} -->

തീജാനീ ത്വരീക്വത്ത്: സാമ്രാജ്യത്വ ദാസ്യത്തിന്റെ സൂഫീ മാതൃക

തീജാനീ ത്വരീക്വത്ത്: സാമ്രാജ്യത്വ ദാസ്യത്തിന്റെ സൂഫീ മാതൃക
അബ്ദുർറഹ്മാൻ ആദൃശ്ശേരി
നവീന വാദികളും ദേഹേച്ഛയെ പിന്തുടരുന്നവരും എക്കാലത്തും ഇസ്ലാമിന് കനത്ത ആഘാതം സൃഷ്ടിച്ചതായി ചരിത്രം പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്. ശീഇകളും സൂഫികളും ഇക്കാര്യത്തിൽ വലിയ പങ്ക് വഹിച്ചതായി കാണാം.
അബ്ബാസീ ഖലീഫ അൽ മുസ്തഅ്സിം ബില്ലയുടെ പ്രധാനമന്ത്രി ശീഇൗ വിശ്വാസിയായിരുന്ന ഇബ്നുൽ അൽക്വമിയായിരുന്നു. ക്രൂരൻമാരായ താർത്താരികളെ വിളിച്ച് വരുത്തി ഇറാക്വിനെ ശവപ്പറമ്പാക്കിയത് ഇയാളായിരുന്നു. ഇരുപത് ലക്ഷത്തോളം മുസ്ലിംകളെയാണ് താർത്താരികൾ കൊന്നൊടുക്കിയത്. അതേ ചരിത്രമാണ് ഇറാക്വിൽ ഇന്നും ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ ശേഷം അമേരിക്ക അധികാരത്തിലേറ്റിയ നൂരി മാലികി എന്ന ശിയാ ഭരണാധികാരി മുപ്പത് ലക്ഷം സുന്നീ മുസ്ലിംകളെ കൊലപ്പെടുത്തി. അയാളുടെ ശീഇൗ പാർട്ടി “ഹിസ്ബുദ്ദഅവ’യെ സഖ്യത്തിലൂടെ അധികാരത്തിലേറ്റിയത് ഇഖ്വാൻ പാർട്ടിയായ “ഹിസ്ബുൽ ഇസ്ലാമി’യായിരുന്നു.
ഇമാം ഇബ്നു കഥീർ() ബാഗ്ദാദിന്റെ തകർച്ചയെക്കുറിച്ച് പറയുന്നത് കാണുക. “റാഫിദിയായ ഇബ്നുൽ അൽക്വമിയെ അല്ലാഹു നശിപ്പിക്കട്ടെ. മുസ്തൻസിറിന്റെ കാലത്ത് ദീർഘകാലം ഖലീഫയുടെ കൊട്ടാരത്തിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച ഇയാളെ പിന്നീട് ഖലീഫ മുസ്തഅ്സിം മന്ത്രിയായി നിശ്ചയിച്ചു. അയാൾ പ്രമാണിയും സാഹിത്യകാരനുമായിരുന്നുവെങ്കിലും സത്യസന്ധനായിരുന്നില്ല. നീചനായ ശീഇയായിരുന്നു. ഇസ്ലാമിനോടും മുസ്ലിംകളോടും ഉള്ളിൽ കടുത്ത പക വെച്ചു പുലർത്തിയിരുന്നു. തനിക്ക് മുമ്പ് ഒരു മന്ത്രിക്കും ലഭിക്കാത്ത ആദരവും പ്രശസ്തിയും ഇയാൾക്ക് ലഭിച്ചു. മുസ്ലിംകൾക്കെതിരിൽ “ഹൂലാക്കുഖാന്റെ’ കക്ഷികളോട് ഇയാൾ സഖ്യം ചേർന്നു. അവർ തക്കം പാർത്തു ഇറാക്വിലെത്തി. പിന്നീട് അവരുടെ വാഴ്ച്ചക്കാലത്ത് നിന്ദ്യതയും നാശവും സംഭവിച്ചു. അല്ലാഹു പവിത്രത കൽപ്പിച്ച ജീവനും അഭിമാനത്തിനും അവർണനീയമാം വിധം ധ്വംസിക്കപ്പെട്ടു.’’ (അൽ ബിദായ വന്നിഹായ 17/379).
ശീഇകൾ മുസ്ലിംകൾക്കെതിരിൽ ശത്രുക്കളോടൊപ്പം ചേർന്ന് അവരെ ഒറ്റിക്കൊടുത്ത സംഭവങ്ങൾ നിരവധിയാണ്. ലേഖനദൈർഘ്യം ഭയന്ന് അതിവിടെ പരാമർശിക്കുന്നില്ല. പലപ്പോഴും സാമ്രാജ്യത്വ ശക്തികൾക്ക് ദാസ്യവേല ചെയ്യുകയും മുസ്ലിംകൾക്കെതിരിൽ അവരെ സഹായിക്കുകയും ചെയ്ത ചരിത്രം സൂഫികൾക്കുണ്ട്. അവരുടെ ദല്ലാൾ പണിയിലൂടെ പല മുസ്ലിം രാഷ്ട്രങ്ങളും സാമ്രാജ്യത്വ ശക്തികൾക്ക് അധിനിവേശപ്പെടുത്താൻ സാധിച്ചു. ആഫ്രിക്കയിലെ ഫ്രഞ്ച് അധിനിവേശത്തിന് ചുക്കാൻ പിടിച്ച ഫിലിപ്പ് ഫോണ്ടാസ് പറയുന്നത് കാണുക.
“ആഫ്രിക്കയിലെ ഭരണനിർവ്വഹണരംഗത്തെ നമ്മുടെ മേധാവികളും സൈനികരും ത്വരീക്വത്ത് പ്രവർത്തനങ്ങൾക്ക് ശക്തി പകരേണ്ടതുണ്ട്. കാരണം, ഫ്രഞ്ച് അധികൃതരോട് ഏറ്റവുമധികം വിധേയത്വം പുലർത്തിയിരുന്നവർ അവരായിരുന്നു. മറ്റു മത വിഭാഗങ്ങളുടെ ആത്മീയ നേതൃത്വത്തേക്കാൾ നല്ല ഗ്രാഹ്യതയും ചിട്ടയായ പ്രവർത്തനങ്ങളും നടത്തുന്നത് അവരാണ്.’’ (അൽ ഇസ്തിഅ്മാറുൽ ഫറൻ ഫീ അഫ്രീബിയ്യ അസ്സൗദാഅ് 52).
ഫ്രഞ്ചുകാരോട് വിധേയത്വം പുലർത്തിയവരെക്കുറിച്ച് “ആധുനിക അറബ് ചരിത്രം’ എന്ന ഗ്രന്ഥത്തിൽ പറയുന്നത് കാണുക.
“ഇവർ അധികവും ഫ്രഞ്ച് സ്കൂളുകളിൽ പഠിച്ചവരാണ്. അവരുടെ അറബ് സ്വത്വത്തെ അധിനിവേശ ശക്തികൾ റദ്ദ് ചെയ്തു. അതുപോലെ, അന്ധവിശ്വാസവും അനാചാരങ്ങളും പ്രചരിപ്പിക്കുന്ന ചില സൂഫീ ത്വരീക്വതുകളും ഇതിൽ പെടും. നിഷേധാത്മക സമീപനവും വിധേയത്വ മനോഭാവവുമാണ് അവരെ നയിക്കുന്നത്. സാമ്രാജ്യത്വ ശക്തികൾ അവരെ തങ്ങളുടെ ചാരൻമാരായി ഉപയോഗിച്ചു.’’ (പേജ് 373).
തീജാനീ ത്വരീക്വത്തിന്റെ സാമ്രാജ്യത്വ പാദസേവ
ഫ്രഞ്ച് അധിനിവേശ കാലത്ത് അൾജീരിയയിലും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലും ഫ്രാൻസിന് ഏറ്റവുമധികം പ്രയോജനം ലഭിച്ചത് തീജാനീ ത്വരീക്വത്തിന്റെ വക്താക്കളിൽ നിന്നായിരുന്നു. (1870).
പത്ത് ലക്ഷം മുസ്ലിംകളെ കശാപ്പ് ചെയ്ത ഫ്രഞ്ച് അധിനിവേശ ശക്തികളെ തീജാനീ ത്വരീക്വത്തുകാർ പല വിധേനയും സഹായിച്ചു. അവർ ഫ്രഞ്ചുകാർക്ക് വേണ്ടി ചാരപ്രവർത്തനങ്ങൾ നടത്തുകയും അവരുടെ ദല്ലാളൻമാരാവുകയും അവരുടെ പക്ഷത്ത് നിന്ന് നാട്ടുകാർക്കെതിരെ യുദ്ധം ചെയ്യുകയും ചെയ്തു. അവരുടെ ശൈഖുമാർ മഹത്തായ കൃത്യമായിട്ടാണ് ഇതിനെ കണ്ടത്.
അൾജിയേഴ്സിൽ നിന്നും പ്രസിദ്ധീകരിച്ച “ലാ പ്രസ് ലിബർ’ എന്ന ഫ്രഞ്ച് പത്രം തീജാനീ ത്വരീക്വത്തിന്റെ പരമോന്നത നേതാവായിരുന്ന സയ്യിദീ മുഹമ്മദ് അൽ കബീർ, ഫ്രഞ്ച് കേണൽ സി കോണി കിഴക്കൻ അൾജീരിയയിൽ നടത്തിയ സൈനിക പര്യടനത്തിനിടെ നിർവ്വഹിച്ച പ്രസംഗം പ്രസിദ്ധീകരിച്ചത്, മുഹിബുദ്ദീൻ ഖതീബ് തന്റെ “അൽ ഫത്ഹ്’ മാസികയിൽ പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. പ്രസ്തുത സംഘം അഗ്വാത് പ്രവിശ്യ സന്ദർശിച്ച ശേഷം തീജാനീ ശൈഖിന്റെ ക്ഷണപ്രകാരം അവരുടെ എെനുമാഇയിലെ ആസ്ഥാനം സന്ദർശിച്ച ശേഷം തീജാനികളുടെ ശൈഖുമാരായ സയ്യിദ് അഹ്മദിന്റെയും അയാളുടെ സഹോദരന്റെയും ഭാര്യയായിരുന്ന ഫ്രഞ്ച് കൈ്രസ്തവ വനിത മാഡം ഒറിലി ബേകാറിന്റെ കൊട്ടാരത്തിലേക്ക് പോയി. അതിലെ ഹാളിൽ നടന്ന വിരുന്നിനിടെ തീജാനികളുടെ അക്കാലത്തെ ശൈഖ് മുഹമ്മദ് അൽ കബീറിന് വേണ്ടി ഹുസ്നീ അഹ്മദ് ബിൻ താലിബ് ദീർഘമായ ഒരു പ്രഭാഷണം നടത്തി. അതിൽ, തീജാനാ ത്വരീക്വത്ത് ഫ്രാൻസിനും അൾജീരിയയിൽ ഫ്രഞ്ച് അധിനിവേശം ശക്തിപ്പെടുത്തുന്നതിനും നടത്തിയ സഹായം എടുത്ത് പറഞ്ഞ പ്രസ്തുത പ്രസംഗത്തിൽ ഫ്രാൻസിനെ സ്തുതികീർത്തനങ്ങൾ കൊണ്ട് മൂടിയ ശൈഖ് അതിനെ “മഹത്തായ മാതൃരാജ്യം’’ എന്ന് വിശേഷിപ്പിച്ചു. ഫ്രാൻസിന്റെ എതിരാളികളെ നിന്ദ്യരും നികൃഷ്ടരും നന്ദിയില്ലാത്തവരുമെന്ന് കുറ്റപ്പെടുത്തി. നമ്മുടെ നാട്ടിൽ സമാധാനവും സുരക്ഷിതത്വവും കൈവന്നത് ഫ്രാൻസിന്റെ ഒൗദാര്യം കൊണ്ടാണെന്ന് തുടർന്ന് പറഞ്ഞു. 1883 ൽ തന്റെ പിതാമഹനും അന്നത്തെ തീജാനീ ശൈഖുമായ സയ്യിദീ മുഹമ്മദ് ബശീർ ഫ്രാൻസിന്റെ ഏറ്റവും വലിയ ശത്രുവായിരുന്ന അമീർ അബ്ദുൽ ക്വാദിർ ജസാഇരിയെ പ്രതിരോധിക്കുന്നതിൽ ധീരോദാത്തമായ പങ്കാണ് വഹിച്ചത്, ഞങ്ങളുടെ ഗ്രാമം അയാൾ ഉപരോധിച്ചു, എട്ട് മാസക്കാലം ജീവിതം ദുഃസഹമാക്കി, ഇൗ ഉപരോധം ഗ്രാമത്തിന്റെ കീഴടങ്ങലിലാണ് കലാശിച്ചത്, ഫ്രഞ്ചുകാരുടെ കഠിന ശത്രുവായിരുന്ന അമീർ ജസാഇരിയുടെ മുഖത്ത് നോക്കാൻ എന്റെ പിതാമഹൻ തയ്യാറായില്ല. 1840 ൽ തന്റെ പിതൃവ്യനും അന്നത്തെ തീജാനീ പരമാധികാരിയുമായിരുന്ന സയ്യിദീ അഹ്മദാണ് ഫ്രഞ്ച് മേധാവിക്ക് ബസ്കറ നഗരം കീഴടക്കാൻ സൗകര്യം ചെയ്ത്കൊടുത്തത്. അത് അധിനിവേശപ്പെടുത്തുവാൻ അവരെ സഹായിക്കുകയും ചെയ്തു.
1870 ൽ ശൈഖ് അഹ്മദ് ഫ്രഞ്ചുകാരോടുള്ള തന്റെ ഉറച്ച വിധേയത്വവും ആത്മാർത്ഥതയും തെളിയിക്കാനും അവരോടുള്ള തന്റെ ഹൃദയബന്ധം ഉൗട്ടിയുറപ്പിക്കാനും ഫ്രഞ്ചു വനിത മാഡം ഒറിലി ബേകാറിനെ തന്റെ ജീവിത സഖിയാക്കി. (പിന്നീട് അദ്ദേഹത്തിന്റെ വിയോഗാനന്തരം തീജാനീ ഖലിഫയായ തന്റെ സഹോദരനും അവരെ വിവാഹം കഴിച്ചു. “സൗജതു സയ്യിദൈൻ’ എന്ന പേരിൽ അവർ തീജാനികൾക്കിടയിൽ പ്രസിദ്ധയായി. ഭക്തർക്കിടയിൽ അവർക്ക് വിശുദ്ധ പദവി ലഭിക്കുകയുണ്ടായി). കൈ്രസ്തവ ആചാരപ്രകാരം കർദിനാൾ ലാവിഗ്രിയുടെ മേൽനോട്ടത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. വഹ്റാനിലെ തന്റെ തോട്ടത്തിൽ കൊട്ടാര സമാനമായ വീട്ടിൽ സർവ്വ സുഖാഢംബരങ്ങൾക്കിടയിലാണ് അവർ ജീവിച്ചത്. തീജാനീ മുരീദൻമാർ അവരുടെ ഭൗതികാവിശിഷ്ടങ്ങൾ കൊണ്ട് പുണ്യം തേടുകയും അവരുടെ പാദസ്പർശമേറ്റ മണ്ണ് കൊണ്ട് അംഗശുദ്ധി വരുത്തുകയും ചെയ്തു. അറുപത്തിയഞ്ച് വർഷക്കാലം മുസ്ലിംകൾക്കിടയിൽ കഴിഞ്ഞ അവർ കൈ്രസ്തവ വിശ്വാസിയായാണ് ജീവിച്ചത്.
മരുഭൂമിയിലെ ചില പ്രദേശങ്ങൾ കീഴടക്കാൻ ഫ്രഞ്ച് കേണൽ ഫ്ളാറ്റയറിനെ സഹായിക്കുന്ന ദൗത്യത്തിനിടയിൽ തീജാനീ നേതാവായ അബ്ദുൽ ക്വാദിർ 1881 ൽ മരണപ്പെട്ടു.
1894 ൽ അൾജിയേഴ്സിലെ ഫ്രഞ്ച് ഗവർണർ ജനറൽ ജോ കോമിയേ കത്തെഴുതി. തങ്ങൾ സുഡാനും അൾജീരിയയിലെ ഹകാറും ആക്രമിച്ച് കീഴടക്കാൻ ഒരുങ്ങുന്നതായും അതിനാൽ ആ പ്രദേശങ്ങളിലെ തീജാനികളോട് പൂർണമായും തങ്ങൾക്ക് കീഴടങ്ങാനും പ്രസ്തുത ദൗത്യത്തിൽ തങ്ങളെ സഹായിക്കാനും ആവശ്യപ്പെടണമെന്നും അഭ്യർത്ഥിക്കുകയുണ്ടായി.
1906-1907 ൽ അൾജീരിയയിലെ ഫ്രഞ്ച് ഗവർണർ മിസിയോ ജോനാർ തന്റെ അഭ്യന്തരകാര്യ സെക്രട്ടറി മിറാന്റിനെ ഒരു കത്തുമായി എന്റെ പിതാവിന്റെ അടുക്കലേക്കയച്ചു. രാഷ്ട്രീയ ദൗത്യനിർവ്വഹണത്തിന്റെ ഭാഗമായി അദ്ദേഹം ഒരു മാസം പിതാവിന്റെ ആശ്രമത്തിൽ കഴിഞ്ഞുകൂടി. എന്റെ പിതാവിന്റെ കൈയ്യൊപ്പുള്ള കത്തുകൾ മൊറോക്കോയിലെ തീജാനികളായ രാഷ്ട്രീയ നേതാക്കൾക്കും പ്രമുഖർക്കും അയക്കുകയുണ്ടായി. ഫ്രഞ്ച് അധിനിവേശത്തെ സഹായിക്കുവാനും അനുസരിക്കാനും ജനങ്ങളെക്കൊണ്ട് അത് അംഗീകരിപ്പിക്കാനും ഫ്രഞ്ച് സൈന്യത്തിന് ആ രാഷ്ട്രം പ്രയാസം കൂടാതെ കീഴടക്കാൻ സൗകര്യം ചെയ്ത് കൊടുക്കാൻ പ്രസ്തുത കത്തുകളിൽ അവരെ ഉണർത്തി.
രണ്ടാംലോക യുദ്ധ കാലത്ത് ഫ്രാൻസിനും അതിന്റെ ആദരണീയരായ സഖ്യകക്ഷികൾക്കുമെതിരിൽ തുർക്കികളുടെ ഇടപെടലിനെ അപലപിച്ചുകൊണ്ട് ഞങ്ങൾ വടക്കൻ ആഫ്രിക്കൻ പ്രദേശങ്ങളിലേക്ക് കത്തുകളും ടെലഗ്രാമും അയക്കുകയുണ്ടായി. അതിൽ ഞങ്ങളുടെ തീജാനീ സഹോദരങ്ങളോട് ഫ്രാൻസിനോട് സ്നേഹവും കൂറും പുലർത്താൻ ആഹ്വാനം ചെയ്യുകയുണ്ടായി.
1913 ൽ അൾജീരിയയിലെ ഫ്രഞ്ച് ഗവർണർ ജനറലിന്റെ അഭ്യർത്ഥന മാനിച്ച് സെനഗലിലെ തീജാനീ കാര്യദർശി സയ്യിദീ അൽ ഹാജ് മാലിക് ഉസ്മാൻ സായിയോട് പടിഞ്ഞാറൻ ആഫ്രിക്കയുടെ വടക്ക് മരുപ്പച്ചയിൽ ഫ്രഞ്ച് അധിനിവേശത്തിന് നേതൃത്വം നൽകുന്ന ജനറൽ ക്ലോസിലിനെ സഹായിക്കാൻആ നാട്ടിലെ മതരംഗത്തുള്ള നമ്മുടെ സ്വാധീനം ഉപയോഗപ്പെടുത്താൻ ആവശ്യപ്പെട്ടുകൊണ്ട് കത്തയക്കുകയുണ്ടായി.
1916 ൽ മറാക്കിഷിലെ ഫ്രഞ്ച് വൈസ്രോയ് മാർഷൽ ല്യൂട്ടിയുടെ താൽപര്യപ്രകാരം തീജാനീ ത്വരീക്വത്തിന്റെ നായകനായിരുന്ന എന്റെ പൂർവ്വീകൻ സയ്യിദീ അലി ഫ്രഞ്ചുകാരെ തങ്ങളുടെ സാമ്രാജ്യത്വം വികസിപ്പിക്കുവാനും സ്വാധീനം ശക്തിപ്പെടുത്താനും സഹായിക്കാൻ മതരംഗത്തെ തങ്ങളുടെ സ്വാധീനം ഉപയോഗപ്പെടുത്താൻ അവരാവശ്യപ്പെട്ടുകൊണ്ട് മൊറോക്കോയിലെ മുന്നൂറ്റിപ്പതിമൂന്ന് പ്രമുഖർക്ക് കത്തയക്കുകയുണ്ടായി.
1925 ൽ രീഫ് പ്രദേശത്ത് നടന്ന യുദ്ധത്തിൽ ഞാൻ എന്റെ ആത്മാർത്ഥ സുഹൃത്തും ഞങ്ങളുടെ ത്വരീക്വത്തിന്റെ മുരീദും ഉപദേഷ്ടാവുമായ ഹുസ്നീ അഹ്മദ് താലിബിനെ മൊറോക്കോയിലേക്കയച്ചു. അദ്ദേഹം വിപ്ലവകാരികളുടെ പ്രദേശച്ച് ചെന്ന് അവർക്കെതിരിൽ വലിയ പ്രചാരവേലകൾ നടത്തി.
ഗ്രാമമുഖ്യന്മാരുടെയും നാട്ടുകാരണവൻമാരുടെയും മേൽവിലാസങ്ങൾ ശേഖരിച്ച് അവരോട് ഫ്രാൻസിനെ അനുസരിക്കാനും അവർക്ക് കീഴടങ്ങാനും ആവശ്യപ്പെട്ടു കൊണ്ട് ഞങ്ങളുടെ ഫെസ്സിലെ കാര്യദർശി മുഖേന കത്തുകളയക്കുകയുണ്ടായി. ചുരുക്കത്തിൽ, തങ്ങളുടെ മതസ്വാധീനം ഉപയോഗിക്കാൻ തീജാനികളോട് ആവശ്യപ്പെട്ടപ്പോഴെല്ലാം പൂർണ്ണമനസ്സോടും നിറഞ്ഞ സന്തോഷത്തോടും ഞങ്ങൾ അത് അനുസരിച്ചു. അതെല്ലാം ഞങ്ങൾ ചെയ്തത് മഹത്തായ ഞങ്ങളുടെ ഫ്രാൻസിന്റെ മഹത്വവും അഭിവൃദ്ധിയും ലക്ഷ്യം വെച്ചായിരുന്നു.’’
തീജാനീ ശൈഖിന്റെ സുദീർഘമായ പ്രഭാഷണം കഴിഞ്ഞയുടനെ ലെഫ്റ്റനന്റ് കേണൽ സികൂനി അദ്ദേഹത്തെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി.
മറ്റൊരു ഫ്രഞ്ച് മേധാവി പോൾ റഡിനോ പറയുന്നു. “കഴിഞ്ഞ അറുപത് വർഷങ്ങൾക്കിടയിൽ തീജാ നികൾ ഞങ്ങൾക്ക് സഹായങ്ങൾ നൽകുന്നു. 1911 മുതൽ കിഴക്കൻ അറബ് പ്രവിശ്യയിലും മൗറിത്താനിയയിലും രീഫ് പ്രദേശത്തുമുള്ള അവരുടെ ശക്തമായ സ്വാധീനം ഞങ്ങൾ ഉപയോഗപ്പെടുത്തുന്നു.’’ (താരീഖുൽ മഗ്രിബ് ഫിൽ ഖർനിൽ ഇശ്രീൻ. 143).
റോംലാൻഡോ പറയുന്നത് കാണുക. “സൂഫീ ത്വരീക്വത്തുകളെയും അവർ നിർവ്വഹിക്കുന്ന ദൗത്യത്തെയും കുറിച്ച് ഫ്രഞ്ചുകാർ പല തവണ മനസ്സിലാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ജനങ്ങൾക്കറിയാവുന്ന രണ്ട് സുപ്രധാന ചരിത്ര രേഖകളുണ്ട്.
നൂറ് വർഷം മുമ്പ് അൾജീരിയയിലെ ആദ്യത്തെ ഫ്രഞ്ച് ഭരണാധികാരി മാർഷൽ ബോജോ തീജാനീ ശൈഖിന് എഴുതിയ കത്താണ് ഒന്ന്.
അതിൽ ശൈഖിന്റെ ദയാവായ്പോടെയുള്ള നിലപാട് ഇല്ലായിരുന്നുവെങ്കിൽ ഫ്രഞ്ചുകാർക്ക് അവർ അധിനിവേശം നടത്തിയ രാഷ്ട്രങ്ങളിൽ പിടിച്ചു നിൽക്കാൻ സാധിക്കുമായിരുന്നില്ലെന്നും താങ്കൾക്ക് എന്താവശ്യമുണ്ടെങ്കിലും ബന്ധപ്പെടണമെന്നും പറയുന്നുണ്ട്.
ഫ്രാൻസും അമീർ അബ്ദുൽ കരീമും തമ്മിൽ 1925 ൽ നടന്ന യുദ്ധസമയത്ത് തീജാനീ ശൈഖ് തന്റെ അനുയായികൾക്കയച്ച കത്താണ് രണ്ടാമത്തേത്. അതിൽ, ഫ്രാൻസ് എന്ന കൈ്രസ്തവ രാഷ്ട്രത്തിന്റെ കൂടെ നിന്ന് മാതൃരാഷ്ട്രത്തിലെ മുസ്ലിംകൾക്കെതിരിൽ പോരാടാൻ ആഹ്വാനം ചെയ്യുന്നുണ്ട്.
സൂഫീ ചരിത്രകാരനായ ശൈഖ് ശഫഖ് പറയുന്നു. “സാമ്രാജ്യത്വം നമ്മുടെ നാട്ടിലും ഇൗജിപ്തിലും സൂഫികളെ എതിർത്തില്ലെന്ന് മാത്രമല്ല, അവരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ശൈഖുമാരെ ആദരിക്കുകയും അവരെ സ്വീകരിക്കുകയും അവരുടെ ആവശ്യങ്ങൾ നിവർത്തിച്ചു കൊടുക്കുകയും ചെയ്തു.’’ (അത്തസവ്വുഫു ബൈനൽ ഹഖി വൽ ഖൽക്വ്. 616).
ശൈഖ് ത്വൻത്വാവി തന്റെ ക്വുർആൻ വ്യാഖ്യാന ഗ്രന്ഥത്തിൽ പറയുന്നു. “മിക്ക സൂഫികളും സുഖാഢംബരങ്ങൾ നുകർന്നു ആനന്ദിച്ച് ജീവിച്ചു. ജനങ്ങൾ അവർക്ക് നാനാ വിധേന സമ്പത്ത് വാരിക്കൊടുത്തു. അവർ അല്ലാഹുവിന്റെ അടുപ്പക്കാരാണെന്ന ധാരണ ജനമനസ്സുകളിൽ വേരോടിയതിനാൽ അവരുടെ കൂടെ നിന്നു. ഫ്രഞ്ചുകാർ രാജ്യം കീഴടക്കാൻ വന്നപ്പോൾ സമാധാനത്തോടെ കഴിയാൻ രാജ്യഭരണം അവരെ ഏൽപ്പിക്കുന്നതാണ് നല്ലതെന്ന് അവർ മനസ്സിലാക്കി. ഇതാണ് നമ്മുടെ കാലത്ത് സംഭവിച്ചത്. ഫ്രഞ്ചുകാർ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്.
“മുസ്ലിം ബഹുജനത്തിന്റെ അജ്ഞത മുതലെടുത്ത് ഇക്കൂട്ടർ സുഖസൗകര്യങ്ങൾ ആസ്വദിച്ച് ജീവിക്കുകയാണ്. നാമവർക്ക് സുഖസൗകര്യങ്ങൾ നൽകിയാൽ അവർ നമ്മോടൊപ്പം നിൽക്കും. സമ്പത്ത് വാരിക്കൂട്ടുന്നതിൽ നമ്മെ പിന്തുണക്കും. തുറന്ന് പറയുകയാണെങ്കിൽ സിംഹവും പുലിയും കഴിച്ചതിന്റെ ഉച്ഛിഷ്ടം തിന്നുന്ന കാക്കയുടെയും പരുന്തിന്റെയും അവസ്ഥയാണ് അവരുടേത്.’’ (അൽ ജവാഹിർ ഫീ തഫ്സീരിൽ ക്വുർആൻ. 9/137-138).
ഇൗജിപ്ഷ്യൻ ദേശീയ പ്രസ്ഥാന നായകൻ മുസ്ഥഫാ കാമിൽ തന്റെ “കിഴക്കിന്റെ പ്രശ്നം’ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ച ഒരു കഥ ഡോ: ഉമർ ഫർറൂക്വ് ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്. “ഫ്രഞ്ചുകാർ തൂനിസിലെ ഖൈറുവാൻ നഗരം പിടിച്ചടക്കിയ സന്ദർഭത്തിൽ ഒരു ഫ്രഞ്ചുകാരൻ ഇസ്ലാം സ്വീകരിച്ചു. സയ്യിദ് അഹ്മദ് അൽ ഹാദി എന്ന നാമകരണം സ്വീകരിച്ചു. അയാൾ മതപാണ്ഡിത്യം നേടി ഖൈറുവാനിലെ ഒരു പള്ളിയിൽ ഇമാമായി. ഫ്രഞ്ച് സൈന്യം നഗര പരിസരത്തെത്തിയപ്പോൾ ജനങ്ങൾ അവരെ നേരിടാനൊരുങ്ങി. അവർ ഇമാമിന്റെ അടുത്തെത്തി പള്ളിക്കടുത്ത് മറവ് ചെയ്ത ദിവ്യന്റെ ഉപദേശം തേടാൻ ആവശ്യപ്പെട്ടു. ദിവ്യന്റെ ശവകൂടീരത്തിൽ പ്രവേശിച്ച ഇമാം ഭീതിയോടു കൂടി പുറത്ത് കടന്നു. ഫ്രഞ്ചുകാർക്ക് കീഴടങ്ങാനാണ് ദിവ്യൻ കൽപ്പിക്കുന്നത് എന്നറിയിച്ചു. രാജ്യത്തിന്റെ പതനം ഉറപ്പാണെന്നും അയാൾ തട്ടിവിട്ടു. അത് വിശ്വസിച്ച പാവം പൊതുജനം യാതൊരു പ്രതിരോധ നടപടികൾക്കും മുതിർന്നില്ല. അങ്ങനെ 1881 ഒക്ടോബർ ഇരുപത്തിയാറിന് ഫ്രഞ്ചുകാർ യാതൊരു എതിർപ്പും കൂടാതെ ഖൈറുവാൻ കീഴടക്കി.’’ (അത്തസവ്വുഫു ഫിൽ ഇസ്ലാം. 11).
അൾജീരിയ കീഴടക്കിയ വേളയിൽ ഒരു ഫ്രഞ്ച് സേനാ നായകൻ പറഞ്ഞത്, ഒരു വലിയ സൈന്യത്തെ ഒരുക്കുന്നതിലും നല്ലത് ഒരു സൂഫീ ശൈഖിനെ പിടിക്കുന്നതാണ് എന്നായിരുന്നു. (ആസാറു ശൈഖ് ബശീറുൽ ഇബ്റാഹീമി. 5/143).
ഖലീലുല്ലാഹി ഇബ്റാഹീം നബി()യെയും അബൂബക്ർ സിദ്ദീക്വ്()വിനെയും ചവ്വിട്ടിത്താഴ്ത്തി ഖുമൈനിയെ ഇമാമാക്കി ശീഇസം ഒളിച്ചു കടത്തുന്ന കേരളത്തിലെ ചില തീജാനീ വേതാളങ്ങളെ കേരള മുസ്ലിംകൾ ജാഗ്രതയോടു കൂടി കാണേണ്ടതുണ്ട്.

1 comment:

sab-q8 said...

theejanikalude vishwasa vaikalayam onnum kanikkaathe purameyulla politics vishayam mathram paranju lekhanam avasanippichathil ninnu aa threeqinu alla kedenn manassilaavunnu..aayirunnu enkil athinte mel lekhakan focus cheyyumayirunnu.. athu kandilla..

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal