വാൻ തുടക്കം മുതലേ പല ശിയാ പ്രമുഖരെയും ഈജിപ്തിലേക്ക്‌ വിളിച്ചു വരുത്തുകയും ആതിഥ്യമരുളുകയും ചെയ്തു. അവർ പല തരത്തിലുള്ള പദ്ധതികളും കൂട്ടായി ആവിഷ്കരിച്ചു നടപ്പാക്കുകയും ചെയ്തു.
ഇഖ്‌വാൻ ചരിത്രകാരൻ മഹ്മൂദ്‌ അബ്ദുൽ ഹലീം പറയുന്നത്‌ കാണുക: “ഇറാനിലെ പ്രമുഖ ശീഈ പണ്ഡിതൻ `തഖി അൽ ഖുമ്മി` ഈജിപ്ത്‌ സന്ദർശിച്ച്‌ ഹസനുൽ ബന്നയുമായി കൂടിക്കാഴ്ച്ച നടത്തുകയുണ്ടായി. അവർക്കിടയിൽ പരസ്പര ധാരണ രൂപപ്പെട്ടു. ഇതിന്റെ ഫലമായി ഇസ്ലാമീ കക്ഷികൾക്കിടയിൽ സഹകരണത്തിനായി കെയ്‌റോയിൽ `ദാറുത്തഖ്‌രീബ്‌` നിലവിൽ വരികയും ചെയ്തു.” (അൽ ഇഖ്‌വാൻ 2/357).
ഇഖ്‌വാന്റെ മുർശിദായിരുന്ന `ഉമർ തൽമസാനി` പറയുന്നത്‌ കാണുക: “ഈ ലക്ഷ്യത്തിനായി ഇമാം ഹസനുൽ ബന്ന പ്രമുഖ ശീഈ പണ്ഡിതനും അവരുടെ നേതാവുമായിരുന്ന മുഹമ്മത്‌ തഖി അൽ ഖുമ്മിക്ക്‌ ഇഖ്‌വാൻ ആസ്ഥാനത്ത്‌ അനൽപ്പ കാലം ആതിഥ്യമരുളി.” (ഹസനുൽ ബന്ന അൽ മുൽഹം അൽ മൗഹൂബ്‌ 78).
ആധുനിക കാലത്ത്‌ മുസ്ലിംകൾക്കിടയിൽ (സുന്നീ-ശീഈ) സഹകരണത്തിനായി ഒരു വേദി രൂപീകരിക്കണമെന്ന ചിന്ത ആദ്യമായി ആവതരിപ്പിച്ചത്‌ ഹസനുൽ ബന്നയാണെന്ന കാര്യം പലർക്കുമറിയില്ലെന്ന്‌ പ്രസ്തുത ശീഈ പണ്ഡിതൻ തഖി അൽ ഖുമ്മി പറഞ്ഞതായി `ജുംഅ അമീൻ` ഒരു ലേഖനത്തിൽ ഉദ്ധരിച്ചിട്ടുണ്ട്‌.
ഈ ബന്ധം നാൾക്കുനാൾ പുഷ്ടിപ്പെട്ടു കൊണ്ടിരുന്നു. ഇഖ്‌വാന്റെ ഔദ്യോഗിക ജിഹ്വ പറയുന്നത്‌ കാണുക.
“ശിയാ നേതാക്കളുമായുള്ള ഇഖ്‌വാന്റെ ബന്ധത്തിന്‌ യാതൊരു വിഘാതവും സംഭവിച്ചില്ല. അവർ പിന്നീട്‌ `ആയത്തുല്ല കാശാനി`യുമായി ബന്ധപ്പെട്ടു.” (അശ്ശീഅ വസ്സുന്ന അദ്ദഅ​‍്‌വ. ലക്കം 10/5/1985).
പ്രമുഖ ശിയാ പണ്ഡിതൻ ഹാദീ ഖുസ്‌റു ശാഹി പറയുന്നത്‌ കാണുക: “ഈ രംഗത്തുണ്ടായ മറ്റൊരു സുപ്രധാന കാര്യം ഹജ്ജ്‌ വേളയിൽ ഹസനുൽ ബന്ന ആയത്തുല്ലാ കാശാനിയുമായി നടത്തിയ കൂടിക്കാഴ്ച്ചയാണ്‌. മുസ്ലിംകൾക്കിടയിൽ സൗഹൃദം ഊട്ടിയുറപ്പിക്കാൻ വേണ്ടി മുസ്ലിം ലോകത്തെ പ്രമുഖരെ പങ്കെടുപ്പിച്ച്‌ കൊണ്ട്‌ ടെഹ്‌റാനിൽ ഒരു ഇസ്ലാമിക സമ്മേളനം സംഘടിപ്പിക്കാൻ അവർ തീരുമാനിച്ചു.” (നള്‌റത്തുൻ ഇലത്തുറാസിൽ ഫിക്‌രി വൽ ഇജ്തിമാഇ ലിശ്ശൈഖ്‌ ഹസനുൽ ബന്ന).
സുന്നീ പ്രവർത്തകരെ ചതിപ്രയോഗത്തിലൂടെ ഉൻമൂലനം ചെയ്യാൻ രൂപം നൽകിയ `ഫദാ ഇയാൻ ഇസ്ലാം` എന്ന ഭീകര സംഘത്തിന്റെ സ്ഥാപകൻ നവാബ്‌ സഫവിക്കും ഇഖ്‌വാൻ ഇത്തരത്തിൽ ഈജിപ്തിലും സിറിയയിലും ജോർദാനിലുമൊക്കെ സ്വീകരണം നൽകിയിരുന്നു. ഇതേക്കുറിച്ച്‌ ഇഖ്‌വാൻ താത്വികനായിരുന്ന സാലിം ബഹൻസാവി പറയുന്നത്‌ കാണുക: “ഇമാം ബന്നയും ഇമാം ഖുമ്മിയും സഹകരിച്ച്‌ ഇസ്ലാമിക പ്രസ്ഥാനങ്ങൾക്കിടയിൽ ഐക്യമുണ്ടാക്കാനായി തഖ്‌രീപ്‌ പ്രസ്ഥാനം രൂപീകരിച്ചതു മുതൽ ഇഖ്‌വാനും ശീഇകളും തമ്മിൽ സഹകരണം നിലനിൽക്കുന്നുണ്ട്‌. ഇത്‌ ഇമാം നവാബ്‌ സഫവി 1954 ൽ കൈറോ സന്ദർശിക്കുവാൻ വഴി തെളിച്ചു. ഇരു കക്ഷികളുടെയും വീക്ഷണം പ്രസ്തുത സഹകരണത്തിലേക്ക്‌ നയിക്കുന്നതാണെന്ന കാര്യത്തിൽ തർക്കമില്ല.“ (അസ്സുന്നത്തുൽ മുഫ്തറാ അലൈഹാ 57).
പ്രസ്തുത ഭീകര സംഘടനയുമായി ബന്ധം അരക്കിട്ടുറപ്പിക്കാൻ വേണ്ടി ഗംഭീര സ്വീകരണമാണ്‌ ഇഖ്‌വാനികൾ ഈജിപ്തിലും സിറിയയിലുമെല്ലാം ഒരുക്കിയത്‌. ഇതേക്കുറിച്ച്‌ ഇഖ്‌വാനീ പ്രമുഖനായ അബ്ബാസ്‌ സീസി പറയുന്നത്‌ നോക്കാം.
”ഇഖ്‌വാൻ നേതാക്കളെ സന്ദർശിക്കാനായി ഇറാനിലെ ഫദാ ഇയാൻ ഇസ്ലാമിന്റെ നേതാവായ നവാബ്‌ സഫവി എന്ന മുസ്ലിം നേതാവ്‌ കൈറോയിലെത്തി. അദ്ദേഹത്തിന്റെ ആഗമനം ഇഖ്‌വാനികൾ ഗംഭീരമായി ആഘോഷിച്ചു. ഇറാൻ ആസ്ഥാനത്ത്‌ നടത്താറുള്ള `ചൊവ്വാഴ്ച്ച പ്രഭാഷണം` നടത്തിക്കൊണ്ട്‌ അദ്ദേഹം ഇഖ്‌വാനികളുമായി പ്രബോധന ചക്രവാളത്തിൽ വട്ടമിട്ടു പറക്കുകയും അവരെ അത്യുന്നത സദസ്സുകളിലേക്ക്‌ (മലഉൽ അഅ​‍്ല) കൂട്ടിക്കൊണ്ട്‌ പോവുകയും ചെയ്തു.“ (ഫീഖാഫിലത്തിൽ ഇഖ്‌വാനിൽ മുസ്ലിമീൻ 2/159).
ഇമാം, ഇസ്ലാമിക നായകൻ, ധീര രക്തസാക്ഷി, വിപ്ളവകാരി എന്നൊക്കെ ഇഖ്‌വാനികൾ വാഴ്ത്തിപ്പാടിയ നവാബ്‌ സഫവിയെക്കുറിച്ച്‌ ഫഥീ യകുൻ വിശേഷിപ്പിച്ചത്‌ കാണുക: “സാമ്രാജ്യത്വത്തിനും വഞ്ചനക്കുമെതിരെ ജിഹാദ്‌ നയിക്കാൻ ഫദാ ഇയാൻ എന്ന പ്രസ്ഥാനം സ്ഥാപിച്ച നവാബ്‌ സഫവി മുസ്ലിം മണ്ണിൽ നിന്നും സയണിസ്റ്റുകളെയും സാമ്രാജ്യത്വ ശക്തികളെയും കെട്ടുകെട്ടിക്കാൻ ആളും അർത്ഥവും ആവശ്യമാണെന്ന്‌ വിശ്വസിച്ച ചെറുപ്പക്കാരൻ.”  (അൽ മൗസൂ അത്തുൽ ഹറകിയ്യ 1/163).
`ഫദാ ഇയാൻ ഇസ്ലാം` ഇഖ്‌വാന്റെ തുടർച്ചയാണെന്നായിരുന്നു ടുണീഷ്യയിലെ ഇഖ്‌വാൻ കക്ഷിയായ `അന്നഹ്ള` നേതാവായിരുന്ന റാഷിദ്‌ ഗന്നൂഷി അഭിപ്രായപ്പെട്ടത്‌. (മഖാലാത്തു ഹറകത്തിൽ ഇത്തിജാഹിൽ ഇസ്ലാമി). ഇനി നവാബ്‌ സഫവി ഇഖ്‌വാനെ നോക്കിക്കാണുന്നത്‌ എപ്രകാരമാണെന്ന്‌ നോക്കാം. ഡോക്ടർ മുസ്തഫ സിബാഇയുടെ അധ്യക്ഷതയിൽ സിറിയയിൽ നടന്ന ഇഖ്‌വാൻ സമ്മേളനത്തിൽ പങ്കെടുത്ത്‌ അദ്ദേഹം പ്രസ്താവിച്ചത്‌ ശരിയായ ജഅ​‍്ഫരീ (ശീഇ) വിശ്വാസിയാകാൻ താൽപര്യമുള്ളവർ ഇഖ്‌വാനിൽ ചേർന്ന്‌ കൊള്ളുക എന്നായിരുന്നു. ഷായുടെ ഭരണകാലത്തെ പ്രധാനമന്ത്രിയെ ചതിയിൽ കൊലപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിന്‌ തൂക്കിലേറ്റപ്പെട്ട ഇദ്ദേഹത്തിന്റെ വിയോഗത്തിൽ ഇഖ്‌വാൻ പത്രം അനുശോചിച്ച്‌ കൊണ്ട്‌ ഇങ്ങനെ എഴുതി:
“ധീരനായ രക്തസാക്ഷി ഇഖ്‌വാനുമായി ഗാഢബന്ധം പുലർത്തിയിരുന്നു. അദ്ദേഹത്തിന്റെ സ്മരണ അല്ലാഹു ശോഭനമാക്കട്ടെ.” (അൽ മുസ്ലിമൂൻ 1/1956-73).
ഈജിപ്ത്‌ സന്ദർശന വേളയിൽ കെയ്‌റോ സർവ്വകലാശാലയിൽ പ്രസംഗിക്കുവാൻ പോയ ഇദ്ദേഹത്തെ തോളിലേറ്റിയാണ്‌ ഇഖ്‌വാൻ വിദ്യാർത്ഥികൾ വേദിയിലെത്തിച്ചത്‌. ഇഖ്‌വാനികൾ ഇത്രമാത്രം നെഞ്ചിലേറ്റിയ സഫവിയുടെ തനിനിറം അറിയുമ്പോൾ നാം ഞെട്ടിപ്പോകും. ഇറാനിലെ സർവ്വകലാശാല അധ്യാപകനും നിയമപണ്ഡിതനും പബ്ളിക്‌ പ്രോസിക്യൂട്ടറുമൊക്കെയായിരുന്ന ശൈഖ്‌ അഹ്മദ്‌ കിസറവി സത്യം മനസ്സിലാക്കി ശീഇസത്തോട്‌ വിടപറഞ്ഞ പണ്ഡിതനായിരുന്നു. പേർഷ്യനു പുറമെ തുർക്കി, ഇംഗ്ളീഷ്‌, അർമേനിയൻ തുടങ്ങിയ ധാരാളം ഭാഷകളിൽ പ്രാവീണ്യം നേടിയ അദ്ദേഹം ശീഇസത്തിന്റെ അബദ്ധങ്ങൾ തുറന്നു പറഞ്ഞപ്പോൾ പല ബുദ്ധിജീവികളെയും അത്‌ ആകർഷിച്ചു. അറബിയിൽ `അശ്ശീഅത്തു വത്തശയ്യുഅ​‍്‌` എന്ന ഗ്രന്ഥത്തിന്റെ കർത്താവാണ്‌ അദ്ദേഹം. ഇറാനിലും പുറത്തുമുള്ള യുവാക്കളെ അദ്ദേഹത്തിന്റെ രചനകൾ ആകർഷിക്കാൻ തുടങ്ങി. `ഫദാ ഇയാൻ ഇസ്ലാം` എന്ന ശിയാ ഭീകരസംഘടനക്ക്‌ രൂപം നൽകിയ നവാസ്‌ സഫവി, ശൈഖ്‌ കിസറവിയെ വകവരുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതേക്കുറിച്ച്‌ സഫവി തന്നെ പറയുന്നത്‌ നോക്കുക.
“ഇസ്ലാമിന്റെ ശത്രുവായ കിസറവിയെ ഇസ്ലാമിനോടുള്ള ആവേശവും അഭിനിവേശവും കാരണം എന്റെ കരങ്ങൾ കൊണ്ട്‌ തന്നെ വധിക്കുവാൻ തീരുമാനിച്ചു. എന്റെ കൈയ്യിലുണ്ടായിരുന്ന ഒരു പിസ്റ്റൾ കൊണ്ട്‌ അദ്ദേഹത്തെ ആക്രമിച്ചെങ്കിലും അത്‌ ഫലപ്രദമായില്ല. ഞങ്ങൾ മൂന്ന്‌ മണിക്കൂറോളം തെരുവിൽ വെച്ച്‌ പോരാടിയെങ്കിലും അദ്ദേഹം മരിച്ചില്ല. ജയിൽ മോചിതനായ ശേഷം ഞാൻ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ അവരുടെ (സുന്നികളുടെ) രക്തം ചിന്താൻ ഒരു സംഘടന രൂപീകരിച്ചു. മൂന്ന്‌ മാസത്തിന്‌ ശേഷം കിസറവി ആശുപത്രി വിട്ടു. ഒരിക്കൽ സൈനിക കോടതിക്ക്‌ മുമ്പിൽ വെച്ച്‌ അദ്ദേഹത്തെ കണ്ടെങ്കിലും അദ്ദേഹത്തെ വധിക്കാൻ എന്റെ പക്കൽ ആയുധമുണ്ടായിരുന്നില്ല. തൊട്ടടുത്ത്‌ കണ്ട സൈനികന്റെ കൈയ്യിൽ നിന്ന്‌ തോക്ക്‌ പിടിച്ചു വാങ്ങിയെങ്കിലും എന്റെ മുന്നിൽ ആരുമുണ്ടായിരുന്നില്ല. രണ്ടാം തവണയും അദ്ദേഹം രക്ഷപ്പെട്ടു. ഞാൻ ആയിരക്കണക്കിന്‌ പേരുടെ ഒപ്പുകൾ ശേഖരിച്ച്‌ അദ്ദേഹത്തിനെതിരിൽ പരാതി നൽകി. വിചാരണ ദിവസം കോടതിയിൽ ഹാജരായ അദ്ദേഹത്തെ വധിക്കാൻ ഒരു പത്ത്‌ പ്രതിനിധികളെ ഞാൻ പറഞ്ഞയച്ചു. അവർ അദ്ദേഹത്തെ കൊലപ്പെടുത്തി.“ (സുന്നീ ന്യൂസ്‌ ഡോട്‌ കോം).
നവാബ്‌ സഫവിയുടെ അനുയായിയാണ്‌ ഇപ്പോൾ ഇറാനിലെ ആത്മീയ നേതാവ്‌ ഖാംനഇ. താനും ഖുമൈനിയും നവാബ്‌ സഫവിയുടെ സംഘടനയെ പിന്തുണച്ചിരുന്നുവെന്ന്‌ `മുൻതസരി` തന്റെ ഓർമ്മക്കുറിപ്പിൽ പറയുന്നത്‌ കാണാം. സുന്നികളെ വംശനാശം വരുത്താൻ ഭീകരസംഘടന രൂപീകരിച്ച തീവ്രവാദിയെയാണ്‌ പച്ചപ്പട്ട്‌ വിരിച്ച്‌ ഇഖ്‌വാൻ നേതൃത്വം വരവേറ്റത്‌. `ഫദാ ഇയാൻ` ഇഖ്‌വാന്റെ തുടർച്ചയാണെന്ന്‌ സംഘടനയുടെ പരമോന്നത നേതാവ്‌ പ്രഖ്യാപിക്കുമ്പോൾ ഇഖ്‌വാൻ സുന്നീ ഉൻമൂലന ഉപകരണമാണെന്ന്‌ വിചാരിച്ചാൽ തെറ്റാവുമോ? “ഈ ധീരരക്തസാക്ഷിയുടെ വിശുദ്ധ രക്തം തലമുറകളെ മുന്നോട്ട്‌ നയിക്കാൻ പ്രചോദനമാകും” എന്നൊക്കെയാണ്‌ ഫഥീ യകുനെപ്പോലുള്ളവർ ആവർത്തിച്ചത്‌. എല്ലാം അറിഞ്ഞിട്ടും ഇഖ്‌വാൻ പോലുള്ള ബുദ്ധിജീവികളടങ്ങുന്ന ഒരു സംഘത്തിന്‌ വസ്തുതകൾ ഗ്രഹിക്കാൻ സാധിക്കാതെ പോയതെന്ത്കൊണ്ടാണ്‌? ഉത്തരം ലളിതം. ബന്നയുടെ ചിന്തകളും അധ്യാപനങ്ങളും മാറ്റിവെച്ച്‌ ഇഖ്‌വാനിസത്തിന്‌ നിലനിൽക്കാൻ സാധിക്കില്ല. ഇഖ്‌വാന്റെ താത്വികനായിരുന്ന സഈദ്‌ ഹവ്വ പറയുന്നത്‌ കാണുക.
“ഉസ്താദ്‌ ഹസനുൽ ബന്നയുടെ ചിന്തകളും അധ്യാപനങ്ങളും വീക്ഷണങ്ങളും കൂടാതെ സമ്പൂർണ്ണ സംഘടനയില്ലെന്ന്‌ ഞങ്ങൾ ഉറച്ച്‌ വിശ്വസിക്കുന്നു.” (ഫീ ആഫാഖിത്തആലിം. പേജ്‌ 5).
ഇതായിരിക്കാം ഖുമൈനിസത്തിന്റെ അപകടം വിശദീകരിച്ച്‌ സഈദ്‌ ഹവ്വ എഴുതിയ ഗ്രന്ഥത്തിന്‌ ഇഖ്‌വാൻ വൃത്തങ്ങളിൽ യാതൊരു ചലനവും സൃഷ്ടിക്കാൻ കഴിയാതിരുന്നത്‌. ഹസനുൽ ബന്നയുടെ അപ്രമാദിത്വത്തെക്കുറിച്ച്‌ ഇഖ്‌വാന്റെ കാര്യദർശിയായിരുന്ന ഉമർ തൽമസാനി പറയുന്നത്‌ നോക്കുക.
“മുസ്ലിം ഉമ്മത്തിന്റെ ധാരണകളെ ഏകോപിപ്പിക്കുക, അവരെ വിശ്വാസത്തിലേക്ക്‌ തിരിച്ച്‌ കൊണ്ടുവരിക, സംഘടിപ്പിക്കുക എന്നതൊക്കെയാണല്ലോ വിഷയം. അല്ലാഹു പ്രസ്തുത ദൗത്യത്തിനായി ശഹീദ്‌ ഹസനുൽ ബന്നയെ തെരഞ്ഞെടുത്തു.” (ദിക്‌റയാത്തുൻ ലാ മുദക്കിറാത്തുൻ. 8).
മുസ്ലിംകളെ വിശ്വാസത്തിലേക്ക്‌ തിരിച്ചു കൊണ്ട്‌ വരാൻ അല്ലാഹുവിനാൽ നിയുക്തനായത്‌ കൊണ്ടുതന്നെ ബന്നയുടെ ചിന്തകളെ തിരസ്കരിക്കാൻ സംഘടനക്കാവില്ലല്ലോ? അപ്പോൾ ശീഇസത്തോടുള്ള ഇഖ്‌വാന്റെ നിലപാട്‌ അറിയണമെങ്കിൽ ബന്നയുടെ ഈ വിഷയത്തിലുള്ള നിലപാട്‌ പരിശോധിക്കേണ്ടി വരും. ഉമർ തൽമസാനി തന്നെ പറയുന്നത്‌ കാണുക.
“എന്റെ ഓർമ്മ ശരിയാണെങ്കിൽ നാൽപതുകളിൽ റാഫിളീ ശീഇസത്തിന്റെ ആചാര്യൻ തഖി ഖുമ്മി ഇഖ്‌വാൻ ആസ്ഥാനത്ത്‌ അഥിതിയായെത്തി ഹസനുൽ ബന്ന സുന്നീ-ശീഈ ഐക്യത്തിനായി കഠിന പരിശ്രമം നടത്തുന്ന സമയമായിരുന്നു. അത്‌ സുന്നീ-ശീഈ ഭിന്നതയുടെ വ്യാപ്തിയെക്കുറിച്ച്‌ ഞങ്ങൾ അദ്ദേഹത്തോട്‌ ചോദിച്ചു. ഇത്തരം അനാവശ്യ പ്രശ്നങ്ങളിൽ ഇടപെടുന്നത്‌ അദ്ദേഹം വിലക്കി. സുന്നികളും ശീഇകളും സത്യസാക്ഷ്യം അംഗീകരിക്കുന്ന വിശ്വാസികളാണെന്ന്‌ മനസ്സിലാക്കുക. അതാണ്‌ വിശ്വാസത്തിന്റെ അടിസ്ഥാനം. അതിൽ അവർ രണ്ട്‌ കൂട്ടരും തുല്ല്യരും ശുദ്ധരുമാണ്‌ അവർ തമ്മിലുള്ള അഭിപ്രായാന്തരങ്ങൾ യോജിപ്പിലെത്താനാകും.“ (ദിക്‌റയാത്തുൻ 249,250).
സുന്നികളും ശീഇകളും കലിമ പറയുന്നത്‌ കൊണ്ട്‌ അവർക്കിടയിൽ ഹസനുൽ ബന്ന യാതൊരു വ്യത്യാസവും കാണുന്നില്ല. ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്നത്‌ സമുദായത്തെ ഭിന്നതയിലേക്ക്‌ നയിക്കും. അതിനാൽ സമുദായത്തെ ഐക്യത്തിലേക്ക്‌ നയിക്കുകയാണാവശ്യം. ഇതിന്റെയൊക്കെ ഫലമായി പല ഇഖ്‌വാനികളും ശീഇസത്തിലേക്ക്‌ ചേക്കേറുകയുണ്ടായി. നൂറ്റാണ്ടുകളായി ശീഈ സാന്നിദ്ധ്യം ഇല്ലാതിരുന്ന ഈജിപ്തിൽ ദാറുത്തഖ്‌രീബിന്റെ പരിശ്രമ ഫലമായി ഇന്ന്‌ ലക്ഷക്കണക്കിന്‌ ശിയാക്കൾ ഉണ്ടെന്നാണറിവ്‌. അബ്ദുരൃമാൻ സാആത്തിയെ പോലുള്ള ഇഖ്‌വാനികൾ ശിയാ പാളയത്തിലെത്തിയ കഥ ഇഖ്‌വാൻ ചരിത്രകാരൻ പറയുന്നത്‌ കാണാം. (അഹ്ദാസുൻ 2/446).
സംഘടനയുടെ വീക്ഷണം ഒന്നുകൂടി വ്യക്തമാക്കിക്കൊണ്ട്‌ ഉമർ തൽമസാനി പറയുന്നത്‌ നോക്കുക: ”സുന്നികളും ശീഇകളുമില്ല. മുസ്ലിംകൾ മാത്രമാണുള്ളത്‌. സുന്നീ-ശീഈ രജ്ഞിപ്പിന്‌ വേണ്ടി പ്രവർത്തിക്കലാണ്‌ ഇക്കാലത്തെ ഫുക്വഹാക്കളുടെ പ്രഥമ ബാധ്യത.“ (അൽ മുഖ്താറുൽ ഇസ്ലാമി ലക്കം 37 ഒക്ടോബർ 1985).
സുന്നീ-ശീഈ വിഭജനത്തിൽ വിശ്വസിക്കാത്തത്‌ കൊണ്ട്‌ സുന്നികളെ ഉൻമൂലനം നടത്താൻ ഭീകര സംഘടനയുണ്ടാക്കിയ നവാബ്‌ സഫവിയുടെ രക്തസാക്ഷി ദിനം ഇഖ്‌വാൻ സമുചിതമായി ആചരിക്കാറുണ്ടായിരുന്നുവെന്നാണ്‌ മുൻകാര്യദർശി ഉമർ തൽമസാനി തന്റെ ഓർമക്കുറിപ്പിൽ പറയുന്നത്‌. (മുദക്കിറാത്തുൻ....131).
ശീഇകളെ സംബന്ധിച്ചുള്ള ഏത്‌ സംസാരവും കുഴപ്പം സൃഷ്ടിക്കലാണ്‌, ഇത്തരം കാര്യങ്ങളിൽ ഇടപെടാതിരിക്കലാണ്‌ നമ്മുടെ നയം എന്നാണ്‌ മുൻകാര്യദർശി മുഹമ്മ്ദ ഹാമിദ്‌ അബുന്നസ്ര് പറയുന്നത്‌. ഇതിനുവേണ്ടി ഒരു ഉസ്വൂലീ തത്വം തന്നെ ഇഖ്‌വാനികൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. മുൻകാര്യദർശി മഹ്ദി ആകിഫിന്റെ വീക്ഷണപ്രകാരം യോജിപ്പുള്ള കാര്യങ്ങളിൽ പരസ്പരം സഹകരിക്കുകയും വിയോജിപ്പുള്ള കാര്യങ്ങളിൽ പരസ്പരം വിട്ടുവീഴ്ച്ച ചെയ്യുകയും ചെയ്യുക എന്നതത്രെ അത്‌. ഈ തത്വപ്രകാരം രാഷ്ട്രീയ നേട്ടത്തിനായി പരസ്പരം യോജിക്കുകയും ക്വുർആൻ തിരുത്തപ്പെട്ടതാണ്‌, പ്രവാചകൻ സന്ദേശത്തിൽ വെള്ളം ചേർത്തു, സ്വഹാബികൾ കാഫിറുകളാണ്‌, ഉമ്മഹാതുൽ മുഅ​‍്മിനീൻ വ്യഭിചാരിണികളാണ്‌ തുടങ്ങിയ `ശാഖാപരമായ` വിയോജിപ്പുള്ള കാര്യങ്ങളിൽ ശിയാക്കളോട്‌ വിട്ടുവീഴ്ച്ച നൽകാവുന്നതാണ്‌. ദശലക്ഷണക്കിന്‌ സുന്നികളെ ഇറാക്വിലും സിറിയയിലും ഇറാനും ശീഈ ഭീകര സംഘങ്ങളും കൊലപ്പെടുത്തിയപ്പോൾ ഖർദാവിയെ പോലുള്ള ചിലർക്കല്ലാതെ ഒരു നിലപാടെടുക്കാൻ സാധിക്കാതിരിക്കുന്നത്‌ ഇത്തരം സൈദ്ധാന്തിക പിടിവാശികൾ കൊണ്ടാണെന്ന്‌ ഇഖ്‌വാൻ നേതൃത്വം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അഥവാ, തിരിച്ചറിയാൻ ഇഖ്‌വാൻ നേതൃത്വമില്ല എന്ന്‌ പറയുന്നതാവും കൂടുതൽ ശരി. കാരണം, ഇതൊക്കെ ശാഖാപരമായ കാര്യങ്ങളല്ലേ!!? മുൻ കാര്യദർശി മഹ്ദീ ആകിഫ്‌ തന്നെ പറയട്ടെ.
“പ്രമുഖ ശീഈ വിഭാഗങ്ങളായ ഇമാമിയ, ജഅ​‍്ഫരി, സൈദി എന്നിവരോട്‌ വിശ്വാസ കാര്യങ്ങളിൽ യോജിക്കുന്നു. ശാഖാപരമായ കാര്യങ്ങളിൽ മാത്രമാണ്‌ വിയോജിപ്പ്‌. സുന്നീ-ശീഈ വിഭാഗങ്ങൾ എല്ലാം തന്നെ പരിഗണിക്കപ്പെടേണ്ടതും സ്വർഗ്ഗത്തിലേക്ക്‌ നയിക്കുന്നതുമാണ്‌.” (അൽ ജസീറ നെറ്റ്‌. 3/10/2004).
മുസ്ലിം ലോകത്തെ ശിയാ കടന്നുകയറ്റത്തെക്കുറിച്ച്‌ ചോദിച്ചപ്പോൾ, “അതിൽ ഞാനൊരു കുഴപ്പവും കാണുന്നില്ല, ഇസ്ലാമിക സഹകരണ കൗൺസിലിൽ അൻപത്തിയാറ്‌ സുന്നീ രാഷ്ട്രങ്ങളില്ലേ?” എന്നായിരുന്നു പ്രതികരണം. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച്‌ ആരാഞ്ഞപ്പോൾ, അവർക്ക്‌ ആണവ പദ്ധതി നടപ്പാക്കാൻ അവകാശമുണ്ടെന്ന്‌ മാത്രമല്ല അണുബോംബ്‌ നിർമ്മിക്കാനും അവകാശമുണ്ടെന്നായിരുന്നു ആകിഫിന്റെ പ്രതികരണം. (അന്നഹാർ. ലക്കം 470. 2008).
ഇറാൻ-ഇഖ്‌വാൻ ബന്ധത്തെക്കുറിച്ച്‌ ഉമർ തൽമസാനി പറയുന്നത്‌ നോക്കുക: “ഇറാനെ ആക്രമിക്കുന്ന ഒരാളെയും ഇഖ്‌വാനികളുടെ കൂട്ടത്തിൽ എനിക്കറിയില്ല. ഇറാന്റെ സഖ്യകക്ഷിയായ സിറിയയിലെ ഭരണകൂടത്തിനെതിരിൽ ശബ്ദിക്കുന്ന സിറിയയിലെ ഇഖ്‌വാനികൾക്കിടയിൽ ചില അപവാദങ്ങൾ കണ്ടേക്കാം. എന്നാൽ, ഇത്‌ ഔദ്യോഗികമായ നിലപാടല്ല. സിറിയയിലെ ഇഖ്‌വാൻ നേതാവായ സഈദ്‌ ഹവ്വയുടെ ലേഖനങ്ങളിലെ വ്യക്തിപരമായ പരാമർശങ്ങൾ മാത്രമാണ്‌.” (ക്രസന്റ്‌ ഇന്റർനാഷനൽ. 12/6/1984).
സുന്നികളും ശീഇകളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം സാമ്രാജ്യത്വ ശക്തികളുടെ സൃഷ്ടിയാണെന്നാണ്‌ പ്രമുഖ ഇഖ്‌വാൻ ബുദ്ധിജീവിയായിരുന്ന മുഹമ്മദുൽ ഗസാലിയുടെ വീക്ഷണം.

ഇഖ്‌വാനും ഇറാൻ വിപ്ളവവും

വിപ്ളവ രാഷ്ട്രീയ സഖ്യം അന്വേഷിച്ച്‌ നടന്ന ഇഖ്‌വാന്‌ ലഭിച്ച ഒരു സൗഭാഗ്യമായിരുന്നു ഇറാൻ വിപ്ളവവും ഖുമൈനിയും. ഖുമൈനിയുടെ വിപ്ളവത്തെ പിന്തുണക്കാൻ ഇഖ്‌വാന്‌ രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല. ഇഖ്‌വാന്റെ വിദേശകാര്യ ബന്ധങ്ങളുടെ കാര്യദർശിയായിരുന്ന യൂസുഫ്‌ നദാ അൽ ജസീറയുമായി നടത്തിയ അഭിമുഖത്തിൽ, വിപ്ളവത്തിന്‌ മുമ്പ്‌ തന്നെ ഖുമൈനിയുമായി ഇഖ്‌വാൻ നേതൃത്വം നടത്തിയ കൂടിക്കാഴ്ച്ചകളെക്കുറിച്ച്‌ പറയുന്നുണ്ട്‌. പാരീസിലെത്തിയ ഖുമൈനിയെ ഇഖ്‌വാൻ സംഘം ചെന്ന്‌ പിന്തുണയറിയിച്ച കാര്യം അദ്ദേഹം വിശദീകരിക്കുന്നുണ്ട്‌. ഇറാനിൽ വിമാനമിറങ്ങിയ ഖുമൈനിയുടെ തൊട്ടു പിന്നാലെ ഇഖ്‌വാൻ പ്രതിനിധികൾ പ്രത്യേക വിമാനത്തിൽ ടെഹ്‌റാനിൽ ചെന്നിറങ്ങി. വിപ്ളവത്തിന്‌ ശേഷം ടെഹ്‌റാനിലിറങ്ങിയ മൂന്നാമത്തെ വിമാനം ഇഖ്‌വാനികളുടേതായിരുന്നു എന്നാണ്‌ യൂസുഫ്‌ നദ പറയുന്നത്‌. ഖുമൈനി വിപ്ളവവുമായി രംഗത്ത്‌ വന്നപ്പോൾ ഞങ്ങൾ കൂടെ നിൽക്കുകയും പിന്തുണക്കുകയും ചെയ്തിരുന്നുവെന്നാണ്‌ ഉമർ തൽമസാനി `അൽ മുസ്വവ്വിർ` മാസികക്ക്‌ നൽകിയ അഭിമുഖത്തിൽ പറയുന്നത്‌. ഇറാനിൽ വിപ്ളവം വിജയിച്ചതോടെ ഇസ്ലാം പുതിയൊരു നാഗരിക ഘട്ടത്തിലേക്ക്‌ കടന്നുവെന്നാണ്‌ റാഷിദ്‌ ഗനൂഷി ഉദ്ഘോഷിച്ചത്‌. ഇസ്ലാമിക്‌ ട്രെന്റ്‌ മൂവ്മെന്റിന്റെ മുഖപത്രമായ `അൽ മഅ​‍്‌രിഫ`യിൽ പ്രവാചകൻ ഇറാനെ നേതൃത്വത്തിലേക്ക്‌ തിരഞ്ഞെടുക്കുന്നു എന്ന തലക്കെട്ടിൽ ഗന്നൂഷി എഴുതിയ ലേഖനത്തിൽ, മഹാനായകനും ധീര മുസ്ലിമുമായ ഇമാം ഖുമൈനിയുടെ നേതൃത്വത്തിൽ ഇസ്ലാമിന്റെ പതാകയേന്താൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്നും ഇസ്ലാമിക പ്രസ്ഥാനം പ്രധാനമായും മൂന്ന്‌ ധാരകളാണെന്നും ഇഖ്‌വാനും മൗദൂദിയുടെ ജമാഅത്തെ ഇസ്ലാമിയും ഖുമൈനിയുടെ പ്രസ്ഥാനവുമാണ്‌ അവയെന്നും അദ്ദേഹം തുടർന്നെഴുതുകയുണ്ടായി.
ഇസ്ലാമിക നവജാഗരണം വിശ്വാസവും അറിവും ധാരണകളും രൂപീകരിച്ചത്‌ ഹസനുൽ ബന്നയുടെയും സയ്യിദ്‌ ഖുതുബിന്റെയും ഇമാം ഖുമൈനിയുടെയും ചിന്താധാരകളിൽ നിന്നാണെന്നാണ്‌ ഫഥീ യകൻ പറയുന്നത്‌. (അൽ മുത്വഗയ്യിറാത്തുദ്ദൗലിയ്യ വദ്ദൗറുൽ മത്ലൂബ്‌ 67,68). ഇപ്പോൾ അനുഭവത്തിൽ നിന്നും പാഠം പഠിച്ച ശേഷം കടുത്ത ശീഈ വിമർശകനും ഇറാൻ വിരോധിയുമായ ഖർദാവി നേരത്തെ ഖുമൈനിയെക്കുറിച്ച്‌ പറഞ്ഞിരുന്നത്‌ എന്തായിരുന്നു എന്ന്‌ നോക്കുക.
“പ്രസ്തുത നവജാഗരണത്തിന്റെ സൽഫലങ്ങളും പ്രത്യക്ഷ തെളിവുമാണ്‌, ദർശനം, വിശ്വാസം, ആരാധന, സ്വഭാവം, സംസ്കാരം, നിയമശാസ്ത്രം, ഇടപാടുകൾ, കുടുംബ ബന്ധം, വ്യക്തി-സമൂഹ-അന്തർ ദേശീയ ബന്ധങ്ങൾ തുടങ്ങി ജീവിതത്തിലെ സകല മേഖലകളെയും ഉൾക്കൊള്ളുന്ന സന്ദേശമായി ഇസ്ലാമിനെ ഉൾക്കൊണ്ട രാഷ്ട്രം സ്ഥാപിച്ച രണ്ട്‌ ഇസ്ലാമിക വിപ്ളവങ്ങൾ. 1979ൽ ഇമാം ആയത്തുല്ല ഖുമൈനി സ്ഥാപിച്ച ഇറാനിലെ ഇസ്ലാമിക വിപ്ളവമാണ്‌ ഇതിലൊന്ന്‌.” (ഉമ്മത്തുൻ ബൈന ഖർനൈൻ 112).
ഇറാനെയും ശീഇസത്തെയും അന്ധമായി പിന്തുണക്കുന്ന പല നിലപാടുകളും ഇഖ്‌വാൻ കൈകൊണ്ടതായി കാണാം. ഇറാൻ-ഇറാക്വ്‌ യുദ്ധ ഘട്ടത്തിലും, ഇറാൻ ആയുധവം സൈനിക പരിശീലനവും നൽകി വളർത്തിയ യെമനിലെ ശീഈ പോരാളികളായ ഹൂഥികളെ നേരിട്ട സുഊദിയോടുള്ള നിലപാടും, ഈജിപ്തിൽ ഹിസ്ബുല്ല തീവ്രവാദികളുടെ ഒളി പ്രവർത്തനങ്ങൾ പിടികൂടിയപ്പോഴുമെല്ലാം ഇഖ്‌വാൻ ശത്രുപക്ഷത്തായിരുന്നു നിലയുറപ്പിച്ചിരുന്നത്‌. ചുരുക്കത്തിൽ, സൈദ്ധാന്തികമായും ധാർമികമായും ഇറാൻ വിപ്ളവത്തെ പിന്തുണച്ച ഇഖ്‌വാനെ സുന്നീ സമൂഹങ്ങളിലെ തങ്ങളുടെ മാർക്കറ്റിംഗ്‌ ഏജൻസിയായി ഇറാൻ ഉപയോഗപ്പെടുത്തുകയായിരുന്നു.
ഇറാൻ വിപ്ളവം വിജയിച്ചപ്പോൾ പിന്തുണയറിയിച്ചു കൊണ്ട്‌ പ്രത്യേക വിമാനത്തിൽ ഖുമൈനിയെ സന്ദർശിച്ച ഇഖ്‌വാൻ പ്രതിനിധി സംഘത്തിന്റെ യാത്രയോടനുബന്ധിച്ച്‌ സംഘടന പുറത്തിറക്കിയ പ്രസ്താവന കുവൈറ്റിലെ ഇഖ്‌വാനികളുടെ മുഖപത്രം `അൽ മുജ്തമഅ​‍്‌` പ്രസിദ്ധീകരിച്ചത്‌ ഇപ്രകാരം. “അമേരിക്ക, യൂറോപ്പ്‌, അറബ്‌ രാഷ്ട്രങ്ങൾ എന്നീ രാജ്യങ്ങളിലെ ഇഖ്‌വാന്റെ പ്രാദേശിക ഘടകങ്ങൾ തുർക്കി, പാക്കിസ്ഥാൻ, ഇന്ത്യ, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ, മലേഷ്യ, ഫിലിപ്പിൻസ്‌ എന്നീ രാഷ്ട്രങ്ങളിലെ ഇസ്ലാമിക പ്രസ്ഥാന നായകർ എന്നിവരുടെ ആഹ്വാന പ്രകാരം ഇഖ്‌വാനുൽ മുസ്ലിമൂൻ ഒരു പ്രതിനിധി സംഘം രൂപീകരിച്ച്‌ ഒരു പ്രത്യേക വിമാനത്തിൽ ടെഹ്‌റാനിലെത്തി ഇമാം ഖുമൈനിയുമായി കൂടിക്കാഴ്ച്ച നടത്തുകയും പ്രതിനിധി സംഘത്തിലടങ്ങിയ ആഗോള ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു. ഇഖ്‌വാനുൽ മുസ്ലിമൂൻ, തുർക്കിയിലെ സലാമാ പാർട്ടി, പാക്കിസ്ഥാൻ ജമാഅത്തെ ഇസ്ലാമി, ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി, ഇന്തോനേഷ്യയിലെ മാസൂമീ പാർട്ടി, മലേഷ്യയിലെ മുസ്ലിം യൂത്ത്‌ ഓർഗനൈസേഷൻ, ഫിലിപ്പിൻസിലെ അൽ ജമാഅത്തുൽ ഇസ്ലാമിയ്യ എന്നിവരുടെ പ്രതിനിധികളായിരുന്നു സംഘാംഗങ്ങൾ. ഇസ്ലാമിന്റെ മഹത്വം ഉത്ഘോഷിക്കുന്നതായിരുന്നു കൂടിക്കാഴ്ച്ച. വംശീയവും ദേശീയവും വിഭാഗീയവുമായ വിവേചനങ്ങൾ തുടച്ചു നീക്കൽ അനിവാര്യമായ ഘട്ടത്തിൽ ഇസ്ലാമിന്റെ ശക്തി വിളിച്ചോതിയ പ്രസ്തുത കൂടിക്കാഴ്ച്ചയിൽ ഖുമൈനി വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളുകയും ലോകത്തിലെ ഇസ്ലാമിക വിപ്ളവങ്ങളുടെ വിജയത്തിന്റെ ബാക്കിപത്രമാണ്‌ ഇറാൻ വിപ്ളവത്തിന്റെ വിജയമെന്ന്‌ ഊന്നിപ്പറയുകയും ചെയ്തു. അല്ലാഹു ഷാ പഹ്ലവിക്കെതിരിൽ ഖുമൈനിക്ക്‌ വിജയം നൽകി അനുഗ്രഹിച്ചു. എല്ലാ ഖുമൈനിമാരും തങ്ങളുടെ ഷാ മാർക്കെതിരിൽ വിജയിക്കാൻ പോകുന്നു. ഇസ്ലാമിക പ്രസ്ഥാനങ്ങൾ ഇറാൻ വിപ്ളവത്തെ പിന്തുണച്ച പോലെ എല്ലായിടത്തും മുഴുവൻ ശക്തിയുമുപയോഗിച്ച്‌ പ്രവർത്തിക്കുന്നതാണ്‌. ഇറാൻ ഉപപ്രധാനമന്ത്രി ഇബ്‌റാഹീം യസ്ദിയുമായി ഭാവിയിൽ എങ്ങനെയാണ്‌ പരസ്പരം സഹകരിക്കേണ്ടതെന്ന്‌ സംഘം ചർച്ച ചെയ്തു. പ്രസിഡന്റ്‌ മഹ്ദി ബാസർഖാനെ സന്ദർശിച്ച സംഘം, ഒരു ടെലിവിഷൻ അഭിമുഖത്തിൽ മുസ്ലിം ലോകത്തും പുറത്തും ഇറാൻ വിപ്ളവത്തിന്‌ ഐക്യദാർഢ്യ പ്രഖ്യാപനം നടത്താൻ ആഹ്വാനം ചെയ്തു. (അൽ മുജ്തമഅ​‍്‌. ലക്കം 434/25-2-1979).
ഇമാമത്തിന്റെ പേരിലുള്ള അഭിപ്രായ വ്യത്യാസം വിശ്വാസപരമല്ലെന്നും കേവലം രാഷ്ട്രീയ പ്രശ്നമാണെന്നും അംഗീകരിച്ചാൽ ലോകത്തുള്ള മുഴുവൻ ഇഖ്‌വാൻ ഗ്രൂപ്പുകളും ഖുമൈനിയെ മുസ്ലിംകളുടെ ഖലീഫയായി അംഗീകരിക്കാമെന്ന്‌ സംഘം നിർദ്ദേശിച്ചുവെങ്കിലും ഖുമൈനി അപ്പോൾ ഒന്നും പ്രതികരിച്ചില്ല. എന്നാൽ ഇറാൻ ഭരണഘടന തയ്യാറാക്കിയപ്പോൾ “ജഅ​‍്ഫരീ മധബ്‌ രാഷ്ട്രത്തിന്റെ ഔദ്യോഗിക മധബാണെന്നും അദൃശ്യനായ ഇമാമിനെ പ്രതിനിധീകരിച്ചുകൊണ്ടുള്ള വിലായത്തുൽ ഫക്വീഹ്‌ സംവിധാനമാണ്‌ ഭരണരീതിയെന്നും തുറന്ന്‌ പ്രഖ്യാപിക്കുകയുണ്ടായി. പിന്നീട്‌ ഖുമൈനിയുടെ നേതൃത്വത്തിൽ ഇറാനിലെ സുന്നീ സമൂഹത്തെ ഉൻമൂലനം ചെയ്യുന്ന പദ്ധതികൾ തകൃതിയായി നടന്നു. മുസ്ലിം രാഷ്ട്രങ്ങളിലേക്ക്‌ വിപ്ളവം കയറ്റിയയക്കാനുള്ള പദ്ധതികൾ ഊർജ്ജിതമായി നടപ്പാക്കി ഇഖ്‌വാൻ എല്ലാം നോക്കിനിന്നു. സ്വന്തം അനുയായികളെ ഇറാന്റെ സഹായത്തോടെ മുപ്പതിനായിരത്തിൽ പരം വരുന്ന ഇഖ്‌വാനികളെ ഹാഫിസുൽ അസദിന്റെ കിരാത സൈന്യം ക്രൂരമായി കൊലപ്പെടുത്തിയതിനെതിരെ പ്രതികരിച്ച സഈദ്‌ ഹവ്വയുടെ പ്രസ്താവന സംഘടനയുടേതല്ലെന്നും വ്യക്തിപരമാണെന്നും പറഞ്ഞുകൊണ്ട്‌ കൈ കഴുകിയ കാര്യദർശിയുടെ പ്രസ്താവന നാം കണ്ടു. ഇപ്പോൾ മുസ്ലിം ലോകത്താകമാനം ഭീതി പടർത്തി ശീഇസം പത്തി വിടർത്തിയാടുമ്പോഴും  ഇഖ്‌വാൻ കാഴ്ച്ചക്കാരായി നിൽക്കുകയാണ്‌. പരസ്പര വിയോജിപ്പുള്ള കാര്യങ്ങളിൽ നാം അന്യോന്യം വിട്ടുവീഴ്ച്ച ചെയ്യുമെന്ന സിദ്ധാന്തം കണ്ടുപിടിച്ച ബുദ്ധി അപാരം തന്നെ. സുന്നീ ലോകത്തിന്‌ കടുത്ത ദുരിതങ്ങൾ വരുത്തി വെച്ച ഖുമൈനി മൃതിയടഞ്ഞപ്പോൾ ഇഖ്‌വാൻ കാര്യദർശി ഹാമിദ്‌ അബുന്നസ്ര് അനുശോചിച്ചത്‌ ഇപ്രകാരമായിരുന്നു.
“ഇഖ്‌വാനുൽ മുസ്ലിമൂൻ അല്ലാഹുവിങ്കൽ ഇസ്ലാമിന്റെ നഷ്ടപുത്രൻ ഇമാം ഖുമൈനിക്ക്‌ പ്രതിഫലം കാംക്ഷിക്കുന്നു. ധിക്കാരികൾക്കെതിരിൽ വിപ്ളവം നടത്തിയ അദ്ദേഹത്തിന്‌ പാപമോചനവും കാരുണ്യവും തേടുകയും ഇറാൻ ഇസ്ലാമിക്‌ റിപ്പബ്ളിക്കിനും ഇറാൻ ജനതക്കും നേരിട്ട നഷ്ടത്തിൽ ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.” (അൽ ഗുറബാ. ലക്കം 7/1986).
നിങ്ങൾ യഥാർത്ഥ ജഅ​‍്ഫരീ വിശ്വാസിയാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇഖ്‌വാനിൽ ചേരുക എന്ന ശീഈ ഭീകരസംഘത്തിന്റെ നേതാവ്‌ നവാബ്‌ സഫവിയുടെ ആഹ്വാനം എന്തുമാത്രം ചിന്തനീയമാണ്‌!?

No comments:

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal