} -->

ഉസ്മാനിയാ സാമ്രാജ്യത്വത്തിന്റെ പതനവും വഹാബികളും

ഉസ്മാനിയാ സാമ്രാജ്യത്വത്തിന്റെ പതനവും വഹാബികളും

✍️ ഡോ: അബ്ദുർറഹ്മാൻ ആദൃശ്ശേരി

Image result for usmania empireതുർക്കിയിലെ ഉസ്മാനിയാ സാമ്രാജ്യത്വത്തിന്റെ പതനത്തിന് കാരണക്കാർ മുഹമ്മദുബ്നു അബ്ദിൽ വഹാബിന്റെ അനുയായികളായിരുന്നുവെന്നും, അവർ ബ്രിട്ടീഷ് സാമ്രാജ്യവുമായി സഹകരിച്ച് നടത്തിയ ചരടുവലികളായിരുന്നു തുർക്കി ഖിലാഫതിന്റെ അന്ത്യം കുറിക്കാനിടയാക്കിയതെന്നും ആഗോള തലത്തിലും കേരളത്തിലുമെല്ലാം ഇസ്ലാമിസ്റ്റുകൾ നിരന്തരം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാറുള്ളതാണ്. വസ്തുത എന്തെന്നറിയാതെ പല നിഷ്പക്ഷമതികളും ഇത് പ്രചരിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ, ഇതിന്റെ യാഥാർത്ഥ്യം പ്രമുഖ ഇഖ്വാനീ പണ്ഡിതനും ചരിത്രകാരനുമായ ഡോ: അലി മുഹമ്മദ് സല്ലാബി തന്റെ "ഉസ്മാനിയാ സാമ്രാജ്യം, ഉദ്ധാന പതനങ്ങളുടെ കാരണങ്ങൾ' എന്ന ഗ്രന്ഥത്തിൽ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഇതേ ഗ്രന്ഥത്തിൽ തന്നെ ഉസ്മാനികൾ പാശ്ചാത്യ ശക്തികളുടെ ഒത്താശയോടു കൂടി ഇൗജിപ്തിലെ തങ്ങളുടെ ഗവർണർ മുഹമ്മദലി പാഷയുടെ നേതൃത്വത്തിൽ ഒന്നാം സുഉൗദീ ഭരണകൂടത്തെയും മുഹമ്മദുബിൻ അബ്ദിൽ വഹാബിന്റെ ഇസ്വ്ലാഹീ പ്രസ്ഥാനത്തെയും ഉൻമൂലനം ചെയ്യാൻ നടത്തിയ ശ്രമങ്ങളെയും വിശദമായി പ്രതിപാദിക്കുന്നുണ്ട്.
പ്രതിയോഗികളോടുള്ള വിരോധത്തിന്റെ പേരിൽ ചരിത്ര വസ്തുതകളെ തമസ്കരിക്കുന്ന പ്രവണതകൾ വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് സത്യാന്വേഷികൾക്ക് ഏറെ ഫലപ്രദമായിരിക്കും ഇത്തരം ചരിത്ര രചനകൾ എന്ന കാര്യത്തിൽ സംശയമില്ല.
പ്രസ്തുത ഗ്രന്ഥത്തിന്റെ അഞ്ചാം അധ്യായത്തിൽ, "മുഹമ്മദുബ്നു അബ്ദിൽ വഹാബിന്റെ പ്രസ്ഥാനത്തിനെതിരിലുള്ള ഗൂഢാലോചന' എന്ന ഉപശീർഷകത്തിൽ പറയുന്നത് കാണുക:
""ഒന്നാം സുഉൗദീ ഭരണകൂടം നിലനിൽക്കുകയാണെങ്കിൽ അത് കിഴക്കൻ രാജ്യങ്ങളിലുള്ള തങ്ങളുടെ താൽപര്യങ്ങൾക്ക് വിഘാതമാകുമെന്ന് യൂറോപ്പിലെ മനുഷ്യപ്പിശാചുക്കൾ കണക്കു കൂട്ടി. അതിനാൽ, ആ രാജ്യത്തെ തകർക്കേണ്ടത് അനിവാര്യമാണെന്ന് അവർ ചിന്തിച്ചു. അങ്ങനെ സലഫീ പ്രബോധന ദൗത്യത്തെ തകർക്കുവാൻ അവർ പല വിധേനയും ശ്രമിച്ചു.
ഒന്ന്: മുഹമ്മദുബ്നു അബ്ദിൽ വഹാബിന്റെ പ്രബോധന ദൗത്യത്തിനെതിരിൽ മുസ്ലിം ലോകത്തെ പൊതുജനാഭിപ്രായം തിരിച്ചു വിടുക. അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളുമാണ് ഇസ്ലാം എന്ന് ധരിച്ചവർ അദ്ദേഹത്തിന്റെ പ്രബോധനത്തെ ചെറുത്ത് തോൽപ്പിക്കാൻ മുന്നിട്ടിറങ്ങി. വ്യത്യസ്ത തലങ്ങളിൽ വ്യത്യസ്ത രീതികൾ സ്വീകരിച്ചുള്ള ആക്രമണങ്ങളായിരുന്നു അത്. പാമരങ്ങളായ സാധാരണക്കാർക്കിടയിൽ സ്വാധീനമുള്ള ശൈഖുമാർ തങ്ങൾ മതമാണെന്ന് ധരിപ്പിച്ചിരുന്ന ദുരാചാരങ്ങളും മാമൂലുകളും ജാറപ്പൂജാരികളും നേർച്ചപ്പെട്ടികളുടെ ഗുണഭോക്താക്കളും മരിച്ചവരുടെ അടിയന്തിരങ്ങളും മൗലിദുകളും നടത്തി പണമുണ്ടാക്കുന്നവരും, അങ്ങനെ തങ്ങൾക്ക് പരിചയമില്ലാത്ത പുതിയ ഒരു മതവുമായി വന്ന ആളാണ് മുഹമ്മദുബ്നു അബ്ദിൽ വഹാബ് എന്ന് ധരിച്ചവർ ഉസ്മാനിയാ സാമ്രാജ്യത്തിന്റെ എല്ലാ പ്രദേശത്തുമുണ്ടായിരുന്നു.
ഇസ്ലാമിന്റെ ശത്രുക്കളായിരുന്ന ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ദുഷിച്ച പണ്ഡിതൻമാരെ ഉപയോഗിച്ച് മുഹമ്മദുബ്നു അബ്ദിൽ വഹാബിന്റേത് പിഴച്ച പ്രസ്ഥാനമാണെന്ന് പ്രചരിപ്പിച്ചതിന്റെ ഫലമായിട്ടായിരുന്നു ഇത് സംഭവിച്ചത്.
രണ്ട്: ഉസ്മാനീ ഭരണ നേതൃത്വത്തെയും മുഹമ്മദുബ്നു അബ്ദിൽ വഹാബിന്റെ അനുയായികളെയും തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങൾ, അറേബ്യൻ ഉപദ്വീപ് ഉസ്മാനികളിൽ നിന്ന് പിടിച്ചെടുത്ത് അറബീ ലോകത്തെ ഒന്നിപ്പിച്ച് ഉസ്മാനികളിൽ നിന്ന് ഖിലാഫത് തട്ടിയെടുത്ത് തൽസ്ഥാനത്ത് ഒരു അറബീ ഖിലാഫത് സ്ഥാപിക്കാനാണ് മുഹമ്മദുബ്നു അബ്ദിൽ വഹാബിന്റെ അനുയായികൾ ശ്രമിക്കുന്നതെന്ന് തുർക്കീ സുൽത്താൻ മഹ്മൂദിനെ ഫ്രാൻസും ബ്രിട്ടനും ഭയപ്പെടുത്തി. എന്നാൽ, ഇൗ വാർത്തയുടെ നിജസ്ഥിതി മനസ്സിലാക്കാൻ തന്റെ വിശ്വസ്ഥരെ നിയോഗിക്കാമായിരുന്നെങ്കിലും അദ്ദേഹം അത് അപ്പടി വിശ്വസിക്കുകയാണുണ്ടായത്. ഇത്തരം വ്യാജ വാർത്തകൾ വിശ്വസിക്കുന്നത് കൊണ്ട് സത്യസന്ധമായി പ്രവർത്തിക്കുന്ന ഒരു ഇസ്ലാമിക പ്രസ്ഥാനത്തോട് ചെയ്യുന്ന ദ്രോഹത്തിന്റെ പ്രത്യാഘാതം അദ്ദേഹം ഉൾക്കൊണ്ടില്ല. മറിച്ച്, ഇസ്ലാമിന്റെ ശത്രുക്കളുടെ നിർദ്ദേശങ്ങൾക്ക് ചെവി കൊടുത്ത് വൻ സമ്പത്തും ആൾബലവും ഉപയോഗിച്ച് ആ പ്രസ്ഥാനത്തെ തകർക്കാൻ മുതിരുകയാണുണ്ടായത്.
ഒന്നാം സുഉൗദീ ഭരണകൂടത്തെ തകർക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് തുർക്കി പ്രസ്തുത ദൗത്യം നിർവ്വഹിക്കാൻ തങ്ങളുടെ ഗവർണർമാരെ ചുമതലപ്പെടുത്തുകയാണുണ്ടായത്. ഇതിനു പിന്നിൽ രണ്ട് ലക്ഷ്യങ്ങളാണുണ്ടായിരുന്നത്. ഒന്ന്, സുഉൗദീ രാഷ്ട്ര വികസനത്തെ ചെറുക്കുക. രണ്ട്, സുഉൗദികളുമായി ഏറ്റുമുട്ടി തങ്ങളുടെ ഗവർണർമാരെ സാമ്പത്തികമായി ദുർബ്ബലപ്പെടുത്തി എക്കാലത്തും തങ്ങളോട് വിധേയപ്പെട്ട് കഴിയുന്നവരാക്കുക. നജ്ദിന്റെ സമീപ പ്രദേശമായിരുന്നതിനാൽ ആദ്യമായി പ്രസ്തുത ദൗത്യത്തിന് നിയോഗിക്കപ്പെട്ടത് ബഗ്ദാദ് ഗവർണറായിരുന്നു. എന്നാൽ, പ്രാദേശികമായ പ്രശ്നങ്ങളിൽ കുരുങ്ങിക്കിടക്കുന്നതിനാലും സുഉൗദീ സേനയോട് ഏറ്റുമുട്ടാൻ തക്ക സൈനിക ശക്തി ഇല്ലാത്തത് കൊണ്ടും തങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽ മൂന്ന് തവണ നടത്തിയ സുഉൗദീ ആക്രമണങ്ങളെ ചെറുക്കുന്നതിൽ പരാജയപ്പെട്ടതിനാലും പ്രസ്തു ദൗത്യം ശാമിലെ ഗവർണറുടെ തലയിൽ വന്ന് പതിച്ചു. ഇറാകിലെ ഗവർണർക്ക് സംഭവിച്ചതിലും വലിയ പരാജയമാണ് അയാൾക്ക് സംഭവിച്ചത്. ബഗ്ദാദിലും ശാമിലുമള്ള ഗവർണർമാർ തങ്ങളുടെ ദൗത്യം വിജയിപ്പിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ അവരുടെ ശ്രദ്ധ ഇൗജിപ്തിലേക്ക് തിരിഞ്ഞു. 1807 ൽ ഇൗജിപ്തിലെ തങ്ങളുടെ ഗവർണർ മുഹമ്മദലി പാഷയോട് അറേബ്യൻ ഉപദ്വീപിൽ നിന്ന് അസ്തമിച്ചുകൊണ്ടിരിക്കുന്ന ഉസ്മാനികളുടെ പ്രതാപം വീണ്ടെടുക്കാൻ, ഇരു ഹറമുകളെയും സുഉൗദികളിൽ നിന്ന് മോചിപ്പിക്കാനായി സൈനിക മുന്നേറ്റം നടത്താൻ ആവശ്യപ്പെട്ടു. എന്നാൽ, ഇൗജിപ്തിലെ "അൽ ഖൽഅ' അഭ്യന്തര കലാപത്തെ അടിച്ചമർത്തിയ ശേഷം 1818 ലാണ് അദ്ദേഹം സുഉൗദീ വിരുദ്ധ ആക്രമണത്തിന് മുതിർന്നത്. സുഉൗദികൾ ഖിലാഫത്ത് ആവശ്യപ്പെടുകയോ തുർക്കീ ഖിലാഫത്ത് അംഗീകരിക്കുന്നതിന് എതിര് നിൽക്കുകയോ ചെയ്തിരുന്നില്ല. രണ്ട് കാര്യത്തിൽ മാത്രമാണ് സുഉൗദികളും തുർക്കികളും തമ്മിൽ വിയോജിപ്പുണ്ടായിരുന്നത്. ഒന്ന്, ഹജ്ജിന് വരുന്നവർ ഇസ്ലാമിക മൂല്യങ്ങൾ പാലിക്കുകയും അതിന് നിരക്കാത്ത കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും വേണം. രണ്ടാമതായി, വിശുദ്ധ നഗരങ്ങൾ വഹാബികളുടെ മേധാവിത്തത്തിന് കീഴിൽ കഴിയുന്നത് തങ്ങൾക്ക് കുറച്ചിലാണെന്ന തുർക്കികളുടെ മനോഭാവം. അത് തങ്ങളുടെ അധികാരത്തിനും മഹത്വത്തിനും ഇടിച്ചിലുണ്ടാക്കുന്നതാണ് എന്ന് അവർ ധരിച്ചു. ഹാജിമാരുടെ സംഘങ്ങൾ തികച്ചും അനിസ്ലാമിക രീതിയിലായിരുന്നു അന്ന് ഒട്ടകക്കൂടാരങ്ങൾ കെട്ടി പുറപ്പെട്ടിരുന്നത്. അന്നത്തെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഇൗജിപ്ഷ്യൻ ചരിത്രകാരൻ അബ്ദുർ റഹ്മാൻ ജബറതി ശാമിൽ നിന്നും വരുന്ന ഹാജിമാരെക്കുറിച്ചുള്ള സുഉൗദികളുടെ നിലപാടിനെക്കുറിച്ച് പറയുന്നത് കാണുക.
""സുഉൗദികൾ നിർദ്ദേശിച്ച നിബന്ധനകൾ പാലിച്ച് മാത്രമേ ഹജ്ജിന് വരാവൂ. അഥവാ, ഒട്ടകക്കട്ടിലുകളിൽ തബല, വീണ, ആയുധങ്ങൾ തുടങ്ങിയ നിഷിദ്ധ കാര്യങ്ങൾ ഒഴിവാക്കി ഹജ്ജിന് വരേണ്ടതാണ്. എന്നാൽ, പ്രസ്തുത നിർദ്ദേശങ്ങൾ കേട്ട പാടെ തങ്ങളുടെ ദുർവൃത്തികൾ ഒഴിവാക്കാൻ കൂട്ടാക്കാതെ ഹജ്ജ് ചെയ്യാതെ തിരിച്ചു പോവുകയാണ് അവർ ചെയ്തത്. ഇൗജിപ്ഷ്യൻ ഹജ്ജ് തീർത്ഥാടക സംഘത്തിൽ നിന്നും ഇതിന് സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.''
ഹിജാസിലെ ഭരണാധികാരി ശരീഫിന്റെയും ബ്രിട്ടീഷ് ഭരണാധികാരികളുടെയും പ്രേരണയാൽ ഹറമുകൾ വഹാബികളിൽ നിന്നും മോചിപ്പിക്കുവാൻ വേണ്ടി ഉസ്മാനികൾ ഇൗജിപ്തിലെ തങ്ങളുടെ ഗവർണർ മുഹമ്മദലി പാഷയോട് യുദ്ധം ചെയ്യാൻ ആഹ്വാനം ചെയ്തു. ഇതേ ആവശ്യം പലവുരും ആവർത്തിക്കുകയുണ്ടായി. പല വട്ടം മുഹമ്മദുബ്നു അബ്ദിൽ വഹാബിന്റെ അനുയായികൾക്ക് മുമ്പിൽ തോറ്റ ശേഷം ഉസ്മാനീ സൈന്യം ഹിജാസ് കീഴടക്കി. ഹറമുകൾ വഹാബികളിൽ നിന്നും തിരിച്ചു പിടിച്ച് ഹിജാസ് ഭരണാധികാരത്തിൻ കീഴിൽ വരുത്തുക മാത്രമാണ് തുർക്കി സുൽത്താന്റെ ലക്ഷ്യമെന്ന് ഇത് കാണിക്കുന്നു. ഇൗ യുദ്ധം ഇതുകൊണ്ട് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ, മുഹമ്മദലി പാഷ ഹിജാസിലെ പട്ടണങ്ങൾ കീഴടക്കുകയും അവിടെ ഒരു പുതിയ ശരീഫിനെ അവരോധിക്കുകയും തന്റെ സൈന്യത്തെ ഹിജാസിലേക്ക് പ്രവേശിക്കാൻ സഹായിച്ച ശരീഫ് ഗാലിബിനെ പുറത്താക്കുകയും ചെയ്തു.''
അൾജീരിയയിലെ ഇസ്ലാമിക പണ്ഡിതൻ അല്ലാമാ ഇബ്നു ബാദീസ് പറയുന്നത് ഇതിനോട് ചേർത്ത വായിക്കുന്നത് നന്നായിരിക്കും. ""നജ്ദിലെ ഹമ്പലികളെ വഹാബികൾ എന്ന് പേരിട്ട് അവർക്കെതിരിൽ മുസ്ലിം ലോകത്താകമാനം കുപ്രചരണങ്ങൾ നടത്തിയതും തെറ്റിദ്ധാരണകൾ പരത്തിയതും തുർക്കികളാണ്. ഇതിനു വേണ്ടി മുഴുവൻ ദിക്കുകളിലും പണ്ഡിതൻമാരെ വിലക്കെടുക്കുകയുണ്ടായി. അവർ നജ്ദിലെ ഹമ്പലികൾക്കെതിരിൽ കളവുകൾ പ്രചരിപ്പിക്കുകയും ലേഖനങ്ങളും ഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തു.'' (മജല്ലത്തുസ്സ്വിറാത്വ്. ലക്കം 5).
തുർക്കിയിൽ നിന്ന് അക്ഷരശുദ്ധിയില്ലാത്ത മലയാള കൈപ്പടയിൽ പുറത്തിറങ്ങിയിരുന്ന, "സുന്നി 1, സുന്നി 2....വഹാബിസം' തുടങ്ങിയ ഗ്രന്ഥങ്ങൾ കേരളത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നത് ഇതിനോട് ചേർത്ത് പറയേണ്ടതാണ്.
ചുരുക്കത്തിൽ, പാശ്ചാത്യ ശക്തികളുടെ കളിപ്പാവയും, ഫ്രീമേസണും മതവിരുദ്ധനുമായിരുന്ന ഇൗജിപ്തിലെ ഭരണാധികാരി മുഹമ്മദലി പാഷയെ ഉപയോഗപ്പെടുത്തി തുർക്കികൾ സുഉൗദീ ഭരണകൂടത്തെ തകർത്തു. മുഹമ്മദലി പാഷയുടെ സൈന്യത്തിൽ തുർക്കികൾ, അൽബേനിയക്കാർ, ഫ്രഞ്ചുകാർ, കൈ്രസ്തവർ തുടങ്ങിയവരായിരുന്നു ഭൂരിപക്ഷ സൈനികരും.
മുഹമ്മദലി പാഷയുടെ സൈന്യം പ്രഥമ സുഉൗദീ ഭരണകൂട തലസ്ഥാനമായ ദർഇയയെ ഭക്ഷണവും വെള്ളവും മറ്റു ജീവിത മാർഗ്ഗങ്ങളും തടഞ്ഞുകൊണ്ട് ആറ് മാസക്കാലം ഉപരോധിച്ചു.
ഒരു വഹാബിയുടെ തലക്ക് ആറ് ഡോളർ വീതം നൽകി അയ്യായിരം തലയോട്ടികൾ തുർക്കി സൈന്യത്തലവൻ ശേഖരിച്ചു. ശൈഖ് മുഹമ്മദുബ്നു അബ്ദിൽ വഹാബിന്റെ പൗത്രൻ സുലൈമാനുബിൻ അബ്ദുല്ലയെ പിടിച്ചുകൊണ്ടുപോയി കയ്യാമം വെച്ച് സംഗീതമാലപിച്ചു കൊണ്ട് ബോംബെറിഞ്ഞു കൊന്നു. ഇമാം ഇബ്നു അബ്ദിൽ വഹാബിന്റെയും ഇബ്നു സുഉൗദിന്റെയും കുടുംബാംഗങ്ങളെ അലക്സാണ്ട്രിയയിൽ കൊണ്ടുപോയി തൂക്കിലേറ്റി. സുഉൗദീ ഭരണാധികാരി അമീർ അബ്ദുല്ല ഇബനു സുഉൗദിനെ ഇസ്തംബൂളിൽ കൊണ്ടുപോയി തൂക്കിക്കൊന്നു. തലയറുത്ത് വെടിമരുന്ന് നിറച്ച് സ്ഫോടനം നടത്തുകയുണ്ടായി. പിന്നീട് ആ മൃതദേഹവുമായി മൂന്ന് ദിവസം തെരുവിൽ ആഘോഷയാത്ര നടത്തുകയുണ്ടായി. പാശ്ചാത്യ ശക്തികൾക്ക് വേണ്ടി സുഉൗദികളോട് കൊടിയ ക്രൂരത കാണിച്ച മുഹമ്മദലി പാഷക്ക് അവരിൽ നിന്നുതന്നെ തിരിച്ചടി ലഭിച്ചു. തന്റെ മാതൃരാഷ്ട്രമായ ഗ്രീസിൽ ഉസ്മാനികൾക്ക് വേണ്ടി യുദ്ധത്തിന് പോയ മുഹമ്മദലി പാഷയുടെ സൈന്യത്തിലെ മുപ്പതിനായിരം പേരെ പാശ്ചാത്യർ കൊലപ്പെടുത്തുകയുണ്ടായി. ഇതേ മുഹമ്മദലി പാഷയെ ഉപയോഗിച്ച് ബ്രിട്ടൺ, തുർക്കിക്കെതിരെ യുദ്ധം ചെയ്തു. അവരുടെ പക്കൽ നിന്നും ശാമിന്റെ ഭരണം പിടിച്ചെടുത്തു. അതോടെ പാശ്ചാത്യ ശക്തികളുടെയും സുവിശേഷ പ്രവർത്തകരുടെയും വിളനിലമായി മാറി ശാം. ഫ്രഞ്ച് മാസോണിക് ലോഡ്ജുകളുടെ പദ്ധതികൾ ശാമിൽ വിജയകരമായി നടപ്പാക്കി. മുഹമ്മദലി പാഷയുടെ സഹകരണത്തോടെ ശാമിൽ സുവിശേഷ പ്രവർത്തനങ്ങൾ കൊഴുത്തു.  മുഹമ്മദലി പാഷയെ ഉപയോഗിച്ച് പാശ്ചാത്യർ തുർക്കീ സേനയെ ദുർബ്ബലപ്പെടുത്തിയത് കാരണം ഫ്രഞ്ച് സൈന്യം അൾജീരിയയിൽ പ്രവേശിച്ച് അധിനിവേശം നടത്തുകയുണ്ടായി. ചുരുക്കത്തിൽ, ഇസ്ലാമിന്റെ ശത്രുക്കളുടെ കയ്യിലെ വിഷം പുരണ്ട വാളായി മാറുകയായിരുന്നു മുഹമ്മദലി പാഷ. മുസ്ലിംകളുടെ എല്ലാ മുന്നേറ്റങ്ങളെയും തകർക്കുവാൻ അവർ അയാളെ ഉപയോഗപ്പെടുത്തി. മുഹമ്മദലി പാഷയുടെ സൈനിക ശക്തിക്ക് മുമ്പിൽ പിടിച്ചു നിൽക്കാനാകാതെ തുർക്കികൾ റഷ്യയുടെ സഹായം തേടി. അവസാനം മുഹമ്മദലിയിൽ നിന്ന് രക്ഷപ്പെടാൻ ഉസ്മാനികൾക്ക് യൂറോപ്യൻ രാഷ്ട്രങ്ങളുടെ സംരക്ഷണത്തിൽ അഭയം തേടേണ്ടി വന്നു. മുഹമ്മദലി പാഷ കാരണം മുസ്ലിംകൾക്ക് നേരിടേണ്ടി വന്ന ദുരിതങ്ങൾ ഡോ: അലി സ്വല്ലാബി അക്കമിട്ട് നിരത്തുന്നത് കാണുക.
ഒന്ന്: പൗരസ്ത്യ മേഖലയിൽ ബ്രിട്ടന്റെ താൽപര്യങ്ങളെ പരാജയപ്പെടുത്താൻ ശേഷിയുണ്ടായിരുന്ന ഒന്നാം സുഉൗദീ ഭരണകൂടത്തെ ഇല്ലായ്മ ചെയ്തു.
രണ്ട്: തന്റെ ഭരണ പ്രദേശങ്ങളിൽ ഇസ്ലാമിന്റെ ശത്രുക്കളായ ഫ്രീമെയ്സൺ ലോഡ്ജുകൾ, കൈ്രസ്തവ സുവിശേഷകർ, ചർച്ചുകൾ, മഠങ്ങൾ എന്നിവക്ക് പരമ സ്വാതന്ത്ര്യം ലഭിച്ചു. ഇസ്ലാമിനെതിരിൽ പ്രവർത്തിക്കുന്ന ദേശീയ ചിന്താധാരയെ പ്രോത്സാഹിപ്പിക്കുന്ന സ്കൂളുകൾ വ്യാപകമാവുകയും ഇസ്ലാം വിരുദ്ധാശയങ്ങൾ പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയെല്ലാം നൽകി.
മൂന്ന്: മുസ്ലിം രാജ്യങ്ങളിലെ സാമ്പത്തി രംഗം നിയക്കാൻ യൂറോപ്യൻ ശക്തികൾക്ക് അവസരം ഒരുക്കിക്കൊടുത്തു.
നാല്: പൗരൻമാർക്ക് നൽകാത്ത പല സവിശേഷ അധികാരങ്ങളും തന്റെ ഭരണ പ്രദേശങ്ങളിൽ യൂറോപ്യൻമാർക്ക് നൽകി.
അഞ്ച്: കലർപ്പില്ലാത്ത ഇസ്ലാമിക ധാരയെ ശ്വാസം മുട്ടിക്കുകയും പണ്ഡിതൻമാരെയും ഫുക്വഹാക്കളെയും പ്രയാസപ്പെടുത്തുകയും ചെയ്തു. മുസ്ലിംകൾക്ക് അവരുടെ മഹത്തായ ദൗത്യത്തെക്കുറിച്ച് സംസാരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ചു.
ആറ്: യൂറോപ്യർക്ക് പിൽക്കാലത്ത് മുസ്ലിം രാഷ്ട്രങ്ങളിൽ പരീക്ഷിക്കാവുന്ന തങ്ങളുടെ ഏജന്റുമാരുടെ ശരിയായ മാതൃകയായിരുന്നു മുഹമ്മദലി പാഷ.
മുഹമ്മദലി പാഷയെ ഉപയോഗിച്ച്, ഇസ്ലാമിക നവജാഗരണ ശക്തിയായി രംഗത്ത് വന്ന ഒന്നാം സുഉൗദീ ഭരണകൂടത്തെ തകർക്കുകയും പിന്നീട് തന്റെ യജമാനനായ ഉസ്മാനികളുടെ ശക്തി ക്ഷയിപ്പിക്കുകയും ചെയ്തതോടെ തങ്ങളുടെ ലക്ഷ്യം നേടിയ പാശ്ചാത്യ ശക്തികൾ അവസാനം മുഹമ്മദലി പാഷയെയും നശിപ്പിച്ചു. ശാമുകാരോട് ഏറ്റുമുട്ടിയ മുഹമ്മദലി പാഷയുടെ സൈന്യത്തിന്റെ മുക്കാൽ ഭാഗത്തെയും അവർ നശിപ്പിച്ചു. ശാമിന്റെ അധികാരത്തിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കുകയും തന്റെ സൈനിക ശക്തി വെട്ടിച്ചുരുക്കാൻ നിർബന്ധിക്കുകയും ചെയ്തു. പാശ്ചാത്യ ശക്തികൾക്ക് അവരുടെ മതവിരുദ്ധ അജണ്ടകൾ നടപ്പിലാക്കാൻ പാകത്തിൽ ഫ്രീമേസൺ ശക്തികൾക്ക് അധികാരത്തിൽ പങ്കാളിത്തം നൽകിയ ഉസ്മാനീ ഖലീഫ സുൽത്താൻ അബ്ദുൽ മജീദ് ഒന്നാമന്റെയും ഫ്രീമേസൺ ആയിരുന്ന സുൽത്താൻ മുറാദ് അഞ്ചാമന്റെയും ചെയ്തികൾ ഉസ്മാനികളുടെ പതനത്തിലേക്ക് നയിച്ചു. സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമന്റെ കാലത്ത് പ്രതിപക്ഷമായി രംഗത്ത് വന്ന യുണൈറ്റഡ് ആൻഡ് ഡെവലപ്മെന്റ് പാർട്ടി ഒരു ഫ്രീമേസണറി പ്രസ്ഥാനമായിരുന്നു. ഭരണം അക്ഷരാർത്ഥത്തിൽ നിയന്ത്രിച്ചിരുന്നത് അവരായിരുന്നു. അദ്ദേഹത്തിന്റെ ഭരണത്തിന്റെ അവസാന ദശകളിൽ ഫലത്തിൽ ഉസ്മാനികളുടെ പതനം സംഭവിച്ചിരുന്നു. പിന്നീട് വന്നവർ കേവലം നാമമാത്രമായ അധികാരികൾ മാത്രമായിരുന്നു.
അവസാനത്തെ ഉസ്മാനീ സുൽത്താൻ അബ്ദുൽ മജീദ് രണ്ടാമൻ തന്റെ ഭൗതിക ശരീരം സംസ്കരിക്കാൻ ഉസ്മാനികൾ പാശ്ചാത്യരുടെയും തങ്ങളുടെ ഗവർണർ മുഹമ്മദലി പാഷയുടെയും ഒത്താശയോടെ തരിപ്പണമാക്കിയ സുഉൗദികളുടെ ഒൗദാര്യം വേണ്ടിവന്നു എന്നത് ചരിത്രത്തിന്റെ കാവ്യനീതി എന്ന് വിശേഷിപ്പിക്കാം.
1924 നവംബറിൽ അധികാരത്തിൽ നിന്ന് ബഹിഷ്കൃതരാക്കപ്പെട്ട ഇദ്ദേഹം കുടുംബ സമേതം തുർക്കിയിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടു. പിന്നീട് ഫ്രാൻസിലെ നൈസ് പട്ടണത്തിൽ ചെറിയ വാടക വീട്ടിൽ താമസമാക്കിയ ഇദ്ദേഹത്തിന്റെ വീട്ടുവാടക ഇന്ത്യയിലെ ഖിലാഫത്ത് കമ്മിറ്റിയായിരുന്നു അടച്ചിരുന്നത്. ഇൗജിപ്തിലേക്ക് പോകാനുള്ള സുൽത്താന്റെയും കുടുംബത്തിന്റെയും ശ്രമം ഫുആദ് രാജാവ് തടഞ്ഞു.
അൽപ്പ കാലം ഹൈദരാബാദിലെ നൈസാമിന്റെ അഥിതിയായി ഇന്ത്യയിൽ കഴിഞ്ഞു കൂടിയിരുന്നു. മരണശേഷം തന്റെ ഭൗതിക ശരീരം ഇസ്തംബൂളിൽ പൂർവ്വികരുടെ സമീപത്ത് അടക്കം ചെയ്യാനുള്ള സുൽത്താന്റെ ആഗ്രഹം തുർക്കീ ഭരണകൂടത്തിലെ ചിലരുടെ എതിർപ്പ് മൂലം നടന്നില്ല. അങ്ങനെ 1944 ൽ മരിച്ച സുൽത്താന്റെ ഭൗതിക ശരീരം പത്ത് വർഷക്കാലം ഫ്രാൻസിൽ സൂക്ഷിച്ച ശേഷം 1954 ൽ സുഉൗദീ ഭരണാധികാരി അബ്ദുൽ അസീസ് രാജാവിന്റെ അനുമതി പ്രകാരം മദീനയിലെ ബക്വീഇൽ മറമാടി. ചരിത്രം വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോഴും പാശ്ചാത്യ ശക്തികൾ തന്നെ അണിയറയിൽ പ്രവർത്തിക്കുന്നത്. തുർക്കീ സുൽത്താൻമാരുടെയും മുഹമ്മദലി പാഷമാരുടെയും സ്ഥാനത്ത് ഉർദുഗാനും ഇഖ്വാനും ഇറാനുമാണെന്ന് മാത്രം. യൂണിയൻ ആൻഡ് പ്രോഗസ് യുവതുർക്കി എന്നിവയുടെ സ്ഥാനത്ത് മുസ്ലിം രാഷ്ട്രങ്ങളെ അസ്ഥിരപ്പെടുത്താൻ ജസ്റ്റിസ് ആൻഡ് ഡവലപ്മെന്റ് പാർട്ടി അന്നഹ്ള, ഹമാസ് തുടങ്ങിയവർ സ്ഥാനം പിടിച്ചു എന്ന വ്യത്യാസമേയുള്ളൂ. (തുടരും).   

1 comment:

Unknown said...

ما شاء الله

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal