} -->

ഇന്ത്യയിലെ മുസ്ലിം സഹോദരങ്ങളോട്

ഇന്ത്യയിലെ മുസ്ലിം സഹോദരങ്ങളോട്
ശൈഖ് മുഹമ്മദ് സഇൗദ് റസ്ലാൻ
വിവർത്തനം: ഡോ: അബ്ദുർറഹ്മാൻ ആദൃശ്ശേരി

സർവ്വ സ്തുതിയും അല്ലാഹുവിന് മാത്രം. അല്ലാഹുവിന്റെ രക്ഷയും അനുഗ്രഹങ്ങളും അവന്റെ തിരുദൂതർക്ക് മേൽ വർഷിക്കട്ടെ. ഇന്ത്യയിലെ എന്റെ മുസ്ലിം സഹോദരങ്ങളോട് (അല്ലാഹു അവരെ രക്ഷിക്കുകയും ഇസ്ലാമിലും സുന്നത്തിലും ഉറപ്പിച്ചു നിർത്തുകയും സന്മാർഗ പാതയിൽ നിലനിർത്തുകയും വഴികേടുകളിൽ നിന്ന് രക്ഷിക്കുകയും ചെയ്യട്ടെ) ഇക്കാലത്ത് ഇസ്ലാമും മുസ്ലിംകളും സത്യനിഷേധികളിൽ നിന്നും മതവിരുദ്ധരിൽ നിന്നും ചരിത്രത്തിൽ മുമ്പൊന്നുമില്ലാത്ത വിധം പരീക്ഷണങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്ന കാര്യം നിങ്ങൾക്ക് അറിവുള്ളതാണല്ലോ. ഇസ്ലാമിനെ ആക്രമിക്കുന്ന കാര്യത്തിൽ സത്യനിഷേധികളും ബഹുദൈവ വിശ്വാസികളും ഒറ്റക്കെട്ടായിരിക്കുന്നു. അവർ പരസ്പരം അങ്കം വെട്ടുന്നവരും അന്യോന്യം നശിപ്പിക്കാൻ തക്കം പാർത്തിരിക്കുന്നവരും കടുത്ത ശത്രുക്കളുമാണെങ്കിലും ഒരേ വില്ലിൽ നിന്നാണ് അവർ ഇസ്ലാമിനെതിരിൽ അമ്പ് കുലക്കുന്നത്. മുസ്ലിംകളോടും ഇസ്ലാമിനോടുമുള്ള ശത്രുതയിൽ അവർ ഒറ്റക്കെട്ടാണ്.
എന്നാൽ അവർ അവർക്ക് തന്നെയാണ് ഉപദ്രവം ചെയ്യുന്നത്. അവരുടെ ചതിപ്രയോഗങ്ങൾ അവർക്ക് തന്നെയാണ് വിനാശം വിതക്കുക. അല്ലാഹു പറയുന്നു:
............
“തീർച്ചയായും സത്യനിഷേധികൾ തങ്ങളുടെ സ്വത്തുക്കൾ ചിലവഴിക്കുന്നത് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിന്ന് (ജനങ്ങളെ) പിന്തിരിപ്പിക്കാൻ വേണ്ടിയത്രെ. അവർ അത് ചിലവഴിക്കും. പിന്നീട് അതവർക്ക് ഖേദത്തിന് കാരണമായിത്തീരും. അനന്തരം അവർ കീഴക്കപ്പെടുകയും ചെയ്യും. സത്യനിഷേധികൾ നരകത്തിലേക്ക് വിളിച്ച്കൂട്ടപ്പെടുന്നതാണ്.
അല്ലാഹു നല്ലതിൽ നിന്ന് ചീത്തയെ വേർതിരിക്കാനും ചീത്തയെ ഒന്നിനുമേൽ മറ്റൊന്നായി ഒന്നിച്ച കൂമ്പാരമാക്കി നരകത്തിലിടാനും വേണ്ടിയത്രെ അത്. അക്കൂട്ടർ തന്നെയാണ് നഷ്ടം പറ്റിയവർ.” (അൻഫാൽ 36,37).
ഇന്ത്യയിലെ എന്റെ മുസ്ലിം സഹോദരങ്ങളേ! (അല്ലാഹു അവരെ സംരക്ഷിക്കട്ടെ).
ഇസ്ലാമിനെ നൽകി അല്ലാഹു നിങ്ങളെ ആദരിക്കുകയും അനുഗ്രഹം ചൊരിയുകയും ചെയ്തിരിക്കുന്നു. അതാണ് ഏറ്റവും മഹത്തരവും ഉന്നതവുമായ അനുഗ്രഹം. മുസ്ലിംകൾ അവരുടെ റസൂലിനെ ധിക്കരിച്ചാൽ അവർക്ക് ഹിതകരമല്ലാത്തത് സംഭവിക്കുമെന്ന് അല്ലാഹു ക്വുർആനിൽ പറഞ്ഞിട്ടുണ്ട്. അതിൽ നിന്നും രക്ഷപ്പെടണമെങ്കിൽ അവർ സത്യവാൻമാരാകണം. പരീക്ഷണങ്ങൾക്ക് വിധേയരാവുകയും വേണം. അപ്പോൾ, റസൂലിനെ ധിക്കരിക്കുക എന്നത് ആര് ചെയ്താലും അതിന്റെ പ്രതിഫലം അവരെ ബാധിക്കുന്നതാണ്. അല്ലാഹു മാപ്പു നൽകിയവരൊഴികെ.
ഉഹ്ദ് യുദ്ധവേളയിൽ അമ്പെയ്ത്തുക്കാർ തിരുമേനിയുടെ കൽപനക്ക് വിരുദ്ധം പ്രവർത്തിച്ചപ്പോൾ നബിക്കും സ്വഹാബികൾക്കും പല പ്രയാസങ്ങളും നേരിടേണ്ടി വന്നു. തിരുമേനിയുടെ പല്ല് പൊട്ടിപ്പോവുകയും ശരീരത്തിൽ മുറിവേൽക്കുകയും ശിരോകവചത്തിന്റെ കൊളുത്ത് തട്ടി തിരുവദനത്തിൽ മുറിവേൽക്കുകയും ചെയ്തു. സ്വഹാബികളിൽ എഴുപത് പേർ രക്തസാക്ഷികളായി. പലർക്കും മുറിവേറ്റു. അവർക്ക് ദുരിതങ്ങളേറ്റു. അതിന്റെ കാരണം വിശദീകരിച്ചു കൊണ്ട് അല്ലാഹു പറയുന്നത് നോക്കുക:
............
“നിങ്ങൾക്ക് ഒരുവിപത്ത് (ഉഹ്ദിൽ) നേരിട്ടപ്പോൾ അതിന്റെ ഇരട്ടി നിങ്ങൾ ശത്രുക്കൾക്ക് (ബദ്റിൽ) വരുത്തി വെച്ചിട്ടുണ്ടായിരുന്നു. ഇതെന്തുകൊണ്ട് സംഭവിച്ചുവെന്നവർ ചോദിക്കുന്നു. ഇതു നിങ്ങളുടെ ചെയ്തികൾ കൊണ്ട് തന്നെയാണെന്ന് പറയുക. അല്ലാഹു എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാണ്.” (ആലു ഇംറാൻ 165).
പ്രവാചകന്മാർക്ക് ശേഷം ഭൂമിയിൽ ഏറ്റവും ഉൽകൃഷ്ടരായ ജനതയോട് ഇത് നിങ്ങൾ വരുത്തിവെച്ചതാണന്ന് പറഞ്ഞ അല്ലാഹുവിന്റെ വാക്കുകൾ ശ്രദ്ധിക്കുക.
മുസ്ലിംകൾക്ക് നിന്ദ്യത വരുത്തിവെക്കാനിടയാക്കുന്ന ചില കാര്യങ്ങളെ കുറിച്ച് നബി തിരുമേനി മുന്നറിയിപ്പ് നൽകിയത് ഇപ്രകാരം:
“നിങ്ങൾ സൂത്രത്തിൽ പലിശയിടപാട് നടത്തുകയും പശുവിന്റെ വാല് പിടിക്കുകയും (കൃഷിപ്പണിക്ക്) കൃഷി കൊണ്ട് തൃപ്തിപ്പെടുകയും ജിഹാദ് ഉപേക്ഷിക്കുകയും ചെയ്താൽ അല്ലാഹു നിങ്ങൾക്ക് നിന്ദ്യതയെ വരുത്തുന്നതാണ്. പിന്നീട് നിങ്ങൾ ദീനിലേക്ക് മടങ്ങിയാലല്ലാതെ അല്ലാഹു ആ നിന്ദ്യത നിങ്ങളിൽ നിന്നും ഒഴിവാക്കുകയില്ല.
സഹോദരങ്ങളേ! നാം നമ്മുടെ രക്ഷിതാവിനെ അനുസരിക്കാതെ നന്മ ചെയ്തും തിന്മ വെടിഞ്ഞും ദീനിനെ നമ്മുടെ ജീവിതത്തിൽ പ്രവർത്തികമാക്കാതെ ശത്രുക്കൾക്കെതിരിൽ വിജയം വരിക്കാൻ നമ്മുക്കാവില്ല.
സഹോദരങ്ങളേ! അല്ലാഹു അവന്റെ ദൂതനെ സന്മാർഗവും സത്യദീനുമായി നിയോഗിച്ചു. തൗഹീദും സുന്നത്തും ഉപകാരപ്രദമായ അറിവുകളും ഉൽകൃഷ്ടമായ കർമ്മങ്ങളും അദ്ദേഹം കൊണ്ടുവന്നു. എെക്യത്തിലേക്കും രഞ്ജിപ്പിലേക്കും ക്ഷണിക്കാനാണവർ നിയോഗിക്കപ്പെട്ടത്. ഭിന്നിപ്പിലേക്കും ഛിദ്രതയിലേക്കും നയിക്കാനല്ല. മുസ്ലിംകൾ ഭിന്നിക്കുന്നത് അവരുടെ ശക്തി ക്ഷയിപ്പിക്കുന്നതിലേക്ക് നയിക്കുന്ന കാര്യങ്ങളിൽ മുഖ്യമായതാണ്. അല്ലാഹു പറയുന്നു:
............
“നിങ്ങൾ ഒറ്റക്കെട്ടായി അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിക്കുക. നിങ്ങൾ ഭിന്നിക്കരുത്. നിങ്ങൾ പരസ്പരം ശത്രുക്കളായിരുന്നതിനു ശേഷം നിങ്ങളുടെ മനസ്സുകൾ ഇണക്കിച്ചേർത്ത് നിങ്ങളെ സഹോദരങ്ങളാക്കിയത് അവനാണ്. ഇൗ അനുഗ്രഹത്തെ നിങ്ങൾ ഒാർക്കുക. അഗ്നികുണ്ഡത്തിന്റെ വക്കിലായിരുന്നു നിങ്ങൾ കഴിഞ്ഞിരുന്നത്. അവൻ നിങ്ങളെ അതിൽ നിന്ന് രക്ഷപെടുത്തി. അങ്ങനെ അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക് വിവരിച്ചു തരുന്നു. നിങ്ങൾ നേർമാർഗം പ്രാപിക്കുന്നതിന് വേണ്ടിയാണിത്.” (3:103).
അല്ലാഹു പറയുന്നു:
...........
“നിങ്ങൾ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങൾ ഭിന്നിക്കരുത്. നിങ്ങൾ ഭിന്നിച്ചാൽ നിങ്ങളുടെ ധൈര്യവും വീര്യവും ചോർന്നുപോകും. നിങ്ങൾ ക്ഷമിക്കുക. അല്ലാഹു ക്ഷമാശീലരുടെ കൂടെയാണ്.” (8:46).
സഹോദരങ്ങളേ! തിരുമേനി തന്റെ ജനതക്ക് ദാരിദ്ര്യം ഭവിക്കുന്നതിനെയല്ല ഭയപ്പട്ടത്. മറിച്ച്, പൂർവികർക്ക് സംഭവിച്ചതുപോലെ ഭൗതിക സൗകര്യങ്ങൾ വ്യാപകമാകുന്നതിനെയാണ്. മുൻഗാമികൾ ചെയ്തത്പോലെ അത് നേടിയെടുക്കാൻ മത്സരത്തിൽ ഏർപ്പെടുന്നതിനെയാണ് അവിടുന്ന് ഭയപ്പെട്ടത്. അങ്ങനെ പൂർവികരെ ദുനിയാവ് നശിപ്പിച്ചത് പോലെ ഇവരെയും നശിപ്പിക്കുമോ എന്നവർ ഭയപ്പെട്ടു. ഇൗ സമുദായത്തെ വ്യാപകമായ പട്ടിണികൊണ്ടും വെള്ളപ്പൊക്കം കൊണ്ടും നശിപ്പിക്കുകയില്ലെന്ന് അല്ലാഹു തനിക്ക് ഉറപ്പ് നൽകിയെന്ന് തിരുമേനി പറഞ്ഞിട്ടുണ്ട്. ലോക സമൂഹം ഒന്നടങ്കം ഒന്നിച്ചു ശ്രമിച്ചാലും ശത്രുക്കൾക്ക് നിങ്ങളുടെമേൽ ആധിപത്യം സ്ഥാപിക്കുവാൻ സാധിക്കുകയില്ലെന്നും.
സഹോദരങ്ങളേ! നമ്മുടെ യഥാർത്ഥ പ്രശ്നം കുടികൊള്ളുന്നത് നമ്മുടെ സമൂഹത്തിനകത്ത് തന്നെയാണ്. സഅ്ദുബ്നു അബീ വക്വാസിൽ നിന്നും ഉദ്ധരിക്കുന്ന ഒരു ഹദീഥിൽ ഇങ്ങനെ കാണാം.
നബി() പറഞ്ഞു: “ഞാൻ എന്റെ റബ്ബിനോട് മൂന്നു കാര്യങ്ങൾ ആവശ്യപ്പെട്ടു. രണ്ടെണ്ണം എനിക്ക് അനുവദിച്ചു തരികയും ഒന്നിനെ നിഷേധിക്കുകയും ചെയ്തു. എന്റെ സമൂഹത്തെ പട്ടിണികൊണ്ട് നശിപ്പിക്കരുതെന്ന് ഞാൻ ആവശ്യപെട്ടു. അല്ലാഹു അത് അംഗീകരിച്ചു. അവരെ വെള്ളപ്പൊക്കം കൊണ്ട് നശിപ്പിക്കരുതെന്ന് ഞാൻ ആവശ്യപെട്ടു. അതും അല്ലാഹു അംഗീകരിച്ചു. പരസ്പരം നശിപ്പിക്കുന്നതിൽ നിന്നും അവരെ തടയുവാൻ ഞാൻ ആവശ്യപ്പെട്ടു. അല്ലാഹു അത് അംഗീകരിച്ചില്ല.
സൗബാൻ()ൽ നിന്നും മുസ്ലിം ഉദ്ധരിക്കുന്ന മറ്റൊരു ഹദീഥിൽ ഇങ്ങനെ കാണാം. നബി() പറഞ്ഞു: “എന്റെ രക്ഷിതാവ് പറഞ്ഞു: മുഹമ്മദ്! ഞാൻ ഒരു കാര്യം വിധിച്ചാൽ അത് തള്ളപ്പെടുകയില്ല. നിന്റെ ജനതയുടെ കാര്യത്തിൽ വ്യാപകമായ പട്ടിണികൊണ്ട് അവരെ നശിപ്പിക്കുകയില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു. ശത്രുക്കൾക്ക് അവരുടെ മേൽ ഞാൻ ആധിപത്യം നൽകില്ലെന്നും അവർ പരസ്പരം പോരാടി അവരുടെ ശക്തി ക്ഷയിപ്പിച്ചാലല്ലാതെ. ലോകത്തുള്ളവർ എല്ലാം അവർക്കെതിരിൽ ഒന്നിച്ചാലും ശരി, അവർ പരസ്പരം പോരടിക്കാതെയും നശിപ്പിക്കാതെയും അവർ പരാജയപ്പെടുകയില്ല.
സഹോദരങ്ങളേ! നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, ഭിന്നിക്കരുത്. എെക്യത്തോടെ കഴിയുക. പരസ്പരം ചതിയിലേർപെടാതെ ഒന്നിച്ചു കഴിയുക. വെറുപ്പും വിദ്വേഷവുമില്ലാതെ പരസ്പരം സ്നേഹിക്കുക. തനിക്ക് ഇഷ്ടപെട്ടത് തന്റെ സഹോദരന് വേണ്ടിയും ഇഷ്ടപെടാതെ ആരും വിശ്വാസിയാവുകയില്ല. മഹത്തായ കാര്യങ്ങളിൽ ഏർപ്പെടുക. തരംതാഴ്ന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുക. നിങ്ങൾ ബോധവും ഉൾകാഴ്ചയുമുള്ളവരാവുക. ക്വിബ്ലയെ അംഗീകരിക്കുന്ന ചിലർ തന്നെയാണ് നിങ്ങളെ പിഴുതെറിയാൻ ശ്രമിക്കുന്നതും നിങ്ങളെ നശിപ്പിക്കുവാൻ പരിശ്രമിക്കുന്നതും. നിങ്ങളുടെ മതത്തിന്റെയും ജീവന്റെയും കാര്യത്തിൽ അല്ലാഹുവിനെ സൂക്ഷിക്കുക.

No comments:

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal