} -->

ഉസ്‌മാനികൾ നഷ്ടപ്പെടുത്തിയ ഫലസ്തീൻ - ഒന്ന്


ഉസ്‌മാനികൾ നഷ്ടപ്പെടുത്തിയ 
ഫലസ്തീൻ - ഒന്ന് 

✍️ ഡോ: അബ്ദുർറഹ്മാൻ ആദൃശ്ശേരി
1492-ൽ സ്പെയിനിൽ നിന്ന് ക്രൈസ്തവരുടെ പീഢനം കാരണമായി ഒളിച്ചോടിയ യഹൂദന്മാരെ ഉസ്‌മാനി സുൽത്താൻ ബായസീദ് രണ്ടാമൻ, സ്‌ലാനിക് ഇസ്തംബൂൾ, ഇസ്മീർ തുടങ്ങിയ ഉസ്മാനി സാമ്രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ അഭയം നൽകി. 1660ൽ പോളണ്ടിലെയും ഉക്രൈനിലെയും ജൂത കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ടു വന്നവർ ഉസ്മാനി സാമ്രാജ്യത്തിൽ അഭയം തേടുകയുണ്ടായി.

പത്തൊമ്പതാം നൂറ്റാണ്ടുവരെ മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ജൂതന്മാർക്ക് ജീവിക്കാനോ തങ്ങളുടെ മതം അനുഷ്ഠിക്കാനോ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ജൂതന്മാരുടെ ചരിത്രത്തിൽ ഏറ്റവുമധികം കാലം അവർ സ്വാതന്ത്ര്യവും സന്തോഷവുമനുഭവിച്ച് ദീർഘകാലം കഴിച്ചുകൂട്ടിയ പ്രദേശങ്ങൾ ഉസ്മാനി സാമ്രാജ്യത്തിലാണ്.

ഉസ്മാനി സാമ്രാജ്യത്തിലെ തൊണ്ണൂറ് ശതമാനം ജൂതന്മാരും സഫാർദിം വശജരായിരുന്നു. സലാനിക്, ഇസ്മീർ, ഇസ്തംബൂൾ, അദിർന, ബുർസ, ഖുദ്സ്, സ്വഫ്ദ്, ശാം, കൈറോ, അങ്കാറ തുടങ്ങിയ പട്ടണങ്ങളിലായിരുന്നു ഇവരധികവും വസിച്ചിരുന്നത്. ഇസ്തംബൂളിൽ മാത്രം നാൽപതിനായിരം ജൂതന്മാർ നിവസിച്ചിരുന്നു. സ്‌ലാനിക് അന്ന് ലോകത്ത് തന്നെ ഏറ്റവുമധികം ജൂതന്മാർ വസിച്ചിരുന്ന നഗരമായിരുന്നു. വ്യാപാരരംഗത്ത് പ്രവർത്തിച്ച അവർ പതിനാറാം നൂറ്റാണ്ടിൽ ഭരണകൂടത്തിന് കടം നൽകാൻ മാത്രം സമ്പന്നരായി തീരുന്നു. അത് രാഷ്ട്രീയ രംഗത്ത് സ്വാധീനം ചെലുത്തുന്നതിനും കാരണമായി. 1844 ൽ ഒരു ലക്ഷത്തി എഴുപതിനായിരവും 1905ൽ രണ്ട് ലക്ഷത്തി അമ്പതിനായിരവുമായി ഫലസ്തീനിൽ ജൂത ജനസംഖ്യ വർദ്ധിച്ചു.


പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഫലസ്തീനിലേക്കുള്ള ജൂതന്മാരുടെ ഒഴുക്ക് ശക്തിപ്പെട്ടു. കച്ചവടക്കാരുടെയും നിക്ഷേപകരുടെയും രൂപത്തിലായിരുന്നു അതിന്റെ തുടക്കം. നാട്ടുകാർ ഒഴിവാക്കി പോയ വെളിപ്രദേശങ്ങൾ വിലക്ക് വാങ്ങി കൃഷിഭൂമികളാക്കി മാറ്റി, പിന്നീട് യൂറോപ്പിലെ കലാപ ഭൂമിയിൽ നിന്ന് അഭയാർത്ഥികളെന്ന രീതിയിൽ അവരുടെ ഒഴുക്ക് ശക്തിപ്പെട്ടു. 1840 ൽ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിസ്കൗണ്ട് പാൽമർസ്റ്റൺ തന്റെ കോൺസ്റ്റാന്റിനോപ്പിളിലെ അംബാസിഡർക്ക് കത്തെഴുതി, യൂറോപ്പിൽ നിന്നുള്ള ജൂതന്മാരെ ഫലസ്തീനിലേക്ക് ക്ഷണിച്ചാൽ ഉണ്ടാവുന്ന നേട്ടങ്ങളെ കുറിച്ച് ഉസ്മാനി സുൽത്താനെ ബോധവൽക്കരിക്കാൻ ആവശ്യപ്പെട്ടു. അത് യൂറോപ്യന്മാർക്കിടയിൽ നല്ല പേര് സമ്പാദിക്കാനും, സ്വാധീനശക്തിയും സമ്പന്നതയുമുള്ള ജൂതന്മാരുടെ സാന്നിധ്യം ഖിലാഫത്തിനു ശക്തി പകരുമെന്നും അദ്ദേഹത്തെ തെര്യപ്പെടുത്തി. റഷ്യയിൽ നിന്നും ഉസ്മാനികൾ ഭീഷണി നേരിട്ടിരുന്ന പ്രസ്തുത ഘട്ടത്തിൽ ബ്രിട്ടന്റെ സമ്മർദ്ദങ്ങൾക്ക് കീഴടങ്ങാൻ നിർബന്ധിതരായി. മുഹമ്മദലി പാഷക്കെതിരിൽ ബ്രിട്ടന്റെ സഹായം ആവശ്യമായ അവസ്ഥയിൽ പ്രത്യേകിച്ചും. 1835ൽ ബ്രിട്ടീഷ് ജൂതനും സമ്പന്നനുമായ മോസ മോണ്ട് ഫ്യൂറി ഫലസ്തീനിലേക്ക് കുടിയേറി. യൂറോപ്യൻ ജൂതന്മാരുടെ ഫലസ്തീൻ കുടിയേറ്റത്തിന് തുടക്കം കുറിക്കപ്പെട്ടു. മുഹമ്മദലി പാഷ യെശാമിൽ നിന്ന് തുരത്താൻ സൈന്യത്തെ നിയോഗിച്ച സുൽത്താൻ ഫലസ്തീനിലേക്കുള്ള അനധികൃത ജൂത കുടിയേറ്റത്തെ നിയന്ത്രിക്കാൻ ഒന്നും ചെയ്തില്ല. മേഖലയിൽ ജൂതമേധാവിത്തം അരക്കിട്ടുറപ്പിക്കാൻ ശക്തമായ സാമ്പത്തിക അടിത്തറ പാകാനായി ബാങ്കുകളുടെ ഒരു ശൃംഖല തന്നെ അദ്ദേഹം സ്ഥാപിച്ചു. സാമ്പത്തിക നിക്ഷേപ നിയമങ്ങളുടെ മറപിടിച്ച് മോണ്ട് ഫ്യൂറി ഹെബ്രോണിലും യാഫയിലും വലിയ കാർഷിക മേഖലകൾ സ്ഥാപിച്ചു. 1854ൽ ഉസ്മാനി സുൽത്താനിൽ നിന്ന് പശസ്തീനിൽ ഭൂമി വാങ്ങാനുള്ള അനുമതിയുടെ വെളിച്ചത്തിലായിരുന്നു അത്. തന്റെ ഭൂമിയിൽ വിദേശ ജൂതന്മാർ നിയന്ത്രിക്കുന്ന ഒരു ജൂത കുടിയേറ്റ മേഖല തന്നെ മൗണ്ട് ഫ്യൂറി എന്ന പേരിൽ ഖുദ്സിൽ സ്ഥാപിക്കപ്പെട്ടു.

മൗണ്ട് ഫ്യൂറിയുടെ ശ്രമഫലമായി 1500 മാത്രമായിരുന്ന ഫലസ്തീനിലെ ജൂത ജനസംഖ്യ 1840ൽ പതിനായിരമായും ഉസ്മാനി സാമ്രാജ്യത്തിന്റെ അവസാന ഘട്ടത്തിൽ പതിനായിരങ്ങളായും വർദ്ധിച്ചു. അബ്ദുൽ ഹമീദ് രണ്ടാമന്റെ കാലത്ത് (1876 - 1909) 1879ൽ സൂയസ് കനാൽ പണി പൂർത്തിയായതോടെ മേഖലക്ക് സാമ്പത്തിക നയതന്ത്ര രംഗങ്ങളിൽ പ്രാധാന്യം വർദ്ധിച്ചപ്പോൾ ഫലസ്തീനിലേക്കുള്ള ജൂത കുടിയേറ്റത്തിന്റെ ഒഴുക്ക് വർദ്ധിച്ചു. ഇതേ കാലത്ത് തന്നെ, യൂറോപ്പിൽ വേൾഡ് സയണിസ്റ്റ് ഫോറം, നാഷണൽ ജൂസ് ഫണ്ട്, ജൂസ് ഏജൻസി തുടങ്ങിയ സംഘടനകൾ നിലവിൽ വന്നു. ഫലസ്തീനിൽ ഭൂമി വിലക്ക് വാങ്ങി ജൂതന്മാരുടെ കുടിയേറ്റ മേഖലകൾ സ്ഥാപിച്ചു ആ നാടിനെ അധിനിവേശപ്പെടുത്തുകയായിരുന്നു ഇവയുടെയെല്ലാം പ്രഖ്യാപിത ലക്ഷ്യങ്ങൾ. സുൽത്താൻ അബ്ദുൽ ഹമീദോ, സിൽബന്ദികളോ ഇതിനെതിരിൽ ചെറുവിരലനക്കിയില്ല. എന്നാൽ ഈജിപ്തിലെയും ശാമിലെയും പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്താൻ സുൽത്താൻ യാതൊരു അമാന്തവും കാണിച്ചില്ല. 1887 ൽ ഖുദ്സിന്റെ ഭരണത്തിന് മാത്രമായി ശാമിൽ നിന്ന് സ്വതന്ത്രമായി സുൽത്താന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഒരു പ്രാദേശിക ഭരണകൂടം സ്ഥാപിക്കാൻ സുൽത്താൻ കൽപന പുറപ്പെടുവിക്കുകയുണ്ടായി. യൂറോപ്പിൽ ജൂതന്മാർക്കെതിരിൽ അതിക്രമം വർദ്ധിച്ച ഘട്ടത്തിൽ അവരോട് തന്റെ സാമ്രാജ്യത്തിന് കീഴിലുള്ള പ്രദേശങ്ങളിൽ വന്ന് താമസിക്കാനും ഉസ്മാനി പൗരത്വം നേടാനും അഭ്യർത്ഥിക്കുകയുണ്ടായി. അവർക്ക് ജോലിയും സ്ഥിരതാമസവും ഉറപ്പു നൽകി. ജൂതന്മാരെ നികുതി ഭാരത്തിൽ നിന്നും സൈനിക സേവനത്തിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. സുൽത്താൻ അബ്ദുൽ ഹമീദിന്റെ കാലത്ത് ഫലസ്തീനിലെ യഹൂദ ജനസംഖ്യ പതിന്മടങ്ങ് ഇരട്ടിച്ചു. 1909ൽ അവർ ഫലസ്തീനിൽ നാല് ലക്ഷം ഹെക്ടർ വിസ്തൃതി വരുന്ന ഭൂപ്രദേശം സ്വന്തമാക്കി. ഇതിൽ പകുതിയിലധികവും ആഗോള ജൂത മുതലാളിയും ഫ്രീമേസണറിയുമായ റോത്ഷീൽഡിന്റെ ഉടമസ്ഥതയിലായിരുന്നു. ഇയാൾ സുൽത്താനുമായി ഗാഢമായ സുഹൃദ്ബന്ധം പുലർത്തിയിരുന്ന ആളായിരുന്നു. അതേ വർഷം അവർ "യാഫ"ക്ക് സമീപം "ടെൽഅവീവ്" നഗരം പണിതു. അതാണ് പിന്നീട് ഇസ്രായേലിന്റെ തലസ്ഥാന നഗരിയായി മാറിയത്.

സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമന്റെ കാലത്ത് ഫലസ്തീനിലേക്ക് ജൂതന്മാരുടെ ആസൂത്രിതമായ കുടിയേറ്റത്തിന് തുടക്കം കുറിച്ചിരുന്നു. സ്വഫ്ദ്, ഹെബ്രോൺ, ഖുദ്സ്, തബ്‌രിയ തുടങ്ങിയ നഗരങ്ങളുടെ പ്രാന്തങ്ങളിൽ നഗരരൂപത്തിലുള്ള ജൂത ആവാസകേന്ദ്രങ്ങൾ രൂപപ്പെട്ടു. ജൂതന്മാർ അവിടങ്ങളിൽ സ്കൂളുകൾ, ഫാക്ടറികൾ, ഹോസ്പിറ്റലുകൾ, ബാങ്കുകൾ എന്നിവയുടെ ശൃംഖലകൾ തന്നെ നിർമിക്കുകയുണ്ടായി. സുൽത്താൻ അബ്ദുൽ ഹമീദിന്റെ കാലത്ത് ഇത്തരത്തിലുള്ള നൂറ് ജൂത കുടിയേറ്റ കേന്ദ്രങ്ങൾ ഫലസ്തീനിൽ സ്ഥാപിതമായി. അപ്രകാരം ജൂത കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന ദശക്കണക്കിന് ഏജൻസികളും ബാങ്കുകളും കമ്പനികളും സജീവമായി പ്രവർത്തിച്ചു.

1897ൽ ഹെർസലിന്റെ നേതൃത്വത്തിൽ യഹൂദി ഏജൻസി രൂപീകരിക്കപ്പെട്ടു. റോത്ഷീൽഡിന്റെ മേൽനോട്ടത്തിലായിരുന്നു അത് പ്രവർത്തിച്ചത്. ഫലസ്തീനിൽ ധാരാളം ഭൂമിയും ആവാസകേന്ദ്രങ്ങളും സ്കൂളുകളും ഹോസ്പിറ്റലുകളും കമ്പനികളും നിക്ഷേപങ്ങളും ജൂതന്മാർക്ക് വേണ്ടി തയ്യാറാക്കി. 1900ൽ പ്രാദേശിക യഹൂദ നിധി രൂപീകരിക്കപ്പെട്ടു. ഫലസ്തീനിൽ ഭൂമി വാങ്ങുന്നതിന് ജൂതന്മാരെ സഹായിക്കുവാനായിരുന്നു ഇത് സ്ഥാപിച്ചത്. ഇസ്രായേൽ രാഷ്ട്രത്തിന്റെ പിതാവും സയണിസ്റ്റ് ആചാര്യനുമായ തിയഡോർ ഹെർസൽ 1896-1902 കാലഘട്ടത്തിൽ ആറ് തവണ സുൽത്താൻ അബ്ദുൽ ഹമീദുമായി കൂടിക്കാഴ്ച നടത്തി. ഇതിൽ രണ്ട് തവണ സുൽത്താന്റെ ചിലവിലും ആതിഥ്യത്തിലുമായിരുന്നു കൂടിക്കാഴ്ചക്ക് വേദിയൊരുങ്ങിയത്. ഫലസ്തീനിലേക്കുള്ള ജൂത കുടിയേറ്റത്തിനെതിരെ പ്രസ്താവനകൾ ധാരാളമായി നടത്തിയെങ്കിലും പല കാരണങ്ങളാൽ അതൊന്നും നടപ്പിലാക്കാൻ സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമത് സാധിച്ചില്ലെന്ന് വേണം കരുതാൻ.

1882 ജൂൺ ഇരുപത്തി ഒമ്പതിന് ഫലസ്തീനിലേക്കുള്ള ജൂത കുടിയേറ്റത്തെ വിലക്കി കൊണ്ട് ഖുദ്സിലെ അധികൃതർക്ക് ഉത്തരവ് നൽകുകയുണ്ടായി. എന്നാൽ പ്രസ്തുത തീരുമാനം വിദേശ രാഷ്ട്രങ്ങളുടെ പൗരന്മാർക്ക് ഉസ്മാനിയ ഭരണത്തിനു കീഴിലുള്ള ഏത് പ്രദേശത്തും സഞ്ചരിക്കാനും താമസിക്കാനുമുള്ള സവിശേഷാധികാരം നൽകുന്ന കരാറിന്റെ ലംഘനമായിരുന്നതിനാൽ അത് നടപ്പാക്കാൻ സാധിക്കുമായിരുന്നില്ല. അതുകൊണ്ട് തന്നെ റഷ്യ, ഫ്രാൻസ്, ജർമനി, ഓസ്ട്രിയ, ബ്രിട്ടൻ എന്നീ രാഷ്ട്രങ്ങൾ ഈ തീരുമാനത്തിനെതിരിൽ രംഗത്തു വരികയുണ്ടായി. അതുകൊണ്ട് തന്നെ ഫലസ്തീനിലെ യഹൂദ കുടിയേറ്റത്തെ നിയന്ത്രിക്കാനോ നിരോധിക്കാനോ ഉസ്മാനികൾക്ക് സാധിച്ചില്ല.

ഇതേ അധികാരം ഉപയോഗിച്ച് ബ്രിട്ടൻ 1884-85 കാലയളവിൽ ധാരാളം സ്കൂളുകൾ ജൂതന്മാർക്ക് വേണ്ടി നിർമ്മിക്കുകയുണ്ടായി. അറബ് യഹൂദ സംഘർഷത്തെ തുടർന്ന് 1886ൽ വീണ്ടും ഫലസ്തീനിലേക്കുള്ള യഹൂദി കുടിയേറ്റത്തിന് നിയന്ത്രണമേർപ്പെടുത്തിയെങ്കിലും യൂറോപ്യൻ രാഷ്ട്രങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് അത് പിൻവലിക്കേണ്ടി വന്നു. താമസ കാലാവധി കഴിഞ്ഞ വിദേശ ജൂതന്മാരെ ഫലസ്തീനിൽ നിന്ന് പുറത്താക്കാൻ ഓരോ നാടിന്റെയും കോൺസുലേറ്റുകൾ നടപടിയെടുക്കണമെന്ന് കൊട്ടാരം ഫലസ്തീൻ അധികൃതരെ അറിയിച്ചെങ്കിലും കോൺസ്റ്റാന്റിനോപ്പിളിലെ തങ്ങളുടെ എംബസികളിൽ നിന്ന് നിർദേശങ്ങൾ ലഭിക്കാതെ അത് നടപ്പാക്കാനാവില്ലെന്ന് പറഞ്ഞ് അവർ തള്ളിക്കളയുകയായിരുന്നു.

1888-89ൽ ഉസ്മാനിയ സാമ്രാജ്യത്തിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ജൂത കുടിയേറ്റക്കാരെ നിയന്ത്രിക്കാൻ ഖുദ്സ് അതോറിറ്റി തലവൻ റഊഫ് പാഷ ശ്രമിച്ചെങ്കിലും കോൺസ്റ്റാന്റിനോപ്പിളിൽ നിന്ന് അനുകൂല പ്രതികരണമുണ്ടായില്ല. ഖുദ്സിലെ യൂറോപ്യൻ രാഷ്ട്രങ്ങളുടെ കോൺസുലേറ്റ് അധികൃതരുടെ ഒത്താശയോടും തുറമുഖ അധികൃതർക്ക് കൈക്കൂലി നൽകിയും ജൂത കുടിയേറ്റം നിർബാധം തുടർന്നു.

ചുരുക്കത്തിൽ ഈ കുടിയേറ്റത്തിനെതിരെ ഇരുട്ടിൽ തപ്പുന്ന നിലപാട് സ്വീകരിച്ച ഉസ്മാനികൾക്ക് അതിന്റെ ദുരന്തഫലം കാണേണ്ടിവന്നു. 1890ൽ ചരിത്രത്തിലാദ്യമായി ഖുദ്സ് പട്ടണം യഹൂദ ഭൂരിപക്ഷ പ്രദേശമായി മാറി. 1890ൽ ഉസ്മാനി ആസ്ഥാനവുമായും, റഷ്യ, റൊമാനിയ തുടങ്ങിയ രാഷ്ട്രങ്ങളുടെ സഹകരണത്തോടെയും ഫലസ്തീനിലെ ജൂത കുടിയേറ്റത്തെ ത്വരിതപ്പെടുത്താൻ അമേരിക്കയുടെ ഇടപെടൽ വിജയം കണ്ടു. 1891ൽ "സിയോൺ ഫ്രണ്ട്സ് മൂവ്മെന്റ്", ഫലസ്തീനിൽ ഭൂമി വാങ്ങുക എന്ന ലക്ഷ്യത്തോടെ യാഫയിൽ ഓഫീസ് തുറന്നു.

ഇങ്ങനെ യഹൂദ കുടിയേറ്റം യാഥാർത്ഥ്യമായി മാറുകയായിരുന്നു. ഫലസ്തീൻ ഭൂമിയിലേക്ക് യഹൂദരുടെ കുടിയേറ്റത്തിന് ഗതിവേഗം വർദ്ധിക്കാൻ സയണിസ്റ്റുകൾ കോൺസ്റ്റാന്റിനോപ്പിളിലെ വിദേശ രാഷ്ട്രങ്ങളുടെ കോൺസുലേറ്റുകളിൽ കൈക്കൂലിയും മറ്റു മാർഗങ്ങളുമുപയോഗിച്ച് ശക്തമായ ചരടുവലികൾ നടത്തി. ഇങ്ങനെ തീർത്ഥാടക വേഷത്തിൽ ജൂതന്മാർ യഥേഷ്ടം ഫലസ്തീനിലെത്തി കൊണ്ടിരുന്നു.1891 ദുൽഖഅ്ദ 21, 28, 29 ദിവസങ്ങളിൽ ഫലസ്തീനിലെ യഹൂദ കുടിയേറ്റത്തിന്റെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി സുൽത്താൻ അബ്ദുൽ ഹമീദ് തുടർച്ചയായി വിളംബരം പുറപ്പെടുവിച്ചു. വിഷയത്തിന്റെ ഗൗരവത്തെ കുറിച്ച് സുൽത്താൻ ബോധവാനായിരുന്നുവെന്നാണ് ഇത് കാണിക്കുന്നത്. യൂറോപ്യൻ ശക്തികളുടെ സഹായത്തോടെ ഉസ്മാനി സാമ്രാജ്യത്തിന്റെ ഏത് ഭാഗത്ത് കഴിയുന്ന ജൂതന്മാരെയും ഫലസ്തീനിലേക്ക് കയറ്റി അവിടെ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കാനുള്ള ഹീന പദ്ധതിയെക്കുറിച്ച് അറിയാമായിരുന്നുവെന്ന് 1895ൽ സുൽത്താൻ തുറന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാൽ സുൽത്താന്റെ വിളംബരങ്ങൾ ഏട്ടിലെ പശുവായി അവശേഷിക്കുകയാണുണ്ടായത്. അത് നടപ്പിൽ വരുത്താനുള്ള യാതൊരു ഇച്ഛാശക്തിയും അവർക്കുണ്ടായിരുന്നില്ല.

1891 കളിൽ അൽ അഹ്റാം പത്രത്തിൽ ഫലസ്തീനിലേക്കുള്ള ജൂത കുടിയേറ്റത്തെക്കുറിച്ച് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. കൈക്കൂലി വാങ്ങി ജൂത നുഴഞ്ഞുകയറ്റത്തെ കണ്ടില്ലെന്നു നടിക്കുന്ന ഫലസ്തീൻ അതോറിറ്റിയുടെ നിലപാടിനെതിരെ റിപ്പോർട്ട് വിരൽ ചൂണ്ടുന്നുണ്ട്.

1882 മുതൽ 1896 വരെയുള്ള കാലയളവിൽ ഫലസ്തീനിലേക്കുള്ള യഹൂദ കുടിയേറ്റത്തെ നിയന്ത്രിക്കാൻ പല തീരുമാനങ്ങളും വിളംബരങ്ങളും പുറപ്പെടുവിച്ചെങ്കിലും ഇതിനെതിരിൽ ജൂതന്മാർ കോൺസ്റ്റാന്റിനോപ്പിളിൽ നേരിട്ടു ഇടപെട്ടു കൊണ്ടു തങ്ങൾക്ക് നൽകിയ സവിശേഷ അധികാരത്തിന്റെ ലംഘനമെന്ന പേരിൽ യൂറോപ്യൻ രാഷ്ട്രങ്ങളുടെ സമ്മർദ്ദം കൊണ്ടും പ്രസ്തുത തീരുമാനങ്ങളിൽ ഉസ്മാനികൾക്ക് വെള്ളം ചേർക്കേണ്ടി വന്നു.

ഫലസ്തീനിലേക്ക് കുടിയേറ്റക്കാരായ ജൂതന്മാരുടെ ഒഴുക്ക് ശക്തിപ്പെട്ടപ്പോൾ 1897ൽ അങ്ങോട്ടുള്ള കുടിയേറ്റത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ ഒരു പ്രത്യേക സമിതി രൂപീകരിക്കപ്പെട്ടു. ജൂത ഉദ്യോഗസ്ഥന്മാർക്ക് കൈക്കൂലി നൽകിയാണ് ഫലസ്തീനിലേക്ക് പ്രവേശിക്കുന്നതെന്നും അവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാത്തതിനാൽ ഇത്തരം നിയമങ്ങൾ ഫലപ്രദമല്ലെന്നും സമിതി കണ്ടെത്തുകയുണ്ടായി. ഫലസ്തീൻ അതോറ്റിയുടെ അഡ്മിനിസ്ട്രേറ്റർമാരായിരുന്ന മുഹമ്മദ് തൗഫീഖ് ബക് (1897-1901), അഹ്മദ് റഷീദ് ബക്(1904-1906), അലി അക്റം ബക് (1906-1908) എന്നിവർ മേഖലയിലെ ജൂത അധിനിവേശത്തിനെതിരിൽ ശക്തമായ നിലപാട് സ്വീകരിച്ചവരായിരുന്നു.

ഫലസ്തീനിലേക്കുള്ള യഹൂദരുടെ അനധികൃത കുടിയേറ്റത്തിന്റെ അപകടത്തെക്കുറിച്ച് സുൽത്താൻ അബ്ദുൽ ഹമീദിനെ നിരന്തരമായി അവർ കത്തുകളയച്ച് ഓർമ്മപ്പെടുത്തി. ശാക്തിക രാഷ്ട്രങ്ങളോട് ഇതിനെ സഹായിക്കുന്ന തങ്ങളുടെ കോൺസുലേറ്റുകളുടെ നിലപാടിനെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെടാനും അവർ സുൽത്താനോടാവശ്യപ്പെട്ടെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ല.

1898ൽ തങ്ങളുടെ കോൺസുലേറ്റുകൾ വഴി നൂറുകണക്കിന് അമേരിക്കൻ ജൂതന്മാർക്ക് ഫലസ്തീനിൽ പ്രവേശിക്കാൻ സൗകര്യം ലഭിച്ചു. റഷ്യയിൽ നിന്നുള്ള ജൂതന്മാർ ഫലസ്തീനിൽ എത്തിയ പാടെ ബ്രിട്ടീഷ് പൗരന്മാരായി മാറി അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. ഒന്നാം സയണിസ്റ്റ് സമ്മേളനത്തിന്റെ പശ്ചാതാപത്തിൽ 1899 ഫലസ്തീനിലേക്കുള്ള ജൂത കുടിയേറ്റത്തെ വിലക്കി കൊണ്ട് ഉസ്മാനികൾ ഒരു പുതിയ വിളംബരം നടത്തിയിരുന്നു. ഫലസ്തീനിൽ ജൂത രാഷ്ട്രം സ്ഥാപിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സയണിസ്റ്റ് സമ്മേളനത്തിന്റെ തീരുമാനം തന്റെ വാഷിംഗ്ടണിലെ അംബാസിഡർ മുഖേന സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ അറിഞ്ഞിരുന്നു.

1900 ലും ഫലസ്തീനിലേക്കുള്ള ജൂത കുടിയേറ്റത്തെ വിലക്കി കൊണ്ടുള്ള പുതിയ ഒരു ഉത്തരവ് സുൽത്താൻ പുറപ്പെടുവിച്ചു. തീർത്ഥാടന ലക്ഷ്യത്തോടെ ഫലസ്തീൻ സന്ദർശിക്കുന്ന ജൂതന്മാർ മൂന്ന് മാസത്തേക്കുള്ള ചുവപ്പ് നിറത്തിലുള്ള എൻട്രി പാസ് വാങ്ങുകയും തങ്ങളുടെ പാസ്പോർട്ടുകൾ, പാസ്പോർട്ട് ഉദ്യോഗസ്ഥന്റെ പക്കൽ ഏൽപ്പിക്കണമെന്നൊക്കെ ഈ ഉത്തരവിൽ ഉണ്ടായിരുന്നു. എന്നാൽ ഫലസ്തീനിലെത്തുന്ന ജൂതന്മാരിൽ തൊണ്ണൂറ് ശതമാനം പേരും കൃത്രിമ പാസ്പോർട്ടുകൾ ഉപയോഗിച്ചിരുന്നത് കൊണ്ട് ഈ ഉത്തരവുകളൊന്നും ഫലപ്രദമായി നടപ്പാക്കാൻ സാധിച്ചിരുന്നില്ല എന്ന് ഖുദ്സ് അതോറിറ്റി അഡ്മിനിസ്ട്രേറ്റർ അക്റം ബക് തന്നെ പരിതപ്പിക്കുന്നത് കാണാം. എന്നാൽ കരസമുദ്രാതിർത്തികളിൽ കൂടി നിയമവിരുദ്ധമായി ഫലസ്തീൻ ഭൂമിയിലേക്ക് നുഴഞ്ഞു കയറുന്നവരെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും സിവിൽ സൈനിക നീക്കങ്ങൾ നടത്തുകയോ കൈക്കൂലിക്കാരെ നിയന്ത്രിക്കാൻ യാതൊരു നടപടിയോ ഫലസ്തീൻ അതോറിറ്റിയുടെയോ ഉസ്മാനി തലസ്ഥാനത്തുനിന്നോ ഉണ്ടായില്ല.

വിദേശ ജൂത കുടിയേറ്റത്തിനെതിരെ ഇറക്കിയ ഉത്തരവിനെതിരെ പതിവുപോലെ അമേരിക്ക, ബ്രിട്ടൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ അംബാസിഡർമാർ സുൽത്താനോട് തങ്ങളുടെ പ്രതിഷേധം അറിയിച്ചു. പ്രതിഷേധം തണുപ്പിക്കാൻ 1901ൽ സുൽത്താൻ സയണിസ്റ്റ് നേതാവായ ഹെർസലിനോട് അഭിമുഖത്തിന് തയ്യാറാവുകയും മുഴുവൻ രാജ്യങ്ങളിൽ നിന്നുള്ള ജൂതന്മാർക്ക് പ്രവേശനാനുമതി നൽകുകയും ഉസ്മാനി സാമ്രാജ്യത്തിൽ വസിക്കുന്ന പ്രജകൾക്കുള്ള മുഴുവൻ അവകാശങ്ങളും അവിടെയുള്ള യഹൂദന്മാർക്കും വകവെച്ചു കൊടുക്കുകയും ചെയ്തു. അതോടെ ഉസ്മാനി ഭൂപ്രദേശങ്ങളിൽ അധിവസിക്കുന്ന ഏത് ജൂതന്മാർക്കും ഫലസ്തീനിൽ ഭൂമി സ്വന്തമാക്കാനുള്ള അവസരം കൈവന്നു. 1905ൽ റഷ്യയിൽ ജൂതന്മാർക്കെതിരിലുള്ള പീഡനം വർദ്ധിച്ചു. അതേ തുടർന്നു ഫലസ്തീനിലേക്ക് അവരുടെ പാലായനം വർദ്ധിച്ചു. ഇത് 1908ൽ അബ്ദുൽ ഹമീദ് രണ്ടാമന്റെ അധികാരത്തിന് അന്ത്യം കുറിക്കുന്നത് വരെ തുടർന്നു.

1907ൽ എട്ടാം സയണിസ്റ്റ് സമ്മേളനത്തിൽ വൈസ്മാൻ ഉസ്മാനികളുടെ പരാജയം തുറന്നുകാട്ടി ഇങ്ങനെ പ്രസ്താവിച്ചു. "നമ്മൾ ഫലസ്തീനിൽ കടക്കുന്നത് വിലക്കി കൊണ്ടുള്ള ഉസ്മാനികളുടെ വിളംബരങ്ങളെക്കുറിച്ച് നിങ്ങളോട് പലരും പറയുന്നുണ്ടാകും. ഞാനീ വിടുവായത്തങ്ങളെല്ലാം തള്ളിക്കളയുന്നു. നമ്മുടെ മനക്കരുത്തും നിശ്ചയദാർഢ്യവും അവരുടെ ഏത് വിളംബരത്തെയും മറികടക്കും." ചുരുക്കത്തിൽ ജൂതന്മാർ ഫലസ്തീനിലേക്ക് കുടിയേറുന്നതിനെതിരിൽ പ്രായോഗികമായി യാതൊരു നടപടിയും സ്വീകരിക്കാതെ കേവലം വിളംബരങ്ങൾ പുറപ്പെടുവിക്കുക മാത്രമായിരുന്നു സുൽത്താൻ അബ്ദുൽ ഹമീദ് ചെയ്തത്.

1908ൽ ഫലസ്തീനിലെ ജൂത ജനസംഖ്യ വീണ്ടും എൺപതിനായിരമായി ഉയർന്നു. അഥവാ 1882ൽ ഉണ്ടായിരുന്ന അവരുടെ ജനസംഖ്യയുടെ മൂന്നിരട്ടി. കുടിയേറ്റം നിരോധിച്ചതിന് ശേഷം വന്ന അനധികൃത കുടിയേറ്റക്കാർ അൻപതിനായിരം വരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഉസ്മാനി അധികൃതരുടെ ഒത്താശയോടെ ജൂതന്മാർക്ക് ഫലസ്തീനിലേക്ക് കുടിയേറാനും അവിടെ അറുപത്തിഎട്ട് ജൂത സെറ്റിൽമെന്റുകൾ സ്ഥാപിക്കാനുമായി 1908 ഓടെ അവർ ഖുദ്സ്, ഹെബ്രോൺ, സ്വഫ്ദ്, തബ്‌രിയ എന്നിവിടങ്ങളിൽ പരിമിതപ്പെടുത്താതെ, യാഫ, ഹൈഫ തുടങ്ങിയ സ്ഥലങ്ങളിലേക്കും കുടിയേറ്റം വ്യാപിപ്പിച്ചു. ഫലസ്തീനിലെ സാമൂഹിക സാമ്പത്തിക രംഗം മെച്ചപ്പെടുകയും ജീവിത നിലവാരം ഉയരുകയും അടിസ്ഥാന മേഖലകളായ ഭൂമിയുടെയും നിർമാണ മേഖലകളുടെയും വില വർദ്ധിക്കുകയും ചെയ്തു. കാർഷിക-വ്യവസായിക പഠന കേന്ദ്രങ്ങൾ സ്ഥാപിച്ചു ജൂത സാന്നിധ്യത്തിന്റെ അസ്ഥിവാരം കുറിച്ചു.

മേധാവിത്ത രാഷ്ട്രങ്ങളുടെ കോൺസുലേറ്റുകൾ തങ്ങളുടെ സവിശേഷാധികാരത്തിന്റെ മറവിൽ ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. യൂറോപ്യൻ രാഷ്ട്രങ്ങൾ പുറത്താക്കുന്ന ജൂതന്മാരെ ഫലസ്തീനിൽ കുടിയേറി പാർക്കാൻ അവർ തങ്ങളുടെ അധികാരമുപയോഗപ്പെടുത്തി. അവർക്ക് ഉയർന്ന പൗരാവകാശങ്ങൾ നൽകാൻ അവർ ഉസ്മാനി ഭരണാധികാരികളെ നിർബന്ധിച്ചു. നിയന്ത്രണങ്ങൾ ഉണ്ടായിരുന്നത് സംഘടിതമായി വരുന്നവർക്ക് മാത്രമായിരുന്നു. കുടുംബങ്ങളെ കൂട്ടി ഫലസ്തീനിലെത്തുന്നവർക്ക് യാതൊരു തടസ്സങ്ങളുമുണ്ടായിരുന്നില്ല. ഒരു ജൂതനെ അയാളുടെ നാട്ടിലേക്ക് തിരിച്ചയക്കാൻ ഫലസ്തീൻ അധികൃതർ ശ്രമിച്ചാൽ അയാളുടെ രാജ്യത്തെ എംബസി ഇടപെട്ട് കേന്ദ്രത്തെ കൊണ്ട് അത് ദുർബലപ്പെടുത്തുന്ന അവസ്ഥയായിരുന്നു. സയണിസ്റ്റ് ആചാര്യൻ ഹെർസൽ ഫലസ്തീൻ പ്രശ്നത്തിൽ സുൽത്താൻ അബ്ദുൽ ഹമീദിനെ സന്ദർശിച്ചു. സുൽത്താൻ അദ്ദേഹത്തിന്റെ ആവശ്യം നിരാകരിച്ചെങ്കിലും അദ്ദേഹത്തിന് ഉസ്മാനി പുരസ്കാരം നൽകുകയും യൂറോപ്യൻ രാഷ്ട്രങ്ങളിൽ നിന്ന് രണ്ട് ലക്ഷം തുർക്കി ലിറ കടമായി ലഭിക്കാൻ മധ്യസ്ഥം വഹിക്കാനും അദ്ദേഹത്തോടാവശ്യപ്പെട്ടു. ഫലസ്തീനിൽ ജൂതരാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യവുമായി 1901ൽ വീണ്ടും ഹെർസൽ സുൽത്താനെ സന്ദർശിച്ചു. അനുകൂല പ്രതികരണം ലഭിച്ചില്ലെങ്കിലും ചർച്ചകൾക്കുള്ള വാതിൽ തുറക്കപ്പെടുകയും ജൂത കുടിയേറ്റത്തെ ബാധിക്കുന്ന പ്രതികൂല നടപടികൾ ഉണ്ടാവില്ലെന്ന് ഉറപ്പ് ലഭിക്കുകയും ചെയ്തു.

ചുരുക്കത്തിൽ സുൽത്താൻ അബ്ദുൽ ഹമീദിന്റെ ഭരണകാലത്ത് മോണ്ട് ഫ്യൂറി, ലോറൻസ് ഒലിഫാന്റ് മിക്‌വേ ഇസ്രായിൽ, പെറ്റാടികവ്, റിഷൻലി സിയോൺ, റോഷ്പിന്ന തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെ ജൂതന്മാരുടെ നൂറിൽപരം യഹൂദ ഹൗസിംഗ് കോളനികൾ ഫലസ്തീനിൽ സ്ഥാപിക്കപ്പെട്ടു. ഡോ. ഫദ്‌വ നസീറാത് എഴുതിയ "ഫലസ്തീനിൽ സയണിസ്റ്റ് ആധിപത്യം സൗകര്യമൊരുക്കിയതിൽ സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമന്റെ പങ്ക്" എന്ന കൃതിയിൽ ഇതിന്റെ മുഴുവൻ വിശദാംശങ്ങളുമുണ്ട്.

ഫലസ്തീനിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ജൂതന്മാരെ അവിടെ ഭൂമി വാങ്ങി സൗകര്യങ്ങളൊരുക്കാൻ യൂറോപ്പിൽ ധാരാളം സംഘങ്ങളും സംഘടനകളും ഏജൻസികളും നിലവിൽ വന്നു. Alliance Israelite Universal, Bilium, PICA, Hibbatzion, The Jewish Colonization Association, Jewish National Fund, Jewish Colonial Trust, Per Deustscnen Juden, Palestine Land Development Co, The Anglo Palastine Book തുടങ്ങിയവ ഇതിൽ ചിലതാണ്.(തുടരും)

No comments:

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal