} -->

ഉസ്മാനി സാമ്രാജ്യത്തിന്റെ പതനം; വസ്തുതകളും യാഥാർത്ഥ്യങ്ങളും - ഭാഗം 2

ഉസ്മാനി സാമ്രാജ്യത്തിന്റെ പതനം; വസ്തുതകളും യാഥാർത്ഥ്യങ്ങളും 

ഭാഗം 2

ഒന്നാം ഭാഗത്തിലേക്കുള്ള ലിങ്ക്


✍️ ഡോ: അബ്ദുർറഹ്മാൻ ആദൃശ്ശേരി

    "ഉസ്മാനി സാമ്രാജ്യത്തിന്റെ ഉത്ഥാന പതനങ്ങളുടെ കാരണങ്ങൾ" എന്ന തന്റെ ഗ്രന്ഥത്തിൽ, പ്രമുഖ ഉസ്മാനി ചരിത്രകാരനായ ഡോ. അലി മുഹമ്മദ് സ്വല്ലാബി പറയുന്നത് കാണുക: 

ഉസ്മാനി സാമ്രാജ്യത്തിന്റെ അവസാന ഘട്ടത്തിലെ ഭരണാധികാരികൾ അല്ലാഹുവിന്റെ ശരീഅത്തിൽ നിന്ന് അകന്നുപോയി. അങ്ങനെ ഭയവും ഭീതിയും നിറഞ്ഞ സംഘർഷഭരിതമായ സാമൂഹ്യജീവിതം, ഭൗതിക പ്രമത്തതയിലും ജാഹിലിയ്യത്തിലും മുഴുകി പോയിരുന്നു, എല്ലാ ഓരികളും തങ്ങൾക്കെതിരായിട്ടുള്ളതാണെന്ന് അവരുടെ ഭീരുത്വം കൊണ്ടവർ
ധരിച്ചുവശായി. ക്രൈസ്തവരെ ഭയപ്പെട്ട അവർ, ധീരമായി അവരെ എങ്ങനെ ചെറുക്കണമെന്നറിയാതെ നട്ടം തിരിഞ്ഞു. പാപഭാരം കാരണം, ശത്രുക്കളുടെ മുമ്പിൽ പിടിച്ചുനിൽക്കാൻ കഴിയാത്തവണ്ണം അവർ ദുർബലരായി. ഉസ്മാനികൾ തങ്ങളുടെ അവസാന ദശകളിൽ ചേതനയറ്റ ആത്മാവില്ലാത്ത മനസ്സു വറ്റിവരണ്ടുണങ്ങിയ ഒരു സമൂഹമായി മാറിയിരുന്നു. നന്മ കൽപിക്കുകയോ തിന്മകളെ വെടിയുകയോ ചെയ്യാത്ത ഒരു സമൂഹം. ഈ മഹത്തായ ദൗത്യം അവഗണിച്ചതു കാരണം ഇസ്രായീല്യരെ ബാധിച്ച ദുരന്തം അവരെയും ബാധിച്ചു, അല്ലാഹുവിന്റെ ശരീഅത്തിന് യാതൊരു മഹത്തവും നൽകാത്ത സമൂഹത്തിന് സംഭവിക്കാവുന്നതെല്ലാം അവർക്കും സംഭവിച്ചു. അവസാന ദശയിലെ ഉസ്മാനി ഭരണാധികാരികളും അവരുടെ കീഴിലുള്ള ജനതയും അല്ലാഹുവിന്റെ ശരീഅത്തിൽ നിന്നും വ്യതിചലിക്കുകയും തങ്ങളുടെ ദൗത്യനിർവഹണത്തിൽ വീഴ്ച വരുത്തുകയും ചെയ്തതിനെ തുടർന്ന് അഭ്യന്തര ശൈഥില്യം നേരിടുകയും ജീവഹാനിയും അഭിമാന നഷ്ടവും കവർച്ചയും പിടിച്ച് പറിയുമെല്ലാം സമൂഹത്തിൽ വ്യാപകമായിത്തീർന്നിരുന്നു. യുദ്ധങ്ങളും കലാപങ്ങളും പൊട്ടിപ്പുറപ്പെട്ടു. പ്രതിയോഗികൾക്ക് അവരോടുള്ള ശത്രുതയും വിദ്വേഷവും വർദ്ധിച്ചുവന്നു. റഷ്യ, ബ്രിട്ടൻ, ബൾഗേറിയ, സെർബുകൾ എന്നിവർ ശക്തി പ്രാപിക്കുകയും നേട്ടങ്ങൾ കൊയ്തെടുക്കുകയും ചെയ്തു. ഉസ്മാനി ഭരണാധികാരികൾക്കും അവരുടെ കീഴിലുള്ള പ്രജകൾക്കും സ്വാസ്ഥ്യം നഷ്ടപ്പെടുകയും അല്ലാഹുവിന്റെ സഹായം നഷ്ടപ്പെടുകയും ചെയ്തു. തുടർച്ചയായി പരീക്ഷണങ്ങളും, അധികാരനഷ്ടവും, ശത്രുക്കളുടെ ഭാഗത്തുനിന്നുള്ള ഭയപ്പെടുത്തലുകളും അവരുടെ അധികാരത്തിന് ഭീഷണി സൃഷ്ടിക്കുകയുണ്ടായി. ഉസ്മാനികൾ തങ്ങളുടെ ഭരണത്തിന്റെ ആദ്യ ദശകളിൽ ഇസ്ലാമിക ശരീഅത്ത് അനുസരിച്ചായിരുന്നു ഭരണം നടത്തിയിരുന്നതെങ്കിലും പിൽക്കാലത്ത് വിശിഷ്യാ, പതിമൂന്നും പതിനാലും നൂറ്റാണ്ടുകളിൽ സാമ്രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും ഇരുൾ പരത്തിയ അറിവില്ലായ്മയും, സമൂഹത്തിന് വെളിച്ചം കാണിച്ചിരുന്ന ഭക്തരായ പണ്ഡിതന്മാരുടെ അഭാവവും കാരണം ശറഇന്റെ മാനദണ്ഡങ്ങളും മുൻഗണനാ ക്രമങ്ങളും അവഗണിക്കപ്പെട്ടു. ഭരണാധികാരികൾ ദുർബലരായ മുസ്ലിംകളെ അവഗണിച്ച് ശക്തരായ ശത്രുക്കളെ ഭരണത്തിൽ മേധാവിത്തശക്തികളാക്കി മാറ്റി. 1839ൽ അന്തരിച്ച സുൽത്താൻ മഹ്മൂദ് രണ്ടാമൻ, പാശ്ചാത്യ ശൈലിയുടെ കടുത്ത അനുകർത്താവായിരുന്നു. മുസ്ലിം സമൂഹത്തോടുള്ള വിശ്വാസിയുടെ ബാധ്യതയും കടപ്പാടും ഹൃദയങ്ങളിൽ നിന്ന് പിഴുതെറിയപ്പെട്ടു. ഇനി മുതൽ മുസ്ലിംകൾക്ക് പള്ളികളിൽ മാത്രമേ സവിശേഷത കൽപിക്കുകയുള്ളൂ എന്നദ്ദേഹം പ്രഖ്യാപിച്ചു. സുൽത്താന്റെ മേൽനോട്ടത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, അർമേനിയൻ, ഗ്രീക്ക്, കത്തോലിക്കൻ സ്കൂളുകൾ സ്ഥാപിച്ചു. പണ്ഡിതന്മാരെ തലപ്പാവ് മാറ്റി തുർക്കി തൊപ്പിയണിയാൻ നിർബന്ധിച്ച സുൽത്താൻ മഹ്മൂദ്, റഷ്യയോട് കൂറ് പുലർത്തിയിരുന്ന സൈനിക നേതാക്കളോട് സഹായം തേടിയതിനാൽ ഉസ്മാനി സൈനികരഹസ്യങ്ങൾ റഷ്യക്ക് ചോർത്തിക്കൊടുക്കുന്ന ചാരക്കണ്ണുകൾ കാണാതെപോയി, അങ്ങനെ റഷ്യയുടെ ഭാഗത്ത് നിന്ന് പല തോൽവികളും ഏറ്റുവാങ്ങേണ്ടിവന്നു. 

പാശ്ചാത്യ സംസ്കാരത്തിൽ കണ്ണ് മഞ്ഞളിച്ചുപോയ സുൽത്താന്റെ ഈജിപ്തിലെ ഗവർണറായിരുന്ന മുഹമ്മദലി പാഷ അവരുടെ നയനിലപാടുകൾ അപ്പടി പിന്തുടർന്നു. നാൽപത്തഞ്ച് വർഷം ഉസ്മാനികൾക്ക് കീഴിൽ ഈജിപ്തിന്റെ അധികാരത്തിൽ തുടർന്ന അദ്ദേഹം സത്യനിഷേധികളെ അനുകരിക്കുകയും അവരുടെ മാതൃകകളെ മഹത്വവൽക്കരിക്കുകയും അവരുടെ വ്യവസ്ഥിതികളെയും നിയമങ്ങളെയും നടപ്പിലാക്കാൻ മത്സരിക്കുകയും ചെയ്തു. മാത്രമല്ല, തന്റെ കുരിശു മേധാവികളെ പ്രീണിപ്പിക്കാനും മുസ്ലിം സമൂഹത്തിനെതിരിലുള്ള ജൂതന്മാരുടെ ആസൂത്രണങ്ങൾക്ക് അവരെ കീഴ്പ്പെടുത്തി കൊടുക്കാനും ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളെ ചവിട്ടി മെതിക്കുകയും ചെയ്യുകയുണ്ടായി. 

തന്റെ കൊട്ടാരത്തിലും പരിവാരങ്ങളിലും ഭൂരിഭാഗവും ജൂത ക്രൈസ്തവരായിരുന്നു. വിശിഷ്യാ സമുദായ ശത്രുക്കളായിരുന്ന അർമേനിയൻ ക്രൈസ്തവരായിരുന്നു അദ്ദേഹത്തിന്റെ അടുത്ത കൂട്ടുകാരും ഉപദേശകന്മാരും. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാൻ തനിക്ക് കൂട്ടുനിന്നതും അവരായിരുന്നു. പര്യവേഷണത്തിനും ഗവേഷണത്തിനും ക്രൈസ്തവ രാഷ്ട്രങ്ങൾക്ക് മുമ്പിൽ രാജ്യകവാടങ്ങൾ മലർക്കെ തുറന്നിട്ടു കൊടുത്തു. ചരിത്രശേഷിപ്പുകളും വ്യത്യസ്ത സ്ഥലങ്ങളെക്കുറിച്ച് സൂക്ഷ്മമായ അറിവുകളും ലഭിച്ചത് അവരുടെ അജണ്ടകൾ നടപ്പാക്കാൻ പ്രയോജനപ്പെട്ടു. രാജ്യത്തിന്റെ സമ്പദ് മേഖലയെ കുറിച്ചവർ പഠനം നടത്തി. സ്ഥലങ്ങളെ കുറിച്ചുള്ള കൃത്യമായ അറിവുകളും 1882ൽ ഈജിപ്തിനെ അധിനിവേശപ്പെടുത്താൻ അവർക്കുപകരിച്ചു. 

ഉസ്മാനി സുൽത്താന് വേണ്ടിയെന്ന് ധരിപ്പിച്ച്, ശത്രുക്കളുടെ പദ്ധതികളെ വിജയിപ്പിക്കാനായി, അറേബ്യൻ ഉപദ്വീപിലെ സലഫിധാരയെ തകർക്കുവാൻ മുഹമ്മദലി പാഷ നന്നായി സഹായിച്ചു. അതോടെ സുൽത്താന് പുണ്യഭൂമിയിന്മേലുള്ള അധികാരം നഷ്ടമാവുകയാണുണ്ടായത്. സഊദികൾ തങ്ങളുടെ താൽപര്യങ്ങൾക്ക് വിഘാതമാകുമെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടന്റെയും ഫ്രാൻസിന്റെയും അജണ്ടകൾ നടപ്പാക്കാനാണ് മുഹമ്മദലി പാഷ സഊദിയെ തകർക്കാൻ ഒരുമ്പെട്ടത്. സഊദിയെ തകർക്കാനായി അദ്ദേഹം നിയോഗിച്ച സൈനികരിൽ ക്രൈസ്തവരും, അതിന്റെ തലപ്പത്ത് ഫ്രഞ്ചുകാരുമാണ് ഉണ്ടായിരുന്നത്. ബ്രിട്ടനും ഫ്രാൻസും ഇതിൽ ഏറെ സന്തോഷിച്ചു. പൗരസ്ത്യ നാടുകളിൽ പാശ്ചാത്യ നാഗരികതയുടെ കൊടികൾ പറക്കുന്നതിൽ തങ്ങൾക്കുള്ള സന്തോഷം ഫ്രാൻസ് മുഹമ്മദലിയെ നേരിട്ടറിയിച്ചു. 

മുഹമ്മദലി, അസ്ഹരി പണ്ഡിതന്മാരുടെയും ഫുഖഹാക്കളുടെയും ജീവിതമാർഗം തടഞ്ഞ് പ്രയാസപ്പെടുത്തി അസ്ഹറിന്റെ കീഴിലുണ്ടായിരുന്ന വഖഫ് സ്വത്തുക്കൾ പിടിച്ചടക്കി, അസ്ഹറിലെ അധ്യാപകരുടെയും പാഠശാലകളിൽ ഖുർആൻ പഠിപ്പിച്ചിരുന്നവരുടെയും ജീവിത സന്ധാരണം മുടക്കി. അതോടെ മത പാഠശാലകൾ അടച്ചു പൂട്ടേണ്ടിവന്നു. അധ്യാപകർ വഴിയാധാരമായി. മുഹമ്മദലി മുസ്ലിംകൾക്കെതിരെ സ്വീകരിച്ച വിധ്വംസക ശ്രമങ്ങൾ ക്രൈസ്ത കുരിശു യുദ്ധ പദ്ധതിയുടെ ബാക്കിപത്രമായിരുന്നു. കാരണം ഫ്രാൻസിന് ഈജിപ്തിൽ തങ്ങളുടെ മുഴുവൻ പദ്ധതികളും നടപ്പാക്കുന്നതിന് മുമ്പ് കോളനി വാഴ്ച അവസാനിപ്പിച്ച് തിരിച്ചുപോകേണ്ടിവന്നിരുന്നു. നെപ്പോളിയന്റെ പദ്ധതികൾ പ്രവൃത്തിപഥത്തിൽ കൊണ്ടുവന്നത് ഏകാധിപതിയായിരുന്ന മുഹമ്മദലി പാഷയാണെന്ന് ബ്രിട്ടീഷ് ചരിത്രകാരനായ ആർനൾഡ് ടോയൻബി നിരീക്ഷിച്ചിട്ടുണ്ട്. പടിഞ്ഞാറൻ ശക്തികളുടെ ആസൂത്രണം കൊണ്ട് ഈജിപ്തിന്റെ അധികാരപദവിയിലേറിയ മുഹമ്മദലി സാമ്രാജ്യത്വ ശക്തികളുടെ ഏജന്റായിരുന്നുവെന്നതിൽ സംശയമില്ല. 

"ഇസ്ലാമിനോടുള്ള പ്രതിബദ്ധത സത്യനിഷേധത്തോടുള്ള വിമുഖത" എന്ന ഇസ്ലാമിക വിശ്വാസത്തെ പിഴുതെറിയാൻ തന്റെ ഭരണ പ്രദേശത്തിന്റെ വിവിധങ്ങളായ പ്രദേശങ്ങളിൽ കൊടിയ മർദ്ദനങ്ങളും ക്രൂരമായ ഭീകരാക്രമണങ്ങളും അഴിച്ചുവിട്ടു. 

ഫ്രഞ്ചുകാരുടെ അൾജീരിയൻ അധിനിവേശത്തിന് മുഹമ്മദലി പാഷ എല്ലാ ഒത്താശയും ചെയ്തുകൊടുത്തു. ഇതാണ് ഉസ്മാനി ഭരണാധികാരികൾക്ക് കീഴിൽ പ്രവർത്തിച്ച പാഷമാരിൽ ഒരാളുടെ അവസ്ഥ. 'വലാഅ് - ബറാഅ്' വിശ്വാസത്തെ തുടച്ചുനീക്കാൻ പാശ്ചാത്യരുടെ പദ്ധതികളുപയോഗിച്ച് ക്രൂരതകളഴിച്ചുവിട്ടു. ഉസ്മാനിയ ഭരണത്തിനു കീഴിൽ ഇസ്ലാമിക ലോകത്തെ പാശ്ചാത്യവൽക്കരണ ശ്രമത്തിന്റെ ആചാര്യൻ മുഹമ്മദലി പാഷയാണെന്ന് പറഞ്ഞാൽ തെറ്റാവില്ല. തന്റെ പിൻഗാമികളും അതേമാർഗം തുടർന്നുവന്നു. ഒരു വിഭാഗം ഉസ്മാനി ഭരണാധികാരികളും ഗവർണർമാരും മുസ്ലിംകളെക്കാൾ ക്രൈസ്തവരോടും ജൂതന്മാരോടും കൂറ് പുലർത്തുകയും തങ്ങളുടെ സർവ്വ കാര്യങ്ങളിലും അവരെ ആശ്രയിക്കുകയും ചെയ്തു. തങ്ങളുടെ സവിശേഷ വ്യക്തിത്വം നഷ്ടപ്പെട്ടതോടെ ശത്രുക്കൾക്ക് രാജ്യത്തെ ദുർബലപ്പെടുത്താനും ശിഥിലമാക്കാനും പണിപ്പെടേണ്ടി വന്നില്ല. ശിർക്ക് ബിദ്അത്ത് അന്ധവിശ്വാസങ്ങളുടെ വ്യാപനം


ഉസ്മാനികൾ തങ്ങളുടെ അവസാന രണ്ടു നൂറ്റാണ്ടുകളിൽ ശിർക്ക് ബിദ്അത്തുകളിലും അന്ധവിശ്വാസങ്ങളിലും ആണ്ട് കഴിയുകയായിരുന്നു. തൗഹീദി രംഗത്ത് ഗുരുതരമായ വ്യതിയാനം സംഭവിച്ചു. അജ്ഞതയുടെ ഇരുൾ വ്യാപിച്ചതു കാരണം ദീനിന്റെ യാഥാർത്ഥ്യം മനസ്സിലാകാതെ തൗഹീദിന്റെ പ്രഭ അണഞ്ഞുപോയി. സത്യദീനിന്റെ നേരായ വഴിയിൽ നിന്ന് ബഹുദൂരം അകന്നുപോയി. 

ഉസ്മാനി ഭരണത്തിന്റെ അവസാന ദശകളിൽ ഇസ്ലാം നിരോധിച്ച, ശവകുടീര നിർമ്മിതികളും ജാറങ്ങളും ദർഗകളും അവയുടെ ആധുനികവൽക്കരണവും വ്യാപകമായി. പരേതൻ സജ്ജനങ്ങളിൽ പെട്ടവനാണെങ്കിൽ, ഖബറുകൾക്ക് മുകളിലുള്ള നിർമിതികൾ അനുവദനീയമാണെന്ന് ചില കർമശാസ്ത്രജ്ഞർ ഫത്‌വ നൽകിയത് പ്രശ്നം ഗുരുതരമാക്കി. വിദ്യാർത്ഥികൾ ചടഞ്ഞിരുന്ന് പഠിക്കുന്ന ഗ്രന്ഥങ്ങളിൽ ഇത്തരം നിരർത്ഥകവാദങ്ങൾ സ്ഥലം പിടിച്ചതോടെ പ്രശ്നം കൂടുതൽ വഷളായിത്തീർന്നു. 

ഉസ്മാനി പ്രവിശ്യകളിൽ ജാറങ്ങളും ദർഗകളും ശവകുടീരങ്ങളും വ്യാപകമായി നിർമ്മിക്കപ്പെട്ടു. ഭരണകൂടം ഇതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സുബൈർ ഇബ്നു അവ്വാമിന്റെ ഖബറിന്മേൽ ഉയർത്തപ്പെട്ട കുടീരത്തോടുള്ള ആദരസൂചകമായി ബസറക്കാർക്ക് കരം നൽകുന്നതിൽ നിന്ന് ഇളവ് നൽകുകയുണ്ടായി. സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ ഇതിന്റെ പരിപാലനം ബസറ ഗവർണറുടെ നേരിട്ടുള്ള ചുമതലയിൽ പെടുത്തി. പിന്നീട് സുൽത്താൻ ദർഗയുടെ താഴികക്കുടം വെളുത്ത ചായം പൂശാനും ഖബറിന്മേൽ വെള്ളിക്കൊലുസ്സുള്ള ചുമപ്പ് പട്ട് പുതപ്പിക്കാനും ഉത്തരവിട്ടു, ഹിജാസ് യമൻ, ആഫ്രിക്ക, ഈജിപ്ത്, മൊറോക്കോ, ഇറാഖ്, ശാം, തുർക്കി, ഇറാൻ, മധ്യേഷ്യ തുടങ്ങിയ പ്രദേശങ്ങളിലൊക്കെ, ശവകുടീര നിർമ്മാണത്തിൽ മത്സരിച്ചു മുന്നേറി. അക്കാലക്കാർ മഹത്വത്തിന്റെ മാനദണ്ഡമായി അതിനെ കണക്കാക്കി. ഉസ്മാനിയ രാജാക്കന്മാർ ജനങ്ങൾ ആദരവ് പുലർത്തുന്ന ഖബറുകൾ, തിരുശേഷിപ്പുകൾ തുടങ്ങിയവയെല്ലാം കലവറയില്ലാതെ പിന്തുണച്ചു. 

പ്രസ്തുത ജാറങ്ങളും ദർഗകളും പരേതരെ വിളിച്ചു തേടുന്ന പ്രാർത്ഥനാ കേന്ദ്രങ്ങളായി. ജാറങ്ങളിലേക്കുള്ള നേർച്ചകൾ, അല്ലാഹു അല്ലാത്തവർക്കുള്ള ബലി സത്യം ചെയ്യൽ തുടങ്ങിയ ബഹുദൈവത്വ വിശ്വാസങ്ങൾ വ്യാപകമായി. ജാറങ്ങളും മഖ്ബറകളും ജനജീവിതത്തെ നിയന്ത്രിക്കുന്ന, അധികാര കേന്ദ്രങ്ങളായി മാറി. അവരുടെ മനസുകളിൽ അവ വമ്പിച്ച സ്വാധീനം നേടുകയും അവരുടെ മുഖ്യ ചിന്താവിഷയമാവുകയും ചെയ്തു. ചെറുതും വലുതുമായ എല്ലാ ജീവിതസന്ധികളെയും നേരിടാൻ ജാറങ്ങളിൽ അഭയം തേടുകയും അല്ലാഹുവിൽ നിന്ന് മനസുകൾ അകന്ന് പോവുകയും ചെയ്തു. അവിടെ അടക്കം ചെയ്യപ്പെട്ട വിശുദ്ധന്മാരോട് പ്രാർത്ഥിക്കുകയും പ്രശ്നങ്ങൾ അവരുടെ മുമ്പിൽ ഉണർത്തുകയും ചെയ്തു. തങ്ങളുടെ ചെയ്തികൾക്ക് സ്വീകാര്യത ലഭിക്കാൻ ഇത്തരം കേന്ദ്രങ്ങൾക്ക് ആദരവ് ലഭിക്കുന്ന ചടങ്ങുകൾക്കും ആചാരങ്ങൾക്കും നേതൃത്വം നൽകാൻ പണ്ഡിതവേഷധാരികൾ ഒരുമ്പെട്ടു. 

ജനങ്ങൾ ശിർക്കിലും വഴികേടിലും വിഗ്രഹാരാധനയിലും ഊളിയിട്ടു. തൗഹീദിനോട് സമരം ചെയ്യുകയും മരിച്ചവരെക്കൊണ്ട് മതിയാക്കാതെ, കല്ലുകളോടും വൃക്ഷങ്ങളോടും വരെ പ്രാർത്ഥിക്കാൻ തുടങ്ങി. ബഗ്ദാദിലെ ജനങ്ങൾ ഉസ്മാനീ ഭരണാധികാരിയായിരുന്ന സുൽത്താൻ മുറാദ് പേർഷ്യക്കാരെ നേരിടാൻ ഉപയോഗിച്ച പഴയൊരു പീരങ്കിക്ക് നേർച്ചകൾ നേരാനും, കുഞ്ഞുങ്ങളുടെ സംസാരശേഷി നന്നാക്കാൻ അതിനോടു പ്രാർത്ഥിക്കുകയും വരെ ചെയ്യുന്ന അവസ്ഥയുണ്ടായി. ഈ വഴികേടിനെ തുറന്നെതിർത്തുകൊണ്ട് 'അല്ലാമാ മഹ്മൂദ് ശുക്‌രി ആമൂസി' "അൽഖൗലുൽ അൻഫഅ് ഫിർറദി അൻ സിയാറത്തിൻ മിദ്ഫഅ്" എന്ന പേരിൽ ഒരു ഗ്രന്ഥം രചിക്കുകയുണ്ടായി. 

ആദ്യകാല ഭരണാധിപന്മാരിൽ നിന്ന് വ്യത്യസ്തമായി ഉസ്മാനി സാമ്രാജ്യത്തിന്റെ അവസാന ഘട്ടങ്ങളിൽ മതത്തിലെ പുതുനിർമിതികൾക്ക് വലിയ പ്രചാരം ലഭിച്ചു. ജീവിതവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും ആരാധനാ കർമങ്ങളിലും ബിദ്അത്തുകൾ കയറിക്കൂടി ജീവിതത്തിന്റെ മുഴുവൻ മേഖലകളെയും ചൂഴ്ന്നു നിൽക്കുന്ന മതവും വിജ്ഞാനവും അപരിചിതമായ ആചാരങ്ങളും വരണ്ടുണങ്ങിയ ചടങ്ങുകളുമായി മാറി. തങ്ങൾ സത്യപാതയിലാണെന്ന് ജനങ്ങൾ ധരിച്ചുവശായി. പ്രവാചക ജീവിതത്തിന്റെ നേർചിത്രീകരണമായ 'സഹീഹുൽ ബൂഖാരി' ശത്രുക്കൾക്കെതിരിൽ വിജയം വരിക്കാൻ യുദ്ധവേളകളിൽ പാരായണം ചെയ്യപ്പെടുന്ന നേർച്ചപ്പാട്ടായി തരംതാഴ്ത്തപ്പെട്ടു. ബിദ്അത്തുകളുടെ കുത്തൊഴുക്കിൽ സുന്നത്തുകൾ തീർത്തും അപരിചിതമായി. ബിദ്അത്തുകൾ ദീനിന്റെ അകക്കാമ്പാണെന്ന് ധരിച്ച് ആളുകൾ അവയിൽ തട്ടിത്തടഞ്ഞു ജീവിച്ചു. അത് കൊണ്ടുനടക്കാനും, അതിനെ പ്രതിരോധിക്കാനും അതിലൂടെ ദീനിന്റെയും സമൂഹത്തിന്റെയും സേവകരാണെന്നും പാവങ്ങൾ ധരിച്ചുവശായി. 

ഇക്കാലത്ത് കെട്ടുകഥകളും അന്ധവിശ്വാസങ്ങളും മുമ്പില്ലാത്ത വിധം സർവ്വാംഗീകൃത സത്യങ്ങളെന്ന നിലയിൽ സമൂഹത്തിൽ പ്രചരിച്ചു. മാത്രമല്ല, അതെല്ലാം ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത പുണ്യപ്രവൃത്തികളായാണ് ബഹുഭൂരിപക്ഷവും നോക്കിക്കണ്ടത്. വഴിപിഴച്ച സൂഫികൾ


ഇസ്ലാമിക ചരിത്രത്തിൽ സംഭവിച്ച ഏറ്റവും വലിയ വ്യതിയാനമാണ് വിശുദ്ധ ഖുർആനിനും സുന്നത്തിനും നിരക്കാത്ത വിശ്വാസാദർശങ്ങളുമായി രംഗത്തുവന്ന സംഘടിത സൂഫി പ്രസ്ഥാനങ്ങൾ. പല കാരണങ്ങളാൽ ഉസ്മാനി ഭരണത്തിന്റെ അവസാന ദശകളിൽ ഇവരുടെ നീരാളിപിടുത്തം ശക്തിപ്പെട്ടു. 

അക്രമം, അനീതി, ദാരിദ്ര്യം, അജ്ഞത, രോഗങ്ങൾ, തുടങ്ങിയ പിന്നോക്കാവസ്ഥകൾ കാരണം ജനങ്ങൾ സൂഫികളുടെ സമക്ഷത്തിങ്കൽ അഭയം തേടി. യാഥാർത്ഥ്യത്തിന് നിരക്കാത്ത പൊള്ളയായ വാഗ്ദാനങ്ങൾ നൽകി അവരെ മയക്കിക്കിടത്താൻ അവർക്ക് സാധിച്ചു. 

നിസ്സാര പ്രശ്നങ്ങൾക്ക് പോലും ജീവൻ ഹോമിക്കപ്പെടുന്ന സംഘർഷഭരിതമായ സാഹചര്യത്തിൽ പ്രശ്നങ്ങളിൽ നിന്നകന്ന് സംതൃപ്ത ജീവിതം നയിച്ചിരുന്ന സൂഫികൾ ജനങ്ങളെ ആകർഷിച്ചു. കാരണം സൈനികർ അവരുടെ ആത്മീയ പ്രഭയെ ഭയപ്പെട്ടിരുന്നു. അവർ അല്ലാഹുവിന്റെ ആളുകളാണെന്ന് ധരിച്ച് അവരുടെ തൃപ്തി നേടാൻ ഭരണാധികാരികൾ മത്സരിച്ചു. 

സൂഫികൾ ജീവിതസംഘർഷങ്ങൾ നേരിടാതെ ജീവിച്ചു. കാരണം ഭക്ഷണത്തിനും വസ്ത്രത്തിനും വേണ്ടി അവർക്ക് അധ്വാനിക്കേണ്ടി വന്നില്ല. എല്ലാം അവരുടെ ആശ്രമങ്ങളിൽ സമ്പന്നരുടെയും ഉദാരമതികളുടെയും ചിലവിൽ എത്തിച്ചേരുമായിരുന്നു. കാരണം അവർ അല്ലാഹുവിനെ ധ്യാനിച്ച് ഭൗതികവിരക്തരായി കഴിയുന്നവരാണ്. പൊതുജനദൃഷ്ടിയിൽ. അബ്ബാസി കാലഘട്ടത്തിൽ തന്നെ സൂഫിസം സമൂഹത്തിൽ പ്രചരിച്ചിരുന്നുവെങ്കിലും സമൂഹത്തിൽ നിന്നകന്ന് കഴിയുകയായിരുന്നു അവർ. 

എന്നാൽ ഓട്ടോമൻ തുർക്കിയിൽ, അവർ തന്നെ സമൂഹവും ദീനുമായി മാറിക്കഴിഞ്ഞിരുന്നു. അവസാനദശകളിൽ, ശൈഖില്ലാത്തവന്റെ ശൈഖ് പിശാചാണെന്ന് ആപ്തവാക്യം സമൂഹത്തിൽ പ്രചരിച്ചു. പൊതുജനങ്ങളെ സംബന്ധിച്ച് മതത്തിലേക്കുള്ള പ്രവേശനകവാടവും മതത്തിന്റെ അനുഷ്ഠാനവും സൂഫിസം തന്നെയായി മാറി. 

ബഹുഭൂരിപക്ഷം ഉസ്മാനി ഭരണാധികാരികളും സൂഫികളെ സംരക്ഷിക്കുകയും അവർക്ക് സഹായസഹകരണങ്ങൾ നൽകുകയും ചെയ്തു. മുസ്ലിം ലോകത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ സൂഫികളുടെ മേധാവിത്തത്തിനു കീഴിലായിരുന്നു സൂഫികളുടെ കാലമായിരുന്നു. അത് നജ്ദൂം അനുബന്ധ ദേശങ്ങളും ഒഴികെ എല്ലാ നഗരങ്ങളിലും അവരുടെ സാന്നിധ്യമുണ്ടായിരുന്നു. വഴിപിഴച്ച സൂഫികളുടെ മേധാവിത്തത്തിലായിരുന്നു അക്കാലത്തെ മുസ്ലിം ലോകം. ഭൂരിപക്ഷം മുസ്ലിംകളും ചിന്താപരമായി അവരുടെ തടവറകളിലായിരുന്നു. പ്രസ്തുത രണ്ട് നൂറ്റാണ്ടുകളിൽ അവരുടെ അധീശത്തം ശക്തിപ്പെട്ടു. പൊതുജനങ്ങൾ ആകമാനം ആ മേധാശക്തിക്കു കീഴിലായിരുന്നു. രാഷ്ട്രം തന്നെ അവരെ ഏറ്റെടുത്താലുണ്ടാവുന്ന അവസ്ഥയെന്തായിരിക്കും? വഴിപിഴച്ച സൂഫിചിന്തകൾ സമൂഹ ശരീരത്തെ കാർന്നു തിന്നു കൊണ്ടിരുന്നു. കുരിശു ശക്തികൾ ഭൗതിക പുരോഗതിയുടെ ഊർജം സംഭരിച്ച് ശാസ്ത്ര വൈജ്ഞാനിക മേഖലകളിൽ മുന്നേറുകയും, ഉസ്മാനിയ സാമ്രാജ്യത്വത്തെ തകർക്കാനുള്ള ഗൂഢപദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. 

സൂഫികൾ വിനോദോപാധികളിലും സംഗീതപഠനത്തിലും നിരതരായി. അവരുടെ സദസുകളിൽ വീണയും തബലയും കൊടിതോരണങ്ങളും നിറഞ്ഞു. അവരുടെ ദിക്റ് സദസുകളിൽ ദഫ് മേളങ്ങളായി മാറി. സംഗീതവും നൃത്തവും അവർക്ക് ഒഴിച്ചു കൂടാൻ പറ്റിയിരുന്നില്ല. പാട്ടും കൂത്തും നൃത്തവുമെല്ലാമെല്ലാം അവർക്ക് ഇലാഹീ സാമീപ്യം സിദ്ധിക്കാനുള്ള ഹൃദയ സംസ്കരണത്തിനുമുള്ള വഴികളായിരുന്നു. 

അവതാര സിദ്ധാന്തവും അദ്വൈതവാദവും നിറഞ്ഞു തുളുമ്പുന്ന ഇബ്നു അറബിയുടെ 'ഫുസൂസുൽ ഹികം,' 'അൽഫുതൂഹാതുൽമകിയ്യ' പോലുള്ള ഗ്രന്ഥങ്ങൾ അധ്യാപനം നടത്തുന്നത് ഉന്നത സൂഫി ഗുരുക്കന്മാർക്ക് അഭിമാനമായിരുന്നു. സങ്കീർണ്ണഘട്ടത്തിലൂടെ പ്രയാണം ചെയ്തിരുന്ന മുസ്ലിം ലോകത്ത് വഴിപിഴച്ച അദ്വൈതവാദത്തിന് വലിയ പ്രചാരം സിദ്ധിച്ചു. ശരീഅത്തിനെ ദുർബലപ്പെടുത്തുകയും മതത്തിനും ജിഹാദിനും പ്രസക്തിയില്ലാതാക്കുകയും, വിശ്വാസിയെന്നോ അവിശ്വാസിയെന്നോ എന്നും സൃഷ്ടിയും സൃഷ്ടാവുമെന്നോ ഭേദമില്ലാതെ എല്ലാത്തിനെയും ഒന്നായി കണ്ട ദർശനമായിരുന്നു അത്. 

ശരീഅത്തിന്റെ ചിലവിൽ വിലായത്ത്, ഹിസ്ബ്, ജദ്ബ്, ശുഹൂദ് തുടങ്ങിയ സൂഫി സംജ്ഞകളുടെ ബലത്തിൽ മതനിയമങ്ങളെ നിരാകരിക്കുകയും ചെയ്തു. ഉസ്മാനിയ രാഷ്ട്ര ശരീരത്തെ കാർന്നു തിന്നുന്ന പാശ്ചാത്യവൽക്കരണ ശക്തികൾക്ക് ഊർജം പകർന്നത് സൂഫി ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളായിരുന്നു. വിധ്വംസക ശക്തികൾ


ഇസ്നാ അശ്‌രീ ശീഇകൾ, ദുറൂസ്, നുസൈരിയ്യ, ഇസ്മാഈലിയ്യ, ബഹാഇയ്യ തുടങ്ങിയ ഇസ്ലാമിന്റെ വിലാസത്തിലറിയപ്പെടുന്ന ഗൂഢകക്ഷികൾ എന്നിവർ ശക്തി പ്രാപിക്കുകയും അവർ മുസ്ലിംകൾക്കെതിരിൽ ശത്രുക്കൾക്കൊപ്പം നിന്ന് പോരാടുകയും ചെയ്തു. മുസ്ലിംകൾക്കെതിരിൽ താർത്താരികൾക്കും കുരിശു പടയാളികൾക്കുമൊപ്പം നിന്ന ഇവർ, ഇറാനിലെ ശിയാ ഭരണകൂടമായ സഫവികൾക്കൊപ്പം നിന്ന് ഉസ്മാനി ഭരണകൂടത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഫ്രഞ്ചുകാർ സിറിയ കീഴടക്കിയ വേളയിൽ മുസ്ലിം പക്ഷം അവർക്കെതിരിൽ ജിഹാദിനിറങ്ങിയപ്പോൾ, ഇസ്മായിലികൾ ഫ്രഞ്ചുകാർക്കൊപ്പം കൂടി. ദുറൂസ് നുസൈരി തുടങ്ങിയ ഇസ്മായിലി വിഭാഗം ശിയാക്കൾ ഇസ്ലാമിക ഭരണകൂടത്തിനെതിരിൽ പ്രക്ഷോഭം സംഘടിപ്പിച്ചു അസ്ഥിരപ്പെടുത്തിയവരും അധിനിവേശ കുരിശു പടക്കൊപ്പം സഹകരിച്ചു പ്രവർത്തിച്ചവരുമാണ്. ഹിജ്റ പതിമൂന്നാം നൂറ്റാണ്ടിൽ സിറിയയിൽ അവരുടെ ഉപദ്രവം അസഹനീയമായി. സിറിയൻ ഗവർണർ യൂസുഫ് പാഷ അവർക്കെതിരെ ആക്രമണത്തിന് നേതൃത്വം നൽകി. യുദ്ധത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന് സന്ധിയിലേർപ്പെട്ട അവർ 1834 ൽ രാജ്യത്തിനെതിരെ വൻ കലാപം അഴിച്ചുവിട്ടു. ലാ ദുകിയ്യ ആക്രമിച്ചു നാട്ടുകാരെ കൊന്നൊടുക്കുകയും സമ്പത്ത് കൊള്ളയടിക്കുകയും ചെയ്തു. സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ അവരോട് സമവായത്തിൽ വർത്തിക്കുകയും ഇസ്ലാമിലേക്ക് മടങ്ങി വരാനായി ലാദുക്കിയ്യയുടെ ഭരണ നേതൃത്വത്തിൽ അവരിൽപ്പെട്ട ളിയാപാഷയെ നിയമിക്കുകയും ചെയ്തു. അവർക്ക് പള്ളികളും സ്കൂളുകളും നിർമ്മിച്ചു നൽകി. നമസ്കാരവും നോമ്പും അനുഷ്ഠിച്ചുകൊണ്ടവർ തങ്ങൾ മുസ്ലിംകളാണെന്ന് അഭിനയിച്ചു. എന്നാൽ ളിയാപാഷ അധികാരം വിട്ടൊഴിഞ്ഞതോടെ അവർ സ്കൂളുകൾ തകർക്കുകയും പള്ളികൾ അഗ്നിക്കിരയാക്കുകയും ചെയ്തു. തഖിയ്യ എന്ന കപടനാടകം തിരിച്ചറിയാത്തതിനാൽ അവർ പലപ്പോഴും സുന്നികളെ, ചതിയിലകപ്പെടുത്തി. അഹ്ലുസ്സുന്നയുടെ രക്തം പുരണ്ട ഇരുണ്ട ചരിത്രമാണ് നുസൈരികളുടേത്. ഉസ്മാനികളോട് പിണങ്ങി സിറിയ പിടിച്ചടക്കാൻ വന്ന അവരുടെ ഗവർണർ മുഹമ്മദലി പാഷക്ക് ഉസ്മാനികളെ തോൽപിക്കാൻ സഹായിച്ചത് ദുറൂസുകളുടെ നേതാവ് അമീർ ബഷീർ ശിഹാബിയുടെ കീഴിലുള്ള സൈന്യമായിരുന്നു. ഫ്രഞ്ച് സൈന്യം ഫലസ്തീനിലെ ഉക്കാനഗരം ഉപരോധിച്ചവേളയിൽ ദുറൂസുകൾ അവരോട് എഴുത്തു കുത്തുകൾ നടത്തിയിരുന്നു. 

മുസ്ലിംകളുടെ വിശ്വാസത്തെ വികലമാക്കാൻ റഷ്യയും ജൂതന്മാരും ബ്രിട്ടീഷ് അധിനിവേശ ശക്തികളും ആസൂത്രണം ചെയ്ത പ്രസ്ഥാനമാണ് ബഹാഇസം, മുസ്ലിംകളുടെ ഐക്യം തകർക്കുക, അവരുടെ അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുക എന്നിവയെല്ലാമാണ് അതിന്റെ മുഖ്യലക്ഷ്യം. ഇറാനിലെ ശീഈ വിശ്വാസി ബഹാഉല്ലയാണിതിന്റെ സ്ഥാപകൻ, ആദ്യം മഹ്ദിയായും പിന്നീട് പ്രവാചകനായും പിന്നീട് ദിവ്യത്വവും ഇയാൾ വാദിക്കുകയുണ്ടായി. ഉസ്മാനികൾ ഇത്തരക്കാർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നത് വേദനാജനകമത്രെ. ഇത്തരം കക്ഷികൾ ഉസ്മാനി സാമ്രാജ്യത്തിനുള്ളിൽ കുഴപ്പങ്ങളും അരാജകത്വവും അസ്വസ്തകളും സൃഷ്ടിച്ചു കൊണ്ടിരുന്നു. ശത്രുക്കളുടെ കൂടി നിരന്തരമായി കുതന്ത്രങ്ങൾ മെനയാനും പ്രതിസന്ധി ഘട്ടത്തിൽ മുസ്ലിംകളെ വഞ്ചിക്കാനും അവർക്ക് മടിയുണ്ടായിരുന്നില്ല. അഹ്‌ലുസ്സുന്നയുടെ വിശ്വാസാദർശങ്ങൾ പ്രജകളുടെ മനസ്സിലും രാഷ്ട്രം ഭരിക്കുന്നവരിലും ദുർബലമായതായിരുന്നു ഇതിന് കാരണം. ഉൽകൃഷ്ട നേതൃത്വത്തിന്റെ അഭാവം


സമൂഹ പുരോഗതിക്കും സുസ്ഥിരതക്കും ഭക്തിയും വിശ്വാസ ദൃഢതയുമുള്ള നേതൃത്വം അനിവാര്യമാണ്. സമൂഹശരീരത്തിലെ ശിരസാണ് ഭരണനേതൃത്വം. മുസ്ലിം സമൂഹനേതൃത്വം അതിന്റെ പുരോഗതിയുടെ ആധാരശിലയാണെന്ന കാര്യം ഇസ്ലാമിന്റെ ശത്രുക്കൾക്കറിയാം. അതിനാൽ മതബോധമുള്ള നേതൃത്വത്തിന്റെ കരങ്ങളിൽ സമൂഹം നിയന്ത്രിക്കപ്പെടാതിരിക്കാൻ അവർ അതീവ ജാഗ്രത പുലർത്തി. ഇസ്ലാമിക രാഷ്ട്രങ്ങൾ സച്ചരിതരായ നേതൃത്വത്തിനു കീഴിൽ വരാതിരിക്കണമെന്ന് ലൂയിസ് ഒമ്പതാമൻ തന്റെ പദ്ധതിയിൽ ഉപദേശിച്ചിട്ടുണ്ട്. രാജ്യത്തെ ഭരണവ്യവസ്ഥ അഴിമതിയും കൈക്കൂലിയും വ്യാപിപ്പിച്ചും സ്ത്രീകളെ ഉപയോഗിച്ചും ദുഷിപ്പിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. അവസാന ദശകളിൽ ഉസ്മാനി നേതൃത്വത്തിൽ ഗുരുതുരമായ വീഴ്ചകൾ സംഭവിച്ചു. സൈനിക നേതൃത്വത്തിൽ, ഫ്രീമേസന്നായിരുന്ന മദ്ഹത് പാഷ അവരോധിക്കപ്പെട്ടു. ഈജിപ്ത് ഗവർണറായിരുന്ന മുഹമ്മദലി പാഷയും ഫ്രീമേസണായിരുന്നു. പണ്ഡിതന്മാർ തങ്ങളുടെ ദൗത്യം വിസ്മരിച്ച് ഭരണാധികാരികൾക്ക് മാർഗദർശനം നൽകാതെ ഗ്രന്ഥരചനയിലേർപ്പെട്ടു കഴിഞ്ഞു. "ഭരണാധികാരികൾ പണ്ഡിതന്മാരുടെ കരംചുംബിച്ച് ആദരിക്കുകയും തിന്മകൾക്കെതിരെ ഒന്നും പറയാൻ കഴിയാതെ അവരെ നിശബ്ദരാക്കുകയും ചെയ്തു. പാഷമാരും ഭരണാധികാരികളും അവരെ സമ്മാനങ്ങളും ഉയർന്ന പദവികളും നൽകി. തിന്മകൾക്കെതിരെ മിണ്ടാൻ കഴിയാതെ നിശബ്ദരാക്കി." 

ഉസ്മാനി ഭരണത്തിന്റെ അവസാന ദശകളിൽ ഖതീബ്, മുദർരിസ്, മുഫ്തി, ഇമാം, ഖാളി തുടങ്ങിയവരെ കഴിവുകൾ പരിഗണിക്കാതെ പാരമ്പര്യം പരിഗണിച്ച് നിയമിക്കാൻ തുടങ്ങി, കടുത്ത മദ്ഹബി പക്ഷപാതിത്തം, ഇജ്തിഹാദിനെ വൻ പാപവും മതനിഷേധവുമായി പരിഗണിച്ചതും പണ്ഡിതന്മാർ പുതിയ കാലത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കാതെ, പഴയകാല ഗ്രന്ഥങ്ങൾക്ക് വ്യാഖ്യാനവും ടിപ്പണിയും സംക്ഷിപ്തങ്ങളും ചമച്ച് തൃപ്തരായി കഴിഞ്ഞ്, കാലത്തിന്റെ വെല്ലുവിളികൾക്ക് നേരെ പുറം തിരിഞ്ഞിരുന്നതുമെല്ലാം ഉസ്മാനികളുടെ തകർച്ചക്ക് ഗതിവേഗം നൽകി. അക്രമങ്ങളുടെ വ്യാപനം


ശരീരത്തെ ബാധിക്കുന്ന രോഗം പോലെ രാഷ്ട്രശരീരത്തെ കാർന്നു തിന്നുന്ന മഹാമാരിയാണ് അക്രമങ്ങൾ, രാഷ്ട്രം നഷ്ടത്തിലേക്ക് കൂപ്പ് കുത്തുന്ന പ്രധാന ഘടകമാണ്. അക്രമത്തിന്റെ വ്യാപനം "ആ രാജ്യം അക്രമം കാണിച്ചപ്പോൾ അല്ലാഹു അതിനെ പിടികൂടി ശിക്ഷിച്ചു" എന്ന് വിശുദ്ധ ഖുർആൻ പറയുന്നത് കാണാം. നീതി നടപ്പാക്കുന്ന രാഷ്ട്രം മുസ്ലിംകളുടെതല്ലെങ്കിലും അല്ലാഹു നിലനിർത്തും. എന്നാൽ മുസ്ലിംകളാണെങ്കിലും അക്രമം കാണിച്ചാൽ അതിനെ നിലനിർത്തുകയില്ല എന്ന് ഇബ്നു തൈമിയ നിരീക്ഷിച്ചിട്ടുണ്ട്. ഉസ്മാനി പാഷമാരിൽ വലിയ അക്രമകാരികളും കൊള്ളക്കാരും കൊള്ളിവെപ്പുകാരുമായിരുന്നു. മുറാദ് മൂന്നാമന്റെ മന്ത്രിയായിരുന്ന ഇബ്രാഹീം പാഷ താൻ അമീറായിരുന്ന 'ദിയാർ ബകറി'ൽ വലിയ കൊള്ളയും അക്രമവും അഴിച്ചുവിട്ടു. സ്ത്രീകൾ മാനഭംഗത്തിന്നിരയായി. തനിക്കെതിരെ പരാതിപ്പെട്ടവരെയെല്ലാം നശിപ്പിക്കാനായിരുന്നു സുൽത്താന്റെ കൽപന. പീരങ്കിയുപയോഗിച്ച് നാട്ടുകാരെ നശിപ്പിച്ചു കളയുന്ന അവസ്ഥ വരെ ഉണ്ടായി. അർമേനിയയിലും മദീനയിലും മറ്റു പ്രദേശങ്ങളിലും ആയിരങ്ങളെ തുർക്കികൾ കൊന്നൊടുക്കുകയുണ്ടായി. മുഹമ്മദലി പാഷയെ പോലുള്ള ഗവർണർമാരുടെ അക്രമങ്ങൾ വിവരണാതീതമാണ്. സുൽത്താന്മാരും പാഷമാരും തങ്ങളുടെ പ്രൗഢി തെളിയിക്കാൻ ദിവസങ്ങളോളം തുടരുന്ന ആഘോഷങ്ങളും സൽക്കാരങ്ങളും സംഘടിപ്പിക്കുന്ന പതിവുകൾ ഉണ്ടായി, സുൽത്താൻ മുഹമ്മദ് വിദേശ പര്യടനം കഴിഞ്ഞു കോൺസ്റ്റാന്റിനോപ്പിളിൽ തിരിച്ചെത്തിയപ്പോൾ മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷ പരിപാടികളായിരുന്നു സംഘടിപ്പിച്ചത്. ആളുകൾ ആനന്ദത്തിൽ ആറാടി. എല്ലാതരം നിഷിദ്ധങ്ങളും അരങ്ങേറി. സുൽത്താൻ മുറാദിന്റെ മകന്റെ സുന്നത്ത് കർമത്തോടനുബന്ധിച്ച് നാൽപത്തഞ്ച് ദിവസം നീണ്ടുനിന്ന ആഘോഷപരിപാടികളിൽ അതിരുകൾ ലംഘിച്ച ഉല്ലാസങ്ങളായിരുന്നു. ഇതെല്ലാം സാമ്രാജ്യത്തിന്റെ പതനത്തിന് ഗതിവേഗം നൽകി. സുൽത്താന്മാരും പ്രാദേശിക ഭരണാധികാരികളും തമ്മിൽ നിലനിന്ന വടംവലികൾ കേന്ദ്ര ഭരണത്തിൽ നിന്ന് സ്വതന്ത്രമായി പ്രാദേശിക ഭരണകൂടങ്ങൾ സ്ഥാപിക്കുന്നതിലേക്ക് നയിച്ചതും ഇതോട് ചേർത്ത് വായിക്കേണ്ടതാണ്. - അവലംബം: അദ്ദൗലത്തുൽ ഉസ്മാനിയ്യ, അവാമിലുന്നുഹൂള്
വഅസ്ബാബുസ്സവൂത്ത് - അലി മുഹമ്മദ് സ്വല്ലാബി

No comments:

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal